SignIn
Kerala Kaumudi Online
Thursday, 25 April 2024 12.46 AM IST

നവോത്ഥാന മൂല്യസംരക്ഷണസമിതി വീണ്ടും ഉണരുമ്പോൾ

photo

നീണ്ട ഇടവേളയ്ക്ക് ശേഷം നവോത്ഥാനമൂല്യ സംരക്ഷണസമിതി വീണ്ടും സമ്മേളിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ചേരുന്ന ആദ്യത്തെ യോഗമായിരുന്നു ഇത്. കുറച്ചുകാലമായി സമിതിയെക്കുറിച്ച് കേൾക്കാനില്ലായിരുന്നു. ശരിക്ക് പറഞ്ഞാൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സമിതി ഒന്നോ രണ്ടോ തവണ കൂടിയെന്ന് തോന്നുന്നു. അതുതന്നെ വലിയ കോലാഹലങ്ങളൊന്നും ഉണ്ടാക്കാതെയായിരുന്നു.

സമിതി തന്നെ അപ്രസക്തമായിപ്പോയോ എന്ന സന്ദേഹം ഉയർന്നുകേട്ട നാളുകളായിരുന്നു 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇങ്ങോട്ടുള്ളത്. ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് 2018 നവംബർ 28ന് വിധി പുറപ്പെടുവിച്ച ശേഷം സംഭവിച്ച രാഷ്ട്രീയ കോളിളക്കങ്ങളെ തുടർന്നായിരുന്നു നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ ഉദയം. പുരോഗമനമൂല്യം കാത്തുസൂക്ഷിക്കാനായി, ലിംഗനീതിയും ലിംഗസമത്വവും ഉയർത്തിപ്പിടിച്ച് അവസരത്തിനൊത്തുയർന്നു ഒന്നാം പിണറായി സർക്കാർ. പുരോഗമനേച്ഛുക്കളായ കേരളീയ പൊതുസമൂഹത്തെ ആഹ്ലാദിപ്പിച്ച സന്ദർഭവുമായിരുന്നു അത്. മുഖ്യമന്ത്രി പിണറായി വിജയൻ ആ ഘട്ടത്തിൽ കൈക്കൊണ്ട ധീരോദാത്തമായ നിലപാട് കേരളത്തിന്റെ രാഷ്ട്രീയപ്രബുദ്ധതയെ വാനോളമുയർത്തി.

നിർഭാഗ്യവശാൽ രാഷ്ട്രീയവിവാദങ്ങൾ കുളം കലക്കി. പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുടെ നിലപാട് അങ്ങേയറ്റം നിരാശാജനകമായിരുന്നു. ശബരിമലവിധി നടപ്പാക്കാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനം വെല്ലുവിളി നേരിട്ടു. ശബരിമല വിധിക്ക് ശേഷം കേരളത്തിൽ യു.ഡി.എഫും സംഘപരിവാറും അങ്ങേയറ്റം പിന്തിരിപ്പൻ സമീപനമാണ് കൈക്കൊണ്ടത്.

കേരളത്തിലങ്ങോളമിങ്ങോളം വിവാദം കത്തിപ്പടർന്നു. ആചാരസംരക്ഷകർ അരങ്ങ് തകർത്തു. ശബരിമല യുവതീപ്രവേശന വിധിക്കെതിരെ നായർ സർവീസ് സൊസൈറ്റി സമരത്തിന്റെ മുൻനിരയിലെത്തി. ആചാരസംരക്ഷണസമിതികൾ വന്നു. നാമജപ ഘോഷയാത്രകൾ നടന്നു. സുപ്രീംകോടതി ആർക്ക് വേണ്ടിയാണോ വിധി പുറപ്പെടുവിച്ചത് അവരും റെഡി ടു വെയ്റ്റ് ക്യാമ്പെയ്നിൽ അണിനിരന്നു എന്നതായിരുന്നു കൗതുകകരം. യുവതികളാണ് നാമജപ ഘോഷയാത്രകളിൽ വീറോടെ മുദ്രാവാക്യം വിളിച്ചത്. നവോത്ഥാനപാരമ്പര്യം പേറുന്ന കേരളത്തിലാണോ ഇതെന്ന് പലരും അദ്ഭുതപ്പെട്ടു.

