ഗവർണർ ഇന്ന് ഒപ്പിട്ടില്ലെങ്കിൽ ഓർഡിനൻസുകൾ അസാധുവാകും
ഗവർണറുടെ അധികാരം കവരുന്ന യൂണി. ഓർഡിനൻസിൽ വിട്ടുവീഴ്ചയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ പതിനൊന്ന് ഓർഡിനൻസുകളുടെ കാലാവധി ഇന്ന് തീരുമ്പോൾ, പുതുക്കിയ ഓർഡിനൻസുകളിൽ ഒപ്പിടാതെ ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ സർക്കാരിന്റെ അടിയന്തര നീക്കം. ഇന്ന് ഒപ്പിട്ടില്ലെങ്കിൽ ഈ ഓർഡിനൻസുകൾ അസാധുവാകും. അതൊഴിവാക്കാനാണ് സർക്കാർ ശ്രമം.
വി. സി നിയമനത്തിൽ ചാൻസലറായ തന്റെ അധികാരം കവരുന്ന ഓർഡിനൻസിനുള്ള സർണ് ഗവർണറെ ചൊടിപ്പിച്ചത്. സർക്കാരിന്റെ വെട്ടിന് മറുവെട്ടായി,കേരള യൂണി. വി. സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ച ഓർഡിനൻസിന് തടയിട്ട ഗവർണറുടെ അധികാരം ഇല്ലാതാക്കാനാണ് സർക്കാരിന്റെ നീക്കം. നിർദ്ദിഷ്ട ഓർഡിനൻസിൽ സർക്കാർ വിട്ടുവീഴ്ച ചെയ്താൽ, പുതുക്കിയ ഓർഡിൻസുകളിൽ ഗവർണർ ഒപ്പിടുമെന്നാണ് സൂചന. ഇന്ന് ഒത്തുതീർപ്പ് ഫോർമുല രൂപപ്പെട്ടേക്കും. ഇന്ന് രാത്രി 12 നു മുമ്പ് ഗവർണർ ഒപ്പിട്ടാൽ മതി. ഡൽഹിയിലുള്ള ഗവർണർക്ക് ഡിജിറ്റൽ സിഗ്നേച്ചർ വഴി ഓർഡിൻസ് പാസാക്കാം.
ഓർഡിനൻസുകൾ പുതുക്കുമ്പോൾ വകുപ്പ്മന്ത്രിമാർ നേരിട്ടെത്തി സാഹചര്യം വ്യക്തമാക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിലും ആവശ്യപ്പെട്ടിരുന്നു. ഇത് നിഷേധിച്ചാണ് 11 ഓർഡിനൻസുകൾ പുതുക്കാനുള്ള ശുപാർശ നൽകിയത്. ഇതും സർക്കാർ പുനഃപരിശോധിച്ചേക്കും. കാര്യങ്ങൾ വഷളാക്കാൻ ഗവർണറും ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന..
ലോകായുക്ത:അസാധുവായാൽ
പഴയ നിയമം വരും
ഉന്നത തലത്തിലെ അഴിമതിക്ക് തടയിടാനുള്ള ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഓർഡിനൻസ് അസാധുവായാൽ, ലോകായുക്തയ്ക്ക് പഴയ അധികാരം പുനഃസ്ഥാപിച്ച് കിട്ടും. മുഖ്യമന്ത്രി പിണറായി വിജയനും ചില മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കുമെതിരെയുള്ള പരാതികൾ ലോകായുക്തയുടെ പരിഗണനയിലുള്ളപ്പോഴാണ് ഭേദഗതി ഓർഡിനൻസ് കഴിഞ്ഞ ഫെബ്രുവരി ഏഴിന് ഇറക്കിയത്.അഴിമതി കേസിൽ ലോകായുക്ത വിധിയുണ്ടായാലും ഗവർണർക്കോ മുഖ്യമന്ത്രിക്കോ സർക്കാരിനോ അപ്പീൽ പരിഗണിക്കാമെന്നും, വിധി നടപ്പാക്കുന്നതിൽ അന്തിമാധികാരം സർക്കാരിനാണെന്നുമായിരുന്നു ഭേദഗതി.
അങ്കം കുറിച്ചാൽ
പുതുക്കിയ ഓർഡിനൻസുകളിൽ ഒപ്പിടാത്ത പക്ഷം ഗവർണറുമായി അങ്കം കുറിക്കേണ്ടി വന്നാൽ, സർക്കാരിന് നിയമസഭയിൽ ഓർഡിനൻസുകൾ അവതരിപ്പിച്ച് ബില്ലുകളാക്കാം. ബിൽ ഒരു വട്ടമേ ഗവർണർക്ക് തിരിച്ചയയ്ക്കാനാകൂ. രണ്ടാമതും സർക്കാർ അയച്ചാൽ ഒപ്പിടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |