SignIn
Kerala Kaumudi Online
Thursday, 25 April 2024 6.46 AM IST

സ്വാതന്ത്ര്യ‌സമരത്തിലെ അവിസ്‌മരണീയ പോരാളി

ss

പി.കെ. ഷൺമുഖം ഉൾപ്പെടെ കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യ‌സമരഭടന്മാർ ഒരിക്കൽക്കൂടി സ്‌മരണീയരാകുന്ന ചരിത്ര മുഹൂർത്തമാണ് സ്വാതന്ത്ര്യ‌ത്തിന് 75 വയസാകുന്ന ഈ ആഗസ്റ്റ് . ശ്രീനാരായണഗുരുവിന്റെ ഗൃഹസ്ഥശിഷ്യനായിരുന്ന പുല്ലന്തറ കൃഷ്ണനാശാന്റെ പുത്രനായി പി.കെ. ഷൺമുഖം കരുനാഗപ്പള്ളി താലൂക്കിൽ മരുതൂർക്കുളങ്ങരയിൽ 1898ൽ ജനിച്ചു. ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം പഴനിയിലും മധുരയിലും സംഗീതപഠനവുമായി ബന്ധപ്പെട്ടിരുന്ന കാലത്താണ് സ്വാതന്ത്ര്യസമരത്തിലേക്കെത്തിയത്. ജീവിതാന്ത്യം വരെ അദ്ദേഹം ഷൺമുഖം ഭാഗവതർ എന്ന് അറിയപ്പെട്ടെങ്കിലും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതു മുതൽ സംഗീതപഠനത്തിനും സാധനകൾക്കുമുള്ള അവസരം നഷ്ടമായി അദ്ദേഹത്തിന്.

1888-ൽ തിരുവിതാംകൂർ നിയമനിർമ്മാണ സഭ നിലവിൽ വന്നപ്പോൾ ഈഴവ, ക്രിസ്‌ത്യൻ, മുസ്ളിം പ്രാതിനിദ്ധ്യം വളരെ പരിമിതമായിരുന്നു. ഇക്കാരണത്താൽ സി. കേശവൻ, എൻ.സി. ജോസഫ്, പി.കെ. കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ നിവർത്തനപ്രക്ഷോഭത്തിന് തുടക്കമായപ്പോൾ,​ പി.കെ. കുഞ്ഞുമായുള്ള അടുപ്പം പി.കെ. ഷൺമുഖത്തെ നിവർത്തന പ്രക്ഷോഭത്തിലെ പോരാളിയാക്കി. പബ്ളിക് സർവീസ് കമ്മിഷന്റെ രൂപീകരണത്തിലും നിവർത്തനപ്രക്ഷോഭം വഴിതെളിച്ചു എന്നത് ചരിത്രത്തിന്റെ ഭാഗം.

സി.വി. കുഞ്ഞുരാമന്റെയും പട്ടം താണുപിള്ളയുടെയും നേതൃത്വത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ 1938 ആഗസ്റ്റ് 26 മുതൽ സംസ്ഥാന വ്യാപകമായി സിവിൽ നിയമലംഘന പ്രക്ഷോഭം തുടങ്ങി. അതിന്റെ ഭാഗമായി നിരോധനാജ്ഞ ലംഘിച്ച് പ്രസംഗിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട പിതാവ് ചെങ്കോട്ട ജയിലിലായി. 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ഗവൺമെന്റിന്റെ കടുത്ത മർദ്ദനമുറകളിൽ പ്രതിഷേധിച്ച് സ്‌കൂളുകളും കോളേജുകളും പിക്കറ്റുചെയ്ത പി.കെ. ഷൺമുഖത്തെ അറസ്റ്റുചെയ്ത് കരുനാഗപ്പള്ളി ലോക്കപ്പിൽ പാർപ്പിച്ച് അതിക്രൂര മർദ്ദനത്തിനു വിധേയനാക്കി. ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ കൊള്ളരുതായ്മകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ആലപ്പുഴയിൽ 1938ൽ നടന്ന പ്രകടനം വെടിവയ്പിലാണ് കലാശിച്ചത്. ആ പ്രകടനത്തിൽ പങ്കെടുത്ത പി.കെ. ഷൺമുഖം മൃഗീയമർദ്ദനത്തെ തുടർന്ന് മൃതപ്രായനായി. സ്വാതന്ത്ര്യ സമരഭടന്മാർ അദ്ദേഹത്തെ ആലപ്പുഴയിൽനിന്ന് ബോട്ടുമാർഗം കൊല്ലത്തെത്തിച്ചു. സ്വാതന്ത്ര്യ‌ സമരത്തിനുവേണ്ടി അധിക ത്യാഗമനുഭവിച്ചവരുടെ പട്ടികയിൽപ്പെടുത്തി ആദ്യത്തെ പട്ടം താണുപിള്ള ഗവൺമെന്റ് കോട്ടയം മണിമലയിൽ അദ്ദേഹത്തിന് പതിനഞ്ചേക്കർ ഭൂമി പതിച്ചുകൊടുത്തു. രാഷ്ട്രപതിയുടെ താമ്രപത്രവും ലഭിച്ചിട്ടുണ്ട്.

