കഴക്കൂട്ടം: 2020 ഡിസംബർ 9ലെ കൊവിഡ് ബാധിതരുടെ എണ്ണമെത്ര, കെ.കെ. ശൈലജ ടീച്ചറുടെ ചോദ്യത്തിന് ഡിഫറന്റ് ആർട്സ് സെന്ററിലെ രംഗനാഥ് ഉടൻ മറുപടി നൽകി 4875. സ്ക്രീനിൽ സർക്കാർ പോർട്ടലിൽ നിന്ന് ആ നമ്പർ തെളിഞ്ഞതോടെ ടീച്ചറും ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിയും കാണികളും വിസ്മയഭരിതരായി. തുടർന്ന് ചീഫ് സെക്രട്ടറി തന്നെ മറ്റൊരു തീയതിയിലെ കൊവിഡ് കണക്ക് ചോദിച്ചു. അതിനും ഞൊടിയിടയിൽ രംഗനാഥ് ഉത്തരമേകി. സദസിൽ സന്നിഹിതരായിരുന്ന വിശിഷ്ടവ്യക്തികളുടെയും മാദ്ധ്യമപ്രവർത്തകരുടെയും വിവിധ ഡേറ്റുകളിലെ കൊവിഡ് കണക്കുകളുമായി ബന്ധപ്പെട്ട തുടരെത്തുടരെയുള്ള ചോദ്യശരങ്ങൾക്ക് രംഗനാഥിന്റെ കൃത്യമായ മറുപടി സദസിനെ ഒന്നടങ്കം സ്തബ്ധമാക്കി. ഭിന്നശേഷിക്കുട്ടികളുടെയുള്ളിൽ ഒളിഞ്ഞിരിക്കുന്ന പ്രത്യേക കഴിവുകളെ കണ്ടെത്തി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന അൺവീലിംഗ് ദ അൺബിലീവബിൾ എന്ന പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് രംഗനാഥ് കാണികളെ അത്ഭുതപ്പെടുത്തിയത്.
ഡേറ്റ് മാത്രമല്ല, ശൈലജ ടീച്ചറുടെയും ചീഫ് സെക്രട്ടറിയുടേതടക്കം വണ്ടി നമ്പർ അക്കം തെറ്റാതെ രംഗനാഥ് എന്ന 18 വയസുകാരൻ പറഞ്ഞു. ഒപ്പം 2005 മുതലുള്ള എല്ലാ കലണ്ടർ വിശേഷങ്ങളും കാണാപ്പാഠമാണ്. ഡിഫറന്റ് ആർട്സ് സെന്ററിലെ രണ്ടാമത്തെ ബാച്ചിൽ അഡ്മിഷൻ നേടിയ കുട്ടിയാണ് രംഗനാഥ്. സെന്റ് മേരീസ് പട്ടം ഹയർ സ്കൂളിൽ നിന്നും പ്ലസ് ടു പൂർത്തിയാക്കിയാണ് ഇവിടെ ചേർന്നത്. ഡോ.നിഷ വി.എമാണ് പരിശീലക. കിൻഫ്റ മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് അദ്ധ്യക്ഷത വഹിച്ചു. മാജിക് അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |