SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.30 PM IST

ജീവിതം ഉപന്യസിക്കുമ്പോൾ...

myilpeeli

മയിൽപ്പീലി

വായ്ക്കുരുചിയായി ഒന്നുറങ്ങിയിട്ട് വർഷങ്ങളായി. ബാങ്കിലെ കാഷ് കൗണ്ടറിന് മുന്നിൽ ഉറക്കക്ഷീണത്തോടെ നിന്ന ആ വീട്ടമ്മ പറഞ്ഞത് കേട്ട് അജിത് അമ്പരന്നു. ഒരുദിവസം ഉറക്കമൊഴിഞ്ഞാൽപോലും ഒന്നുരണ്ടുദിവസം അതിന്റെ ക്ഷീണമുണ്ടാകും. കുടിശിക സഹിതം ഉറങ്ങിതീർന്നാലേ മനസും ശരീരവും സാധാരണ നിലയിലാകൂ. വർഷങ്ങളായി ഉറങ്ങിയിട്ടെന്ന് പറഞ്ഞത് അല്പം അതിശയോക്തിയാകും. അജിതിന്റെ സംശയം കലർന്ന മുഖഭാവം വായിച്ചിട്ടാകും ആ സ്ത്രീ ഒന്നുകൂടി വിശദീകരിച്ചു: സംശയിക്കേണ്ട സാറേ, കൃത്യമായി പറഞ്ഞാൽ പതിനൊന്നു വർഷമായി നേരേ ചൊവ്വേ ഒന്നുറങ്ങിയിട്ട്. രുചിയോടെ ആഹാരം കഴിച്ചിട്ട്. ഒരു കല്യാണത്തിന് പോയിട്ട്. നേരത്തെയിരുന്ന രമേശൻ സാറിനും ചില ജീവനക്കാർക്കുമൊക്കെ എന്റെ അവസ്ഥയറിയാം. എല്ലാവരുടെയും സഹതാപം കലർന്ന നോട്ടവും വാക്കുകളും മതിയായിരിക്കുന്നു. അതൊക്കെ സൂക്ഷിക്കാൻ മനസിലും ഇനി ഇടമില്ല. അപൂർണമായ വാക്കുകളോടെ അവർ മടങ്ങുമ്പോൾ അജിത്ത് സഹപ്രവർത്തകരോട് ചോദിച്ചു. ആരാണവർ. പതിനൊന്നു വർഷമായി സ്വസ്ഥമായി ഉറങ്ങിയിട്ടെന്ന് ശരിയാണോ?

നൂറുശതമാനം ശരിയാണ് സാർ. പേര് സുമതിയമ്മ. വലിയ സമ്പന്നയായിരുന്നു. തുടക്കംമുതൽ ബാങ്കിന്റെ ഒരു നല്ല കസ്റ്റമർ. വലിയ വലിയ തുകകൾ നിക്ഷേപിച്ചിരുന്ന അവർ ഇൗയിടെ വരുന്നത് ലോണെടുക്കാനാ. ജീവിതം അങ്ങനെയായിപ്പോയി. സ്ഥലം മാറിപ്പോയ മാനേജർ രമേശൻ സാറിന് ആ ജീവിതം വള്ളിപുള്ളി വിടാതെ അറിയാം.

