SignIn
Kerala Kaumudi Online
Sunday, 02 October 2022 6.39 PM IST

നിതീഷ് കുമാറിന്റെ നോട്ടം ഡൽഹി?

nithish-kumar-

ന്യൂഡൽഹി: എൻ.ഡി.എ വിട്ട നിതീഷ്‌കുമാർ മൂന്നുവർഷത്തിനപ്പുറം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ നിരയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. കോൺഗ്രസ് ഇതര പ്രതിപക്ഷ നീക്കങ്ങളുടെ മുന്നണിപ്പോരാളിയായ മമതാ ബാനർജി, ടി.ആർ.എസ് നേതാവ് ചന്ദ്രശേഖര റാവു, ആംആദ്‌മി നേതാവ് അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവരുടെ പിന്തുണയോടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ നിതീഷ് ആഗ്രഹിക്കുന്നുവെന്നാണ് സൂചന.

72കാരനായ നിതീഷ് ബിഹാർ രാഷ്‌ട്രീയത്തിൽ എത്രകാലം ആധിപത്യം തുടരാകുമെന്നത് ചോദ്യചിഹ്നമായതോടെയാണ്,​ ദേശീയ രാഷ്‌ട്രീയത്തിലേക്കുള്ള വഴിയൊരുക്കാനായി ആർ.ജെ.ഡിയുമായി വീണ്ടും കൂട്ടുകൂടുന്നത്.

ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു 2017ൽ മഹാഗഡ്ബന്ധൻ സർക്കാരിന്റെ പതനത്തിലേക്കും എൻ.ഡി.എയിലേക്കുള്ള നിതീഷിന്റെ മടങ്ങിപ്പോക്കിനും വഴിയൊരുക്കിയത്.

സോഷ്യലിസ്റ്റ് ചേരിയിലെ മുൻ സഹപ്രവർത്തകനും പിന്നീട് രാഷ്‌ട്രീയ എതിരാളിയുമായ ലാലു പ്രസാദ് യാദവിന്റെ മകനുമായി വീണ്ടും കൈകോർക്കുന്നത് മറ്റൊരു യാദൃച്ഛികതയാണ്. അടുത്തകാലത്തായി ആർ.ജെ.ഡിയുമായി നിതീഷ് നല്ല ബന്ധത്തിലാണ്. ലാലുവിന്റെ ചികിത്സാ കാര്യങ്ങളിലും മറ്റും നിതീഷ് നേരിട്ട് ഇടപെട്ടിരുന്നു. പ്രതിപക്ഷ നേതാവ് തേജസ്വിയും സർക്കാരിനെതിരായ വിമർശനം കുറച്ചിരുന്നു.

2014ൽ ബി.ജെ.പി നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് നിതീഷ് ആദ്യം എൻ.ഡി.എ വിട്ടത്. 2015 നിയമസഭാ തിരഞ്ഞടുപ്പിൽ ബദ്ധവൈരിയായിരുന്ന ആർ.ജെ.ഡിക്കൊപ്പം ചേർന്ന് ബി.ജെ.പിക്ക് കനത്ത പ്രഹരവും നൽകി. ഭരണപക്ഷത്തെ അനൈക്യം മുതലെടുത്ത് തുടർന്ന് അമിത് ഷാ നടത്തിയ നീക്കങ്ങൾക്കൊടുവിൽ നിതീഷ് തിരികെ എൻ.ഡി.എയിലെത്തി.

എന്നാൽ നിതീഷും മോദിയും പരസ്പരം അകലം പാലിച്ചുവെന്നതാണ് യാഥാർത്ഥ്യം. ബീഹാറിൽ ജെ.ഡി.യു-ബി.ജെ.പി സർക്കാരും കേന്ദ്രവും ചേർന്ന് ഡബിൾ എൻജിൻ വികസനം കൊണ്ടുവരുമെന്ന വാഗ്‌ദാനം പാഴായെന്നാണ് നിതീഷിന്റെ വാദം. ജാതി രാഷ്‌ട്രീയം കൊടികുത്തി വാഴുന്ന ബീഹാറിൽ ജാതി സെൻസസിനുള്ള പ്രാധാന്യം നിതീഷ് ബോധ്യപ്പെടുത്തിയിട്ടും മോദി ചെവിക്കൊണ്ടില്ല. ഇതോടെ ഉള്ളിലുള്ള അകൽച്ച മറനീക്കി പുറത്തെത്തി. മോദിയുടെ വിശ്വസ്തനായി മാറിയ കേന്ദ്രമന്ത്രി ആർ.സി.പി സിംഗിനെ രാജ്യസഭാംഗത്വം പുതുക്കി നൽകാതെ തിരിച്ചുവിളിച്ചത് അതേ തുടർന്നാണ്. ഭിന്നതകൾ പരിഹരിക്കാൻ അമിത് ഷാ നേരിട്ട് ചർച്ചകൾ നടത്തിയിരുന്നു. ജെ.ഡി.യു 2024ലും ഒപ്പമുണ്ടാകുമെന്ന പ്രഖ്യാപനം അതേ തുടർന്നായിരുന്നു. ഇതിനിടെ ആർ.സി.പി സിംഗിനെ വച്ച് ബി.ജെ.പി തന്റെ പാർട്ടി പിളർത്താൻ ശ്രമിക്കുന്നുവെന്ന സംശയവും ബലപ്പെട്ടതോടെ നിതീഷിന് മറ്റൊന്നും ആലോചിക്കാനുണ്ടായില്ല.

ദേശീയ രാഷ്‌ട്രീയമാണ് നിതീഷിന്റെ ലക്ഷ്യമെങ്കിൽ അത് വരും ദിവസങ്ങളിൽ തന്നെ പ്രകടമാകും. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയിൽ വിശ്വാസമില്ലാത്ത മമതയുടെയും ചന്ദ്രശേഖര റാവുവുവിന്റെയും നിലപാട് നിർണായകമാണ്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടാൻ ആഗ്രഹിക്കുന്ന കോൺഗ്രസ് ഈ നീക്കത്തെ എതിർക്കാനുമിടയുണ്ട്. എങ്കിലും പ്രതിപക്ഷ കക്ഷികൾക്കിടയിൽ മോദിയെ എതിർക്കുന്ന, ഹിന്ദി ബെൽറ്റിൽ നിന്നുള്ള ശക്തനായ നേതാവെന്ന നിലയിൽ

സ്വീകാര്യനാണ് നിതീഷ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, NITHISH KUMAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.