SignIn
Kerala Kaumudi Online
Thursday, 25 April 2024 4.13 PM IST

കുഴി അടപ്പിക്കാനും കോടതിതന്നെ വേണോ?

photo

റോഡിലെ കുഴികളിൽവീണ് ഓരോവർഷവും നിരവധിപേർ അകാലമൃത്യുവിന് ഇരയാകുന്നുണ്ട്. പൊതുനിരത്തുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് പരാതികളുയരാത്ത ദിവസമില്ല. എത്ര പരാതികളുണ്ടായാലും ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന മട്ടിലാണ് ചുമതലപ്പെട്ടവരുടെ പെരുമാറ്റം.

മുൻകൂറായി പതിനഞ്ചുവർഷത്തെ വാഹനനികുതിയും മറ്റു നികുതികളുമൊക്കെ അടച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കും അതിലെ യാത്രക്കാർക്കും ഓരോ റോഡിലെയും അനവധി കുഴികളും തടസങ്ങളും തരണം ചെയ്തുവേണം ലക്ഷ്യസ്ഥാനത്തെത്താൻ. അപകടങ്ങൾ തുടർക്കഥകളായിട്ടും കുലുക്കമില്ലാത്ത ഉദ്യോഗസ്ഥരെ കർത്തവ്യനിരതരാക്കാൻ ഉന്നത നീതിപീഠം തന്നെ ഇടപെടേണ്ടിവരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നെടുമ്പാശേരി അത്താണി സ്കൂളിനു മുന്നിലെ കുഴിയിൽ വീണ ഹാഷിം എന്ന അൻപത്തിരണ്ടുകാരന്റെ ശരീരത്തിലൂടെ പിറകെയെത്തിയ വാഹനം കയറിയിറങ്ങുകയായിരുന്നു. കുഴിയിൽച്ചാടി നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്ന് ഹാഷിം തെറിച്ചുവീണപ്പോഴാണ് ദുരന്തമുണ്ടായത്. ദാരുണമായ ഈ അപകടം സൃഷ്ടിച്ച മനസുലയ്ക്കുന്ന വേദന ബഹുമാനപ്പെട്ട നീതിപീഠത്തെപ്പോലും പിടിച്ചുകുലുക്കിയെന്നു വേണം ഉടൻതന്നെ ഇതിലിടപെട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടിയിൽനിന്നു വ്യക്തമാകുന്നത്. ചാലക്കുടി മേഖലയിലെ ദേശീയപാതയിൽ കാണുന്ന സകല കുഴികളും ഉടനടി അടച്ച് വിവരമറിയിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ഒഴിവുദിവസമായിട്ടും പ്രശ്നത്തിൽ കോടതിയുടെ ഇടപെടൽ അസാധാരണം തന്നെയാണ്. ഭരണകൂടം സാധാരണക്കാരുടെ ജീവന് വലിയ വിലയൊന്നും കല്പിക്കുന്നില്ലെങ്കിലും നീതിപീഠത്തിന് നോക്കിയിരിക്കാനാവില്ലെന്ന വലിയ സന്ദേശം തന്നെയാണ് ഉത്തരവിലൂടെ ലഭിക്കുന്നത്.

ശാസനകളും ഉത്തരവുകളും ഏറെയുണ്ടായിട്ടും നിരത്തുകളുടെ ശോച്യാവസ്ഥ മാറുന്നില്ലെന്നു മാത്രമല്ല കൂടുതൽ ദുർഘടമാവുകയും ചെയ്യുന്നു. ദേശീയപാതയിലെ കുഴികൾ അടയ്ക്കേണ്ടത് ദേശീയപാത അധികൃതരുടെ ചുമതലയാണെന്നും

സംസ്ഥാന സർക്കാരിന് അതിൽ വലുതായൊന്നും ചെയ്യാനില്ലെന്നുമുള്ള സംസ്ഥാനത്തെ ചില മന്ത്രിമാരുടെ പ്രതികരണം എന്തൊരു അസംബന്ധമാണ്. പാതകൾ കേന്ദ്രത്തിന്റേതായാലും സംസ്ഥാനത്തിന്റേതായാലും അതിലൂടെ സഞ്ചരിക്കുന്നവർ എല്ലാ ദേശക്കാരുമാണ്. നിരത്തുകളിൽ രൂപപ്പെടുന്ന കുഴികൾക്ക് കേന്ദ്ര - സംസ്ഥാനമെന്ന വ്യത്യാസമൊന്നുമില്ല. മനുഷ്യ ജീവനുകളാണ് അവയിൽ വീണ് പൊലിയുന്നത്. ഇതിന്റെ പേരിലും രാഷ്ട്രീയ ചേരിതിരിവു സൃഷ്ടിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഓടിയൊളിക്കാനല്ല ശ്രമിക്കേണ്ടത്. ദുരവസ്ഥയ്ക്ക് എങ്ങനെ പരിഹാരം കാണാമെന്ന് ആലോചിക്കണം.

ദേശീയപാത സഞ്ചാരയോഗ്യമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം അവിടങ്ങളിൽ ടോൾപിരിക്കുന്ന കരാർ കമ്പനികൾക്കാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞിരിക്കുന്നു. അങ്ങനെയെങ്കിൽ കുഴികൾ അടച്ചുതീരുന്നതുവരെ വാഹനങ്ങൾ ടോൾ നൽകാതിരിക്കുകയാണു വേണ്ടത്. അത് വലിയൊരു അവകാശ സമരമായി മാറ്റാൻ പ്രതിപക്ഷം മുന്നോട്ടുവരുമോയെന്നും അറിയേണ്ടതുണ്ട്. പത്രപ്രസ്താവനകൾക്കുപരി ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കേണ്ടത് പ്രതിപക്ഷത്തിന്റെ കൂടി കടമയാണ്.

തുടർച്ചയായ മഴയാണ് റോഡുകളെ താറുമാറാക്കുന്നതെന്ന് പൊതുവേ പറയാറുണ്ട്. മഴയെ തടഞ്ഞുനിറുത്താനാവില്ല. അപ്പോൾ മഴയെ അതിജീവിക്കാൻ കെല്പുള്ള റോഡുകൾ നിർമ്മിക്കുക മാത്രമാണു പോംവഴി. അത്തരം നല്ല റോഡുകൾ ഇവിടെത്തന്നെ പലേടത്തുമുണ്ട്. ദേശീയപാതയായാലും സംസ്ഥാന പാതകളായാലും നല്ലനിലയിൽ പരിപാലിച്ചാൽ റോഡുകളിലെ കുഴികളിൽവീണ് ആർക്കും മരിക്കേണ്ടിവരില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BAD CONDITON OF ROADS IN KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.