രാത്രി അത്താഴത്തിന് ശേഷം അജിത്ത് സുഹൃത്ത് കൂടിയായ രമേശനെ ഫോണിൽ വിളിച്ചു. എന്തെങ്കിലും ചോദിക്കും മുമ്പേ രമേശൻ ഇങ്ങോട്ടു പറയാൻ തുടങ്ങി. സുമതിയമ്മ ബാങ്കിൽ വന്നിരുന്നു അല്ലേ. പാവം. അനുഭവക്കരുത്തിൽ ഉരുക്ക് നട്ടെല്ലു കിട്ടിയ സ്‌ത്രീ. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഒന്നുകിൽ മഹാരോഗിയായേനേ. അല്ലെങ്കിൽ രമേശൻ പാതിപറഞ്ഞുനിറുത്തി. അജിത്തിന്റെ നിശബ്ദത ഗ്രഹിച്ച രമേശൻ തുടർന്നു. മനസുകൊണ്ട് ഉപന്യസിക്കാനായി രണ്ടുവരി പറഞ്ഞുതരാം. രാത്രിയായില്ലേ ഉറങ്ങാനുള്ളതല്ലേ. മനസ് അസ്വസ്ഥമാക്കണ്ട. മറ്റ് മുഖവുരയൊന്നുമില്ലാതെ രമേശൻ ചുരുക്കിപ്പറയാൻ തുടങ്ങി. സുമതിയമ്മയ്ക്ക് ഒരാണും ഒരു പെണ്ണും. മകൾ മിടുമിടുക്കി. പഠനത്തിനിടയിൽ സഹപാഠിയുമായി അടുപ്പം. അച്ഛൻ യാഥാസ്ഥിതികൻ. ഒരിക്കലും വിവാഹം നടക്കില്ല. രജിസ്റ്റർ മാര്യേജ് കഴിഞ്ഞ് വൈകിട്ട് സുമതിയമ്മയെ ഫോണിൽ മകൾ വിളിച്ച് കാര്യം പറഞ്ഞു. രണ്ടുവർഷം കഴിഞ്ഞ് മകൾ ഗർഭിണിയെന്നറിഞ്ഞപ്പോൾ ഭർത്താവിന്റെ മനസ് മാറ്റിയെടുത്ത സുമതിയമ്മ കുടുംബവീടിന് സമീപമുള്ള മറ്റൊരു വീട് നൽകി താമസത്തിന് വിളിച്ചു. സഹകരണവും സ്നേഹവും സാധാരണപോലെ ഒഴുകിത്തുടങ്ങി. മകളുടെ കുഞ്ഞ് ഇഴഞ്ഞുതുടങ്ങിയപ്പോൾ മരുമകൻ ഫോണിൽ വിളിച്ചു. ഭാര്യയ്ക്ക് പനി. കുഴഞ്ഞുവീണെന്ന്. ഭർത്താവിനൊപ്പം സുമതിയമ്മ അവിടെ ചെല്ലുമ്പോൾ ഇഴയുന്ന കൈക്കുഞ്ഞ് അമ്മയെ കുലുക്കി വിളിക്കുകയാണ്. പിന്നെ ആശുപത്രി വാസം. ഒരു വർഷത്തോളം. ഡിസ്‌ചാർജിന് മുമ്പേ ചെലവായത് 35 ലക്ഷം രൂപ. അനക്കമില്ലാതെ ഒരേ കിടപ്പ്. തുടക്കത്തിലെ ഓപ്പറേഷൻ പിഴച്ചെന്ന് പിന്നീടുള്ള ആശുപത്രികളിലെ വിദഗ്ദ്ധ ഡോക്ടർമാർ. ആദ്യം ചികിത്സിച്ച ആശുപത്രിക്കെതിരെ കേസ് കൊടുക്കണമെന്ന് ചിലരുടെ ഉപദേശം. മാറിമാറിയുള്ള ചികിത്സകൾ. പൂജാവിധികൾ. മതം നോക്കാതെയുള്ള നേർച്ചകൾ. ആ വഴിക്കും പോയി പണത്തിന്റെ കുത്തൊഴുക്ക്. വസ്തുക്കളും വീടുമൊക്കെ വിറ്റു. പാവം. ഒരു കൈക്കുഞ്ഞിനെപ്പോലെ മുപ്പത്തഞ്ചുകാരിയായ മകളെ പരിപാലിക്കുന്നു. ഒരു ശതമാനം പോലും പ്രത്യാശയില്ലാതെ. അക്കാര്യം ചിന്തിക്കുമ്പോൾ പുരാണങ്ങളിലോ സിനിമയിലോ നോവലുകളിലോ ഇങ്ങനെയൊരു സ്‌ത്രീയെ കാണാനാവില്ല. ഇടയ്ക്കിടെ ഞാൻ പോയി ആശ്വസിപ്പിക്കാറുണ്ട്. എത്ര ഫയർ എൻജിൻ കൊണ്ട് അണച്ചാലും തീരാത്ത തീയല്ലേ പാവം ആ സ്‌ത്രീയുടെ നെഞ്ചിൽ. രമേശന്റെ ശബ്ദം ഇടറിയിരുന്നു. അടുത്തയാഴ്ച നമുക്കൊരുമിച്ച് ആ വീട്ടിൽ പോകാം. രമേശൻ ഫോൺ കട്ടാക്കി. അജിത്ത് ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളം പരതി. അപ്പോൾ കണ്ണുകളിൽ വർഷങ്ങളായുള്ള ഉറക്കത്തിന്റെ ഭാരം അനുഭവപ്പെട്ടു.

ഫോൺ: 9946108220

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPIRITUAL, MYILPEELI
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.