കാസർകോട് മുതൽ തിരുവനന്തപുരം വരെ ഇതിന്റെ അനുരണനങ്ങളുണ്ടായി. വിധിയെ അനുകൂലിക്കുന്നവർ നവോത്ഥാന കേരളത്തിൽ കേവലന്യൂനപക്ഷമായി. ആചാരസംരക്ഷകർക്ക് പ്രാമുഖ്യം കിട്ടി. പിന്തുണയും ഏറി. യു.ഡി.എഫാണ് ഇതിന്റെ ആനുകൂല്യം ആവോളം അനുഭവിച്ചത്. കാരണം, വിധിക്കെതിരെയുണ്ടായ പൊതുവികാരം മനസിലാക്കിയ ശേഷം സമരനിരയിലേക്ക് ഇറങ്ങിയവരാണ് സംഘപരിവാർ നേതൃത്വമെന്ന തോന്നലുണ്ടായിരുന്നു പലർക്കും. ശബരിമലയിൽ യുവതീപ്രവേശനത്തിനായി ആദ്യം മുതൽ നിലകൊണ്ടവരുടെ കൂട്ടത്തിൽ ആർ.എസ്.എസുമുണ്ടായിരുന്നു. സംഘപരിവാർ ശക്തികൾ പൊതുവേ ഇതിനോട് അനുകൂലമായിരുന്നു.

എന്നാൽ, കേരളത്തിൽ അത് ഇടതുപക്ഷസർക്കാരിന്റെ രാഷ്ട്രീയലക്ഷ്യമെന്ന നിലയിൽ പ്രചരിപ്പിക്കപ്പെടുകയും വിശ്വാസിസമൂഹം എന്ന പേരിൽ വലിയവിഭാഗം വിധിക്കെതിരെ നില കൊള്ളുകയും ചെയ്തപ്പോൾ പ്രഖ്യാപിത ഹിന്ദുത്വവാദികളായ സംഘപരിവാർ എവിടെയാണ് നിൽക്കുക? സ്വാഭാവികമായും അവർ സമരത്തിന്റെ മുൻനിരയിലേക്കിറങ്ങി കടിഞ്ഞാൺ ഏറ്റെടുക്കുന്നത് കണ്ടു. നായർ സർവീസ് സൊസൈറ്റി അടക്കം സംഘപരിവാർ നീക്കങ്ങളോട് പൊരുത്തപ്പെട്ടില്ല. അവർക്കും യു.ഡി.എഫിനോടായിരുന്നു ആഭിമുഖ്യം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ശബരിമല സമരം ബാധിക്കുമെന്ന അവസ്ഥയായി. പക്ഷേ അപ്പോഴും ഇടതുസർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പരിധിവരെ അക്ഷോഭ്യരായി തന്നെ നിലകൊണ്ടെന്നതാണ് ശ്രദ്ധേയം.

നവോത്ഥാന മൂല്യസംരക്ഷണ

സമിതിയും വനിതാമതിലും

എൻ.എസ്.എസും പന്തളം കൊട്ടാരവും ആചാര സംരക്ഷണസമിതിയുമെല്ലാം ഘോരഘോരം സർക്കാരിനെതിരെ നിലയുറപ്പിച്ചപ്പോൾ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം എടുത്തോർമ്മിപ്പിക്കാൻ സർക്കാർ ഔത്സുക്യം കാട്ടാതിരുന്നില്ല. കേരളത്തിന്റെ മുഖം തീർത്തും പിന്തിരിപ്പനായിട്ടില്ലെന്ന തോന്നൽ അവരിലുണ്ടായെന്ന് തോന്നുന്നു. നവോത്ഥാന മൂല്യ സംരക്ഷണസമിതി രൂപീകരിക്കണമെന്ന ആശയത്തിന് മുൻകൈയെടുത്തത് മുഖ്യമന്ത്രി തന്നെയാണ്. വിവിധ സമുദായസംഘടനകളുടെ യോഗം അദ്ദേഹത്തിന്റെ മുൻകൈയിൽ വിളിച്ചുചേർത്തു. എൻ.എസ്.എസിന്റെ പ്രകോപനം ഇതിനൊരു ഹേതുവായിട്ടുണ്ട്.

എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമിതിയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. കെ.പി.എം.എസ് ജനറൽസെക്രട്ടറി പുന്നല ശ്രീകുമാർ ആയിരുന്നു ജനറൽ കൺവീനർ. യുവതീപ്രവേശനം ഉൾപ്പെടെയുള്ള പുരോഗമന കാഴ്ചപ്പാട് അന്യംനിന്നുകൂടാ എന്ന് ചിന്തിച്ച പുന്നല വീറോടെയാണ് വിധിനടപ്പാക്കാൻ സർക്കാരിന് പിന്തുണ നൽകിയത്.

