SignIn
Kerala Kaumudi Online
Friday, 19 April 2024 9.30 PM IST

സ്വർണക്കടത്തിന് തണലായ ക്വട്ടേഷൻ സംഘങ്ങളെ അടിച്ചമർത്തണം

photo

കേരളത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം കള്ളക്കടത്തു സംഘങ്ങൾ അഴിഞ്ഞാടുകയാണ്. ചിലരെ തട്ടിക്കൊണ്ടു പോകുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. എന്തുകൊണ്ട് പൊലീസിനു ഈ സംഘങ്ങളെ കൃത്യമായി തിരിച്ചറിയാനും അമർച്ചചെയ്യാനും കഴിയുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളിലൂടെയും അല്ലാതെയുമുള്ള സ്വർണ കള്ളക്കടത്തിന് രാഷ്ട്രീയ തണൽ ലഭിക്കുന്നു എന്നത് വസ്‌തുതയാണ്. അതുകൊണ്ടു തന്നെയാണ് ഒരു പരിധി വരെ പൊലീസ് അനങ്ങാപ്പാറനയം സ്വീകരിക്കുന്നത്. തട്ടിക്കൊണ്ടു പോകൽ, ക്വട്ടേഷൻ, കൊലപാതകം തുടങ്ങിയ ക്രിമിനൽ സംഭവങ്ങളിൽ വർഷങ്ങളായി ഏർപ്പെടുന്നവരാണ് ഈ കേസുകൾക്ക് പിന്നിലെന്ന് വ്യക്തം. ഈ സാഹചര്യത്തിൽ സംഘങ്ങളെ പൊലീസിന് വ്യക്തമായി തിരിച്ചറിയാൻ കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നിട്ടും തട്ടിക്കൊണ്ടു പോകപ്പെട്ടവരെ മൃതദേഹമായി മാത്രമേ കിട്ടുന്നുള്ളൂ . അങ്ങനെ വരുമ്പോൾ ഇത്തരം ക്രിമിനൽ സംഘങ്ങളിലേക്ക് എത്തുന്നതിൽ നിന്നും പൊലീസിനെ ആരൊക്കെയോ തടയുന്നുവെന്ന് കരുതേണ്ടി വരും.

സംസ്ഥാനത്തെ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കർശന നടപടികൾ ഇല്ലാത്തതാണ് ക്വട്ടേഷൻ സംഘങ്ങളും സ്വർണക്കടത്ത് റാക്കറ്റും തഴച്ചുവളരാൻ ഇടയാക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തിയ 20 കിലോ സ്വർണമാണ് പൊലീസ് മാത്രം പിടിച്ചെടുത്ത്. കേന്ദ്ര ഏജൻസികൾ പിടിച്ചെടുത്തതുകൂടി പരിശോധിക്കുമ്പോൾ ഇതിന്റെ ഇരട്ടി വരും. ഈ കള്ളക്കടത്തിന്റെ തണലിൽ തഴച്ചുവളരുന്ന ക്വട്ടേഷൻ സംഘങ്ങൾ ഇന്ന് നാട്ടിലെ പ്രധാന ക്രമസമാധാന പ്രശ്‌നക്കാരായി മാറിക്കഴിഞ്ഞു.

