SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.14 AM IST

ഈ മീശക്കാരൻ ആള് ചെറിയ പുള്ളിയല്ല

gopakumar

മീശയും പിരിച്ചിരിക്കുന്ന വെളുത്തുമെലിഞ്ഞൊരു മനുഷ്യൻ. തിരുവനന്തപുരത്ത് സി.പി.എമ്മിന്റെ കേരളത്തിലെ ആസ്ഥാനമായ എ.കെ.ജി സെന്ററിൽ കയറിച്ചെല്ലുന്നവരാരും റിസപ്‌ഷൻ ടേബിളിനു പിന്നിലിരിക്കുന്ന അദ്ദേഹത്തെ ശ്രദ്ധിക്കാതിരിക്കില്ല. ഒറ്റനോട്ടത്തിൽ ഗൗരവക്കാരനാണെന്ന് തോന്നും. അടുത്തു പരിചയപ്പെട്ടാലാകട്ടെ ചിരകാല സുഹൃുത്തിനെപ്പോലെയാകും പെരുമാറ്റം. ഇടയ്ക്കിടെ വിളിച്ച് ക്ഷേമാന്വേഷണം നടത്തും. എ.കെ.ജി സെന്ററിലിരിക്കുന്നയാളെന്ന നിലയിൽ പാർട്ടിക്കാര്യങ്ങളുടെ പൊട്ടും പൊടിയും അറിയാമെന്ന് കരുതിയാൽ തെറ്റി. ഒരക്ഷരം പറയില്ല. പാർട്ടിയെക്കുറിച്ച് ഒന്നും ചോദിക്കേണ്ടെന്ന് തുറന്നു പറയുകയും ചെയ്യും. കൊവിഡ് കാലമായതോടെ കഴിഞ്ഞ രണ്ട് വർഷമായി എ.കെ.ജി സെന്ററിലേക്ക് അങ്ങനെ വരാറില്ല. വന്നു പോയിക്കൂടെ എന്ന് പാർട്ടി സെക്രട്ടറി കോടിയേരി സഖാവ് സ്നേഹാന്വേഷണം നടത്താറുണ്ട്.

അടുപ്പമുള്ളവർ ഗോപിച്ചേട്ടൻ എന്നു വിളിക്കുന്ന ഒ.ഗോപിനാഥന് നവതിയായി. കണ്ടാൽ പ്രായം പറയില്ലെങ്കിലും 90 ന്റെ ആവേശത്തിലാണ് ഈ അടിയുറച്ച കമ്മ്യൂണിസ്റ്റ്. എന്താണ് ഗോപിച്