ദിവാൻ സർ സി.പിയുടെ ഭരണവൈകല്യങ്ങളും ക്രൂരമായ അടിച്ചമർത്തലും ചോദ്യം ചെയ്തുകൊണ്ട് കൊല്ലത്ത് നിരോധനാജ്ഞ ലംഘിച്ചതിന് പി.കെ. ഷൺമുഖത്തെ അറസ്റ്റ് ചെയ്ത് കൊല്ലം കസ്‌‌ബ ലോക്കപ്പിൽ പാർപ്പിച്ചു. പൊലീസിന്റെ സഹായികളായി ചട്ടമ്പികളും വേട്ടയ്‌ക്കിറങ്ങിയ കിരാതഭരണത്തിനു കീഴിൽ തിരുവിതാംകൂർ ഞെരിഞ്ഞമർന്ന സമയത്താണ് പ്രമുഖ പത്രങ്ങളായ കേരളകൗമുദിയുടേയും മലയാള മനോരമയുടേയും ലൈസൻസ് റദ്ദാക്കിയത്. കോഴിയെയും ആടിനെയും മോഷ്ടിച്ചെന്ന കള്ളക്കേസ് ചമച്ചുപോലും വിചാരണ കൂടാതെ പി.കെ. ഷൺമുഖത്തെ ലോക്കപ്പിലിട്ടിട്ടുണ്ട്.

ശാരീരികാവശതകൾക്കിടയിലും ഗുരുധർമ്മപ്രചാരണത്തിലും ഖാദി പ്രചാരണത്തിലും അയിത്തോച്ചാടന പ്രവർത്തനങ്ങളിലും വിദ്യാലയങ്ങളുടേയും ക്ഷേത്രങ്ങളുടേയും നിർമ്മാണ പ്രവർത്തനങ്ങളിലും അദ്ദേഹം വ്യാപൃതനായിരുന്നു.

സ്വാതന്ത്ര്യ‌ാനന്തരകാലത്ത്, 1959-ലെ വിമോചനസമരവുമായി ബന്ധപ്പെട്ട്, സർക്കാരിനെതിരെയുള്ള നിശിത വിമർശനങ്ങൾ ഒഴിവാക്കുവാനുള്ള മുൻകരുതലെന്ന നിലയിൽ പി.കെ. ഷൺമുഖം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് കൊല്ലം സബ് ജയിലിൽ കരുതൽ തടങ്കലിലായി. വിമോചന സമരത്തിന്റെ മുന്നണിപോരാളികളായിരുന്ന ആർ. ശങ്കറിനോടും മന്നത്ത് പത്മനാഭനോടുമുള്ള കടപ്പാടിന്റെ പേരിലായിരുന്നു അദ്ദേഹം ശാരീരിക അവശതകൾക്കിടയിലും വിമോചന സമരത്തിൽ അണിചേർന്നത്.

ലേഖകന്റെ ഫോൺ: 9567934095

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: P K SHANMUKHAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.