SignIn
Kerala Kaumudi Online
Friday, 29 March 2024 4.41 PM IST

ജീവനു നേരെയുള്ള ഭീഷണി കാണാതെ പോകരുത്

photo

തിരുവനന്തപുരം കേശവദാസപുരത്ത് റിട്ട. ഉദ്യോഗസ്ഥയെ കൊന്ന് ജഡം സമീപത്തെ കിണറ്റിൽ കെട്ടിത്താഴ്‌ത്തിയ സംഭവത്തിൽ പ്രതിയെ രണ്ടാംദിവസം തന്നെ പിടികൂടാനായത് പൊലീസിന്റെ മിടുക്കു തന്നെയാണ്. ഇതുപോലുള്ള കേസുകളിൽ മുമ്പും നമ്മുടെ പൊലീസിന്റെ അന്വേഷണപാടവം തെളിഞ്ഞിട്ടുള്ളതാണ്. കൊളീജിയറ്റ് എഡ്യൂക്കേഷൻ വകുപ്പിൽനിന്ന് റിട്ടയർ ചെയ്ത മനോരമ എന്ന വീട്ടമ്മയെ ബംഗാളിയായ അതിഥിത്തൊഴിലാളി സ്വർണാഭരണം കൈക്കലാക്കാനാണ് പട്ടാപ്പകൽ നിർദ്ദയം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. തട്ടിയെടുത്ത ആഭരണങ്ങളുമായി സ്വദേശത്തേക്കു മടങ്ങുന്നതിനിടയിൽ ചെന്നൈ റെയിൽവേ സ്റ്റേഷനിൽവച്ചാണ് ആദം അലി എന്ന ബംഗാളി നിർമ്മാണത്തൊഴിലാളി പിടിയിലാകുന്നത്. സി.സി.ടിവി ദൃശ്യങ്ങളും കൂടെ താമസിച്ചിരുന്നവരിൽ നിന്നു ലഭിച്ച വിവരങ്ങളും വച്ച് പൊലീസ് ദ്രുതഗതിയിൽ നടത്തിയ നീക്കങ്ങൾക്കു ഫലമുണ്ടായി. മുമ്പ് തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാരച്ചെടി വില്പനകേന്ദ്രത്തിലെ ജോലിക്കാരിയായ യുവതിയെ കൊലപ്പെടുത്തി ആഭരണം കവർന്ന കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശിയെ പിടികൂടാനും പൊലീസിനു കഴിഞ്ഞിരുന്നു. ചെടിവില്പനകേന്ദ്രത്തിൽ മറ്റാരുമില്ലാത്ത അവസരം മുതലാക്കിയാണ് അക്രമി അകത്തുകടന്ന് യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തി ആഭരണം കൈക്കലാക്കിയത്. സമീപത്തുതന്നെയുള്ള ചായക്കടയിൽ ജോലിക്കാരനായി നിന്നയാളാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കേശവദാസപുരത്ത് റിട്ട. ഉദ്യോഗസ്ഥ സംഭവസമയത്തു വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഭർത്താവ് പരവൂരിൽ താമസിക്കുന്ന മകളെ കാണാൻവേണ്ടി പോയിരുന്നു. വീട്ടിൽ മറ്റാരുമില്ലെന്നു മനസിലാക്കിയാണ് തൊട്ടടുത്തു വാടകവീട്ടിൽ കഴിയുന്ന അതിഥി തൊഴിലാളികളുടെ കൂട്ടത്തിലുള്ള യുവാവ് കൊടുംക്രൂരതയ്ക്കു തുനിഞ്ഞത്.

അന്യനാടുകളിൽ നിന്ന് ഇവിടെവന്ന് തൊഴിലെടുത്തു ജീവിക്കുന്ന ലക്ഷക്കണക്കിനു പേരുണ്ട്. അവരിൽ നന്നേ ചെറിയൊരു ശതമാനം പേർ എന്തു അക്രമം കാട്ടാനും പോന്നവരാണെന്നതിന് മുമ്പും ഉദാഹരണങ്ങളുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് അതിഥിത്തൊഴിലാളികൾ ഏറെയുണ്ടെങ്കിലും അവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആരുടെ പക്കലുമില്ലെന്നതാണ് യാഥാർത്ഥ്യം. പുറത്തുനിന്നെത്തുന്നവർ തൊഴിൽവകുപ്പിലും പൊലീസിലുമൊക്കെ രജിസ്റ്റർ ചെയ്യണമെന്നാണു നിബന്ധന. എന്നാൽ ഇതു പാലിക്കാൻ അതിഥിത്തൊഴിലാളികളോ അവരെ ഇവിടെയെത്തിക്കുന്ന ഏജൻസികളോ താത്‌പര്യം കാട്ടാറില്ല. കുറ്റകൃത്യങ്ങൾ നടക്കുമ്പോഴാണ് ഇവരുടെ വ്യക്തിഗത വിവരങ്ങൾ തേടി പരക്കംപായുന്നത്. അതിഥിത്തൊഴിലാളികളിൽ ഇരുപതു ശതമാനം പേർ പോലും തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അധികൃതരെ അറിയിച്ചിട്ടില്ലെന്നാണു മനസിലാക്കുന്നത്. കേസുകൾ ഉത്ഭവിക്കുമ്പോഴാകും പൊലീസ് ഇവരെ തേടിയിറങ്ങുന്നത്. പൊലീസെത്തും മുമ്പേ നാടുവിട്ടവരെ പിന്നീട് കണ്ടുപിടിക്കാനും വിഷമമാണ്.

അതിഥിത്തൊഴിലാളികളുടെ സേവനമില്ലെങ്കിൽ ഇവിടെ പല നിർമ്മാണപ്രവർത്തനങ്ങളും സ്തംഭിക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കൊവിഡ് കാലത്ത് അവർ നാട്ടിലേക്കു മടങ്ങിയപ്പോൾ ഇവിടെ നിർമ്മാണമേഖല ഏറക്കുറെ സ്തംഭിച്ചിരുന്നു. വിശേഷാവസരങ്ങളിൽ ഇവർ കൂട്ടത്തോടെ സ്വദേശങ്ങളിലേക്കു പോകുമ്പോൾ നിർമ്മാണജോലികൾ പലതും മന്ദഗതിയിലാകും .

വയോജനങ്ങളും ഒറ്റയ്ക്കു കഴിയേണ്ടിവരുന്ന സ്ത്രീകളുമൊക്കെ വളരെയേറെ ജാഗ്രതയും കരുതലും സ്വീകരിക്കണമെന്നാണ് അടിയ്ക്കടിയുണ്ടാകുന്ന കൊലപാതകങ്ങൾ ഓർമ്മപ്പെടുത്തുന്നത്. തൊട്ടടുത്തുതന്നെ പതിയിരിക്കുന്ന അപകടഭീഷണിയെക്കുറിച്ച് എല്ലാവർക്കും ബോധമുണ്ടാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURDERS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.