അങ്ങനെ 2019 ജനുവരി ഒന്നിന് പുതുവർഷദിനത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാമതിൽ വന്നു. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്ത്രീപക്ഷവാദികളും ഇടതുപുരോഗമന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരുമെല്ലാം മതിലിൽ അണിചേർന്നു. അതിന് തൊട്ടുപിന്നാലെ ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചു. ഇതോടെ ആചാരസംരക്ഷണസമിതിയുടെ സർവനിയന്ത്രണവും വിട്ടു. സംസ്ഥാനത്ത് സംഘർഷം വ്യാപകമായി. ബി.ജെ.പി രാഷ്ട്രീയമുതലെടുപ്പിന് ആവോളം ശ്രമിച്ചു. വിശ്വാസവികാരം ഏതായുധത്തേക്കാളും മൂർച്ചയുള്ളതാണെന്ന് അവരും യു.ഡി.എഫും തിരിച്ചറിഞ്ഞിരുന്നു. യു.ഡി.എഫ് തെരുവിലെ സംഘർഷങ്ങളിൽ നേരിട്ട് ഭാഗമായില്ല. പക്ഷേ ബി.ജെ.പി അങ്ങനെയായിരുന്നില്ല. ഇതിനിടയിൽ മകരവിളക്കൊക്കെ കഴിഞ്ഞു. ശബരിമല നടയടച്ചു. സമരങ്ങളുടെ വീര്യവും കുറഞ്ഞെങ്കിലും പല മനസ്സുകളും നീറിപ്പുകയുന്നുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കേളി കൊട്ടുയർന്നു. സംഗതി തിരിച്ചടിയാവുമോ എന്ന ശങ്ക ഇടതുപക്ഷത്ത് ഉയരാതിരുന്നില്ല. കാരണം അത്രയ്ക്ക് തീവ്രമായിരുന്നു ആചാരസംരക്ഷണസമിതിക്കാരുടെ വികാരം. കോൺഗ്രസും എൻ.എസ്.എസും അടക്കമുള്ളവർ സുപ്രീംകോടതിയെ വീണ്ടും റിവ്യു ഹർജിയുമായി സമീപിച്ചു. സുപ്രീംകോടതി വിധി വിശാലബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതോടെ എല്ലാവർക്കും സമാധാനമായി. രോഗി ഇച്ഛിച്ചതും വൈദ്യർ കല്പിച്ചതും. പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ആശങ്കകൾ അസ്ഥാനത്തായില്ല. 20ൽ 19 സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. ശബരിമല യുവതീപ്രവേശന വിധിയെ തുടർന്ന് ഒരു വിഭാഗത്തിന്റെ തെറ്റിദ്ധാരണജനകമായ പ്രചാരണം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി തന്നെ വിലയിരുത്തിക്കളഞ്ഞു. ഈ 'തെറ്റിദ്ധാരണ' നീക്കിയെടുക്കാൻ സി.പി.എമ്മിന്റെ മുൻനിര നേതാക്കൾ വീടുകളിലെത്തി ആളുകളെ ബോധവത്കരിക്കാൻ ഒരുമ്പെട്ടു.

മുഖ്യമന്ത്രി പക്ഷേ നിലപാട് മാറ്റാൻ തയാറായിരുന്നില്ല. അദ്ദേഹം പാർട്ടിയുടെ പൊതുതീരുമാനത്തെ എതിർത്തതുമില്ല. മൗനം വിദ്വാന് ഭൂഷണമെന്ന നില അദ്ദേഹം സ്വീകരിച്ചു. പിന്നീടിങ്ങോട്ട് കൊവിഡ് മഹാമാരിയൊക്കെ വന്നുപെട്ടപ്പോൾ ജനക്ഷേമ പരിപാടികൾ ഊർജിതമാക്കിക്കൊണ്ട് വർദ്ധിതവീര്യം തിരിച്ചുപിടിച്ചാണ് ഇടതുമുന്നണി തുടർഭരണം സാദ്ധ്യമാക്കിയത്.

സമിതിയുടെ

ഉയിർത്തെഴുന്നേല്പ്

ലോക്‌സഭാ തിര‌ഞ്ഞെടുപ്പിന് ഇനി രണ്ട് വർഷത്തോളമാണുള്ളത്. ഇന്ത്യൻ ഇടതുപക്ഷത്തിന് ഏറെ പ്രതീക്ഷയർപ്പിക്കാൻ കഴിയുന്ന സംസ്ഥാനം കേരളം മാത്രമാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ നിന്ന് പരമാവധി എം.പിമാരെ വിജയിപ്പിച്ചെടുക്കുക അവരുടെ രാഷ്ട്രീയദൗത്യമാണ്.

നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ പ്രസക്തി വർദ്ധിക്കുന്നത് ഇവിടെയാണ്. സമിതിയിൽ തുടക്കത്തിൽ ഹിന്ദു പിന്നാക്ക സമുദായ സംഘടനകൾ മാത്രമായിരുന്നു. അന്ന് അതിനെതിരെ വിമർശനമുയർന്നപ്പോൾ മുസ്ലിം, ക്രൈസ്തവ സംഘടനകളെ ഉൾപ്പെടുത്തി അതിനെ പുനഃസംഘടിപ്പിച്ചു. സമിതി രൂപീകരണത്തിലൂടെ വന്നുപെട്ട അവസരം സോഷ്യൽ എൻജിനിയറിംഗിനായി അതിവിദഗ്ദ്ധമായി ഉപയോഗിക്കാൻ ഇടതുമുന്നണിക്കും പ്രത്യേകിച്ച് അതിന്റെ ചെയർമാനായ മുഖ്യമന്ത്രിക്കും സാധിച്ചിട്ടുണ്ട്.

ഇടവേളയ്ക്ക് ശേഷം സമിതിയുടെ യോഗം മുഖ്യമന്ത്രി മുൻകൈയെടുത്ത് വിളിച്ചുചേർത്തത് തീർച്ചയായും സദുദ്ദേശത്തോടെയാണ്. ഭരണഘടന അത്യധികം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ ഇടതുപാർട്ടികൾ ഭരണഘടനാസംരക്ഷണ പരിപാടി രാജ്യവ്യാപകമായി ഏറ്റെടുക്കുന്നു. മുഖ്യധാരാ ഇന്ത്യൻ കമ്മ്യൂണിസ്റ്റുപാർട്ടികളായ സി.പി.എമ്മും സി.പി.ഐയും എക്കാലത്തെയും വലിയ യോജിപ്പോടെ സ്വാതന്ത്ര്യദിനാഘോഷം ഒരുമിച്ച് കൊണ്ടാടുന്നു.

രാജ്യത്ത് സമീപകാലത്തുണ്ടായ നടുക്കമുണർത്തുന്ന അനുഭവങ്ങൾ ആരെയും ആശങ്കപ്പെടുത്തുന്നതാണെന്നതിൽ തർക്കമില്ല. വിയോജിപ്പുയർത്തുന്നവരുടെ വീടുകളടക്കം ബുൾഡോസറുകൾ ഉപയോഗിച്ച് നിരത്തുന്നത് യു.പിയിലും ഡൽഹിയിലും മറ്റും സാധാരണമായി. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈർ എന്ന സത്യസന്ധനായ മാദ്ധ്യമപ്രവർത്തകൻ രാജ്യദ്രോഹകുറ്റമാരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടു. ഭരണകൂടസ്വാധീനം ജുഡിഷ്യറിയിൽ പോലും നിർലജ്ജം ആഴ്ന്നിറങ്ങുമ്പോൾ പ്രതീക്ഷയുടെ തുരുത്തുകൾ നഷ്ടപ്പെടുന്നോ എന്ന ആശങ്ക പ്രകടമാണ്. വർഗീയതയിലൂന്നിയ തീവ്രവലതുപക്ഷവത്കരണവും അക്ഷരാർത്ഥത്തിൽ ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. അതിനെ മറികടക്കാൻ പുരോഗമന കക്ഷികൾക്ക് സാധാരണനിലയിലുള്ള പ്രവർത്തനം മതിയാവില്ലെന്നാണ് പൊതുവെ രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.

ഈ ഘട്ടത്തിൽ കേരളത്തിൽ നവോത്ഥാന, പുരോഗമന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സാധിക്കുക എന്നത് ചെറിയ കാര്യമല്ല. നവോത്ഥാനമൂല്യ സംരക്ഷണസമിതിക്ക് അതിന് മുൻകൈയെടുക്കാനാവും എന്നത് നല്ല ഉദ്ദേശം തന്നെയാണ്. അതോടൊപ്പം ഇടതുപക്ഷത്തിന്റെ കരുത്ത് കൂട്ടുകയും പ്രധാനമാണ്. ലോക്‌സഭയിൽ ഇടതുപ്രാതിനിദ്ധ്യം ഉയർത്തേണ്ടത് അവർക്ക് അനിവാര്യമാണ്. നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ പ്രവർത്തനത്തിലൂടെ അങ്ങനെ രണ്ട് തരത്തിലുള്ള രാഷ്ട്രീയനേട്ടം ഇടതുപക്ഷം പ്രതീക്ഷിക്കുന്നെന്ന് ചിന്തിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.