സ്വർണക്കടത്തുകാർ കാരിയർമാരെ മർദ്ദനത്തിന് ഇരയാക്കിയ സംഭവങ്ങൾ നിരവധിയുണ്ടെങ്കിലും അടുത്തകാലത്താണ് ജീവനെടുക്കുന്ന സംഭവങ്ങളിലേക്ക് തിരിഞ്ഞത്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് കോഴിക്കോട് പന്തിരിക്കരയിലെ ഇർഷാദിന്റെ മരണം. തട്ടിക്കൊണ്ടു പോയവർ വീട്ടുകാർക്ക് അയച്ചു കൊടുത്ത ചിത്രത്തിൽ ഇർഷാദിന്റെ ഇരുകൈകളും ബന്ധിച്ചനിലയിലായിരുന്നു. ക്രൂരമായി മർദ്ദനമേറ്റതിന്റെയും ലക്ഷണങ്ങൾ പ്രക‌ടം. തിക്കോടി കോടിക്കൽ കട‌പ്പുറത്തു നിന്ന് കിട്ടിയ മൃതദേഹം ആളുമാറി സംസ്‌‌കരിക്കുകയും പിന്നീട് ഡി.എൻ.എ പരിശോധനയിലൂടെ ഇർഷാദിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. ഈ കേസിൽ പൊലീസിന് എന്തു ചെയ്യാനായെന്നാണ് പ്രധാനമായി പരിശോധിക്കേണ്ടത്. ഇർഷാദിനെ സ്വർണക്കടത്ത് മാഫിയയുടെ നിർദ്ദേശപ്രകാരം ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയെന്ന് വ്യക്തമായിട്ടും പൊലീസിന് അയാളുടെ ജീവൻ രക്ഷിക്കാനായില്ല. ഒരു സുപ്രഭാതത്തിൽ കടപ്പുറത്ത് പൊങ്ങിയ മൃതദേഹം ഇർഷാദിന്റേതാണെന്ന് തിരിച്ചറിയാൻ പോലും കഴിയാത്തവിധമായിരുന്നു. കേസിൽ ആരും കുടുങ്ങാതിരിക്കാൻ ഇർഷാദ് പാലത്തിൽ നിന്ന് ചാടിയതാണെന്ന ഒരു കഥയുമുണ്ടാക്കി. ഇതിന് വ്യക്തവരുത്താനായി ഇർഷാദിന്റെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ ആസ്ഥലത്ത് ക്രമീകരിക്കുകയും ചെയ്‌തു. ഇപ്പോഴും പൊലീസിന് യഥാർത്ഥ പ്രതികളിലേക്ക് എത്താനായില്ല. ഈ മാഫിയകളെ നിയന്ത്രിക്കാതെ ഇനിയും പൊലീസ് കൈകെട്ടി നിൽക്കുകയാണെങ്കിൽ സമീപഭാവിയിൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും.

ഇന്ന് സ്വർണക്കടത്ത് വലിയ റാക്കറ്റുകളുടെ നിയന്ത്രണത്തിലാണ്. വിദേശത്തും നാട്ടിലുമായി പടർന്നുകിടക്കുന്ന ഈ മാഫിയകളെ സഹായിക്കുന്നത് ക്വട്ടേഷൻസംഘങ്ങളാണ്. കള്ളക്കടത്ത് സ്വർണം പിടികൂടുന്നുണ്ടെങ്കിലും ഇതിനു പിന്നിലെ റാക്കറ്റുകൾ എന്നും സുരക്ഷിതരാണ്. അവരെ പിടികൂടാനോ, പിടികൂടിയാൽ സമയബന്ധിതമായി ശിക്ഷ ഉറപ്പാക്കാനോ കഴിയാത്തത് ഈ സംഘങ്ങൾക്ക് കൂടുതൽ ധൈര്യം പകരുന്നു. 2021 ജൂണിൽ രാമനാട്ടുകരയിൽ അഞ്ച് യുവാക്കൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിന്റെ അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല. കണ്ണൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 70 ലധികം പേരാണ് കേസിൽ പിടിയിലായത്. ഇവരെല്ലാവരും ക്വട്ടേഷൻ സംഘങ്ങളിൽ ഉൾപ്പെട്ടവരായിരുന്നു.

