SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.02 PM IST

തലസ്ഥാനത്ത് ഇങ്ങനെയൊരു സ്ഥലം കണ്ടിട്ടുണ്ടോ ? സ്മാർട്ട് സിറ്റി പദ്ധതിയിൽ സ്ട്രീറ്റ് ഷോപ്പിംഗിന് പുതിയ മുഖം 

shopping-

തിരുവനന്തപുരം: നഗരത്തിലെ വഴിയോരക്കച്ചവടക്കാർക്കായി നഗരസഭയുടെ പുത്തൻ രീതിയിലുള്ള വില്പന കേന്ദ്രങ്ങൾ റെഡി. വെയിലും മഴയും കൊള്ളാത്ത രീതിയിലാണ് സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തെരവോര വില്പന കേന്ദ്രങ്ങൾ (സ്ട്രീറ്റ് വെൻഡിംഗ് സോൺ) നിർമ്മിച്ചത്.

ആദ്യഘട്ടമായി മ്യൂസിയം സൂര്യകാന്തി റോഡിൽ (ആർ.കെ.വി റോഡ്) നിർമിച്ച 34 കടമുറികൾ 14ന് കനക്കുന്നിൽ ആരംഭിക്കുന്ന തെരുവ് കച്ചവടമേളയോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും. നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. വഴിയോരക്കച്ചവടം കാരണം നഗരത്തിന്റെ വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്കും തിരക്കുമുണ്ടാകുന്ന സാഹചര്യത്തിലാണ് വഴിയോരക്കച്ചവർക്കാർക്കായി 10 കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 2020ൽ കോർപ്പറേഷൻ തീരുമാനിച്ചത്. ഇതിൽ മൂന്നെണ്ണമാണ് സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

മ്യൂസിയത്തെ ആർ.കെ.വി റോഡിലും കോട്ടയ്ക്കകത്തെ ശ്രീചിത്തിരതിരുനാൾ പാർക്കിലും മാനവീയം വീഥിയിലുമാണ് കേന്ദ്രങ്ങൾ സജ്ജമാക്കാൻ തീരുമാനിച്ചത്. ഗതാഗത കുരുക്കുണ്ടാകാത്ത തരത്തിൽ കാൽനടക്കാർക്ക് ഭക്ഷണം കഴിക്കാനും സാധനങ്ങൾ വാങ്ങാനും കഴിയുന്ന രീതിയിലാണ് കടകൾ ക്രമീകരിച്ചിരിക്കുന്നത്. വിൽക്കുന്ന സാധനങ്ങളുടെ സ്വഭാവമനുസരിച്ച് നാല് തരത്തിലാണ് കടമുറികൾ സജ്ജീകരിച്ചിരിക്കുന്നത്. മഴ പെയ്താലും വെള്ളക്കെട്ടുണ്ടാകാത്ത രീതിയിലാണ് റോഡിന്റെ നിർമ്മാണം.

വൈദ്യുതി ചാർജും വാട്ടർ ചാർജും കച്ചവടക്കാർ നൽകണം. വാടകയിനത്തിൽ ചെറിയൊരു തുകയും കോർപ്പറേഷന് നൽകേണ്ടിവരും. തുക എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല. കച്ചവടക്കാർക്കും വിനോദസഞ്ചാരികൾക്കുമായി രണ്ട് സ്മാർട്ട് ടോയ്‌ലെറ്റുകളും ഇവിടെയുണ്ടാകും.

പദ്ധതിത്തുക രണ്ടകോടി 3000 കച്ചവടക്കാർ

തിരുവനന്തപുരം കോർപ്പറേഷനിൽ പരിധിയിൽ 3000ഓളം വഴിയോരക്കച്ചവടക്കാരുണ്ടെന്നാണ് സർവേ റിപ്പോർട്ട്. സർവേയിൽ കണ്ടെത്തിയ വഴിയോരക്കച്ചവടക്കാരിൽ 600പേർ സ്ഥിരം കച്ചവടക്കാരാണ്. 1800പേർ പുതിയ കച്ചവടക്കാരും. ഒരു കച്ചവടക്കാരൻ ഉന്തുവണ്ടിയിലും മറ്റ് വാഹനങ്ങളിലുമായി പലയിടത്തും കച്ചവടം നടത്തുന്നതായും സർവേയിൽ കണ്ടെത്തിയിരുന്നു.

നിലവിലെ രീതി അനുസരിച്ച് ഒരാൾക്ക് ഒന്നിൽ കൂടുതൽ ലൈസൻസ് സ്വന്തമാക്കാനാകില്ല. 2017ൽ സർവേയിൽ 3562 തെരുവ് കച്ചവടക്കാരുണ്ടെന്നാണ് കണ്ടെത്തിയത്. എന്നാൽ കൊവിഡിനെ തുടർന്ന് പലരും കച്ചവടം അവസാനിപ്പിച്ചതാണ് എണ്ണം കുറയാൻ കാരണം. സർവേയിൽ ഉൾപ്പെടാതെ പോയവരിൽ പലരും ഇപ്പോൾ ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ട്. പഴയ പട്ടികയിൽ ഉൾപ്പെട്ടിരുന്ന കച്ചവടക്കാർക്ക് പുതിയ ലിസ്റ്റിൽ ഉൾപ്പെടുന്നതിന് പ്രയാസമില്ല. എന്നാൽ പുതുതായി അപേക്ഷിക്കുന്നവർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, STREET SHOPPING, STREET, TVM, MAYOR, SMARTCITY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.