SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.18 AM IST

കുഞ്ഞൂഞ്ഞിന്റെ ഇമ്മിണി വല്യ റെക്കോഡ്

sad

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന കെ.എം.മാണിയെ മറികടന്ന പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന്റെ ഇമ്മിണി വല്യ റെക്കോഡിന് ബിഗ് സല്യൂട്ട്. നിയമസഭാംഗമായി 51 വർഷവും മൂന്നര മാസവും പിന്നിട്ട ഉമ്മൻചാണ്ടിയുടെ റെക്കാഡ് അടുത്തകാലത്തൊന്നും മറികടക്കാൻ കേരളരാഷ്ട്രീയത്തിൽ ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല.

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി മാത്രമാണ് ദിവസക്കണക്കിൽ ഇന്ത്യയിൽ കൂടുതൽ കാലം നിയമസഭാംഗം ആയിട്ടുള്ളത്. എന്നാൽ കരുണാനിധി പല മണ്ഡലം മാറി മത്സരിച്ചാണ് ജയിച്ചത്. ഉമ്മൻചാണ്ടിയാകട്ടെ ഒരേ മണ്ഡലത്തിൽ നിന്നാണ് തുടർച്ചയായി വിജയയിച്ച് അരനൂറ്റാണ്ട് പിന്നിട്ടത്. എന്താണ് ഇതിന്റെ രഹസ്യമെന്നു ചോദിച്ചാൽ ജനങ്ങൾക്കൊപ്പം അവരിലൊരാളായി നിന്നുവെന്നാണ് മറുപടി. മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ ജനസമ്പർക്കമെന്ന പരാതിപരിഹാര പരിപാടിയിൽ മുപ്പതു ലക്ഷത്തോളം പേർ പങ്കെടുത്തുവെന്നാണ് ഏകദേശ കണക്ക്. ഇതിന്റെ പേരിൽ പൊതുപ്രവർത്തനത്തിനുള്ള യു.എൻ.അവാർഡും തേടിയെത്തി. ജനസമ്പർക്കപരിപാടിയിൽ അവസാനത്തെ അപേക്ഷകനെയും നേരിട്ടുകാണാൻ പതിരാത്രിവരെ ക്ഷമയോടെ കാത്തിരുന്ന ഉമ്മൻചാണ്ടി പലർക്കും അത്ഭുതമായിരുന്നു. കുട്ടികളെപ്പോലുള്ള നിഷ്കളങ്കമായ ചിരിയും ഒപ്പം ക്ഷമയുമായിരുന്നു ഉമ്മൻചാണ്ടിയുടെ വിജയരഹസ്യം . ആ ചിരിയിൽ പല വിദ്വേഷങ്ങളും അലിഞ്ഞുപോവും. ഇടതുമുന്നണിയെക്കഴിഞ്ഞും രണ്ടോമൂന്നോ എം.എൽ.എമാരുടെ അധിക പിന്തുണയിൽ അഞ്ചു വർഷം ഭരണം മുന്നോട്ടു കൊണ്ടു പോവില്ലെന്ന് കരുതിയിടത്ത് കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളെപ്പോലെ പരസ്പരം കടിച്ചു കീറുന്ന സ്വഭാവമുള്ള വിവിധ ഘടക കക്ഷികളെ സർക്കസിലെ റിംഗ് മാസ്റ്ററെപ്പോലെ ഒരുമിച്ചു കൊണ്ടു പോയി അഞ്ചു വർഷം പൂർത്തിയാക്കാൻ ഉമ്മൻചാണ്ടിക്കല്ലാതെ മറ്റാർക്കും കഴിയുമെന്നു തോന്നുന്നില്ല. സി.പി.എമ്മിന്റെ പാറശാല എം.എൽ.എ ശെൽവരാജിനെ കോൺഗ്രസ് പാളയത്തിലെത്തിച്ച രാഷ്ട്രീയ തന്ത്രജ്ഞതയിലൂടെ സി.പി.എം നേതൃത്വത്തെ ‌ഞെട്ടിക്കാനും കഴിഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിലും കോൺഗ്രസുകാരെകഴിഞ്ഞും ഉദ്ദിഷ്ടകാര്യ സ്മരണ പ്രതിപക്ഷത്തുള്ളവരിൽ ഉണ്ടാക്കാൻ കഴിഞ്ഞതും മാറി മാറി പലരെ പരീക്ഷിച്ചിട്ടും പുതുപ്പള്ളി പിടിച്ചെടുക്കാൻ കഴിയാത്തത് ആരെയും പിണക്കാതെ എല്ലാവരെയും ഒപ്പം നിർത്താനുള്ള കുഞ്ഞുകുഞ്ഞു രാഷ്ട്രീയ തന്ത്രജ്ഞതയുടെ വിജയമായിരുന്നു.

1970ൽ 27ാം വയസിൽ പുതുപ്പള്ളിയിൽ നിന്ന് ജയിച്ച ഉമ്മൻചാണ്ടി പിന്നീട് തുടർച്ചയായ് 11 തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. രണ്ടു തവണ മുഖ്യമന്ത്രിയായി. 2004 മുതൽ 2006 വരെയും, 2011മുതൽ 2016വരെയും, 2006-2011ൽ പ്രതിപക്ഷ നേതാവായി. നാല് തവണ മന്ത്രിയായി. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ എം.എ കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിന്റെ പേരിൽ പ്രതിഷേധ സൂചകമായി മന്ത്രി സ്ഥാനം രാജിവെച്ചു. തുടർച്ചയായി ജനങ്ങൾ ജയിപ്പിച്ചിട്ടും പുതുപ്പള്ളിയിൽ കാര്യമായ വികസനം കൊണ്ടു വരാൻ കഴിഞ്ഞില്ല എന്നാണ് പ്രതിപക്ഷ ആരോപണം. എന്നിട്ടും എന്തുകൊണ്ട് തോൽപ്പിക്കാൻ കഴിയുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരമാണ് "ആരെയും പിണക്കാതെ. എല്ലാവരെയും വിശ്വാസത്തിലെടുത്തു ഒപ്പം നിറുത്താൻ കഴിയുന്ന ഉമ്മൻചാണ്ടി മാജിക്ക്". നടക്കുമെന്നു പറഞ്ഞു വിശ്വസിപ്പിക്കുന്ന കാര്യങ്ങൾ നടന്നില്ലെങ്കിലും അവരെ ശത്രു പക്ഷത്താക്കാതെ ഒപ്പം നിറുത്താൻ കഴിയുന്ന നിറചിരിയോടെയുള്ള മെയ് വഴക്കം. ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ റെക്കാഡിൽ എത്തിച്ചതും ഈ രാഷ്ട്രീയ ജാലവിദ്യതന്നെ....

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, OC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.