ഒരു കിലോഗ്രാം സ്വർണം കടത്തുമ്പോൾ കാരിയർമാർക്ക് നാലു മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. വിമാന ടിക്കറ്റും സൗജന്യമായി ലഭിക്കും. ഈ തുകയ്‌ക്കായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജീവൻ കളയണമോ എന്ന് യുവാക്കൾ ചിന്തിക്കണം. ഭീകരവാദ പ്രവർത്തനങ്ങളെ സഹായിക്കുന്നവർ ഉൾപ്പെടെയുള്ള സംഘമാണ് സ്വർണക്കടത്തിന് പിന്നിലുള്ളതെന്ന് ഓർക്കണം. സമ്പദ്ഘടനയെ തകർക്കുന്നതും വിധ്വംസക പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമാകുന്ന സ്വർണക്കള്ളക്കടത്ത് തടയപ്പെടണം. അതിന് ശക്തമായ നിയമവും കാര്യശേഷിയുള്ള അന്വേഷണസംഘങ്ങളും വേണമെന്ന കാര്യത്തിൽ തർക്കമില്ല. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് പുതുമയുള്ള കാര്യമല്ലെങ്കിലും കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന സംഘങ്ങൾ ഉയർത്തുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുകയാണ്. ഇക്കാര്യം പൊലീസിന് തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിലും ഭരണകൂടങ്ങളുടെ അദൃശ്യ ഇടപെടൽ തടസം സൃഷ്‌ടിക്കുന്നു. രാമനാട്ടുകര വാഹനാപകടത്തിന് പിന്നാലെയുള്ള സംഭവങ്ങൾ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന സംഘങ്ങളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശിയെങ്കിലും ശക്തമായ ഒരു നടപടിയുമുണ്ടാകാത്തത് സമാന സംഭവങ്ങൾ വർദ്ധിക്കാനിടയാക്കി. ശക്തമായ ശിക്ഷ ഉറപ്പാക്കിയാൽ യുവാക്കൾ ഉൾപ്പെടെയുള്ളവർ ക്വട്ടേഷൻ സംഘങ്ങളിൽ നിന്ന് പിന്മാറുമെന്നുമെന്ന് പ്രതീക്ഷിക്കാം. അതിനായി രാഷ്‌ട്രീയകുടക്കീഴിലുള്ള ഈ സംഘങ്ങളുടെ സഹവാസത്തിന് അറുതി വരുത്തണം.

കള്ളക്കടത്തിന്റെ ഭാഗമായുള്ള സംഘടിത കുറ്റകൃത്യങ്ങൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിൽ വരില്ല. തട്ടിക്കൊണ്ടുപോകൽ, ഭീഷണി, അക്രമം എന്നിവയാണ് സംഘടിത കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുക. കള്ളക്കടത്ത് സ്വർണം പിടികൂടുന്നതിനൊപ്പം സംഘടിത കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ മഹാരാഷ്‌ട്ര മോഡൽ നിയമം ( മക്കോക്ക) വേണമെന്ന മുൻ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ ശുപാർശ വ്യാപകമായ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. അത് കരിനിയമമാകുമെന്ന ആക്ഷേപമാണ് ശക്തമായി ഉയർന്നത്. എന്നാൽ, സംഘടിത കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമങ്ങൾ കേരളത്തിലുണ്ട്. അവ ഉചിതമായി പ്രയോഗിക്കുകയാണ് വേണ്ടത്. അതിനായി ശക്തമായ ഒരു പൊലീസ് സംവിധാനത്തെയാണ് വാർത്തെടുക്കേണ്ടത്. ബാഹ്യഇടപെടലുകളൊന്നും ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പാക്കുകയും വേണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള സംഘടിത കുറ്റകൃത്യങ്ങൾ മലബാർ മേഖലയിൽ ശക്തിയാർജ്ജിക്കുന്നത് തിരിച്ചറിയപ്പെടാതെ പോകരുന്നത്. ഗൾഫ് നാടുകളിൽ നിന്ന് എങ്ങനെയും സ്വർണം കടത്താനുള്ള പദ്ധതികളുമായി മാഫിയസംഘം പ്രവർത്തിക്കുമ്പോൾ ആ സംഘങ്ങളിലേക്ക് കൂടുതൽപേർ അകപ്പെടാം. കാരിയർമാർ വിമാനത്തിൽ കയറുമ്പോൾ മുതൽ സ്വർണക്കടത്ത് മാഫിയയുടെ കർശന നിരീക്ഷണമുണ്ടാകും. നാട്ടിലെത്തുമ്പോൾ പറഞ്ഞ സ്ഥലത്ത് സ്വർണമെത്താത്തപ്പോഴാണ് തട്ടിക്കൊണ്ടുപോകലും മർദ്ദനവും പിന്നീട് കൊലപാതകവും അരങ്ങേറുന്നത്. ഇത്തര സംഭവങ്ങൾ ഒറ്റപ്പെ‌ട്ടതല്ലെന്ന് സമീപകാല സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു. അതിനാൽ ആഭ്യന്തരവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലിന് ഇനി വൈകികൂടാ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD SMUGGLING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.