കൊച്ചി: കഴിഞ്ഞമാസം മൊത്തം റീട്ടെയിൽ വാഹന വില്പന എട്ടുശതമാനം ഇടിഞ്ഞെങ്കിലും ത്രീവീലറുകളും വാണിജ്യ വാഹനങ്ങളും സ്വന്തമാക്കിയത് മികച്ചനേട്ടം.
ത്രീവീലറുകൾ 80 ശതമാനം വില്പന വളർച്ച നേടിയപ്പോൾ വാണിജ്യ വാഹനങ്ങളുടെ നേട്ടം 27 ശതമാനം. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസിന്റെ (ഫാഡ) റിപ്പോർട്ടനുസരിച്ച് കഴിഞ്ഞമാസം ടൂവീലർ കച്ചവടം 11 ശതമാനവും പാസഞ്ചർ വാഹന (കാർ, എസ്.യു.വി., വാൻ) വില്പന അഞ്ച് ശതമാനവും ട്രാക്ടർ വില്പന 28 ശതമാനവും ഇടിഞ്ഞു.
എല്ലാവിഭാഗം ശ്രേണികളിലുമായി 14.36 ലക്ഷം വാഹനങ്ങളാണ് ജൂലായിൽ പുതുതായി നിരത്തിലെത്തിയത്. 2021 ജൂലായിൽ വില്പന 15.59 ലക്ഷം യൂണിറ്റുകളായിരുന്നു.
ത്രീവീലറുകളിൽ 25.85 ശതമാനം വിഹിതവുമായി ബജാജ് ഒന്നാമതും 8.27 ശതമാനവുമായി പിയോജിയോ രണ്ടാമതുമാണ്. വാണിജ്യശ്രേണിയിൽ 40.49 ശതമാനവുമായി ടാറ്റാ മോട്ടോഴ്സ് മറ്റ് കമ്പനികളേക്കാൾ ബഹുദൂരം മുന്നിലാണ്; രണ്ടാമതുള്ള മഹീന്ദ്രയുടെ വിഹിതം 24.79 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |