കൊല്ലം: കൊവിഡിന് ശേഷം സർവീസുകൾ പുനരാരംഭിച്ചിട്ടും കൊല്ലം - കോട്ടയം പാസഞ്ചർ, ഗുരുവായൂർ - പുനലൂർ എക്സ്പ്രസ് ട്രെയിനുകൾക്ക് മൺറോത്തുരുത്തിൽ സ്റ്റോപ്പില്ല.
വൈകിട്ട് 5.10ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന പാസഞ്ചറും 7.20ന് പുറപ്പെടുന്ന ഗുരുവായൂർ എക്സ്പ്രസും സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു. ഓഫീസ് സമയം കഴിഞ്ഞ് വീടുകളിലേക്ക് പോകുന്നവർക്ക് വളരെ വേഗം തുരുത്തിലെത്താമെന്നതായിരുന്നു പാസഞ്ചർ ട്രെയിനിന്റെ പ്രയോജനം. സ്റ്റോപ്പില്ലാത്തതിനാൽ 6.45ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ഇന്റർസിറ്റി എക്സ് പ്രസ് വരുന്നതുവരെ കാത്തിരിക്കണം.
എന്നാൽ രാവിലെ 7.11ന് കൊല്ലത്തിന് പോകുന്ന പാസഞ്ചർ നിറുത്തുന്നുണ്ട്. കൊല്ലത്ത് നിന്ന് റോഡ് മാർഗം മൺറോത്തുരുത്തിൽ എത്തണമെങ്കിൽ കുണ്ടറ വഴി കിലോമീറ്ററുകൾ സഞ്ചരിക്കണം. അല്ലെങ്കിൽ ജങ്കാർ മാത്രമാണ് ആശ്രയം.
ചൂളം മുഴക്കാതെ വികസനം
1. നിലവിലുള്ളത് ചെറിയ ഓഫീസും ഉയരം കുറഞ്ഞ രണ്ട് പ്ളാറ്റ് ഫോമും
2. ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പില്ല
3. മലബാർ എക്സ്പ്രസിന്റെ സ്റ്റോപ്പ് നേരത്തേ ഇല്ലാതായി
4. പ്ളാറ്റ് ഫോമിന്റെ നീളക്കുറവാണ് കാരണം
5. പ്ളാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് ഫുട്ട് ഓവർബ്രിഡ്ജുകളില്ല
6. ടിക്കറ്റ് വിതരണം കരാർ അടിസ്ഥാനത്തിൽ
7. മിക്കപ്പോഴും പോകേണ്ട സ്ഥലങ്ങളിലേക്ക് ടിക്കറ്റ് കിട്ടാറില്ല
കോട്ടയം, ഗുരുവായൂർ പാസഞ്ചറുകൾക്ക് വൈകുന്നേരം സ്റ്റോപ്പില്ലാത്തത് യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നു. അടിയന്തരമായി സ്റ്റോപ്പ് പുനഃസ്ഥാപിക്കണം.
ശ്രീകുമാരി, സ്ഥിരം യാത്രക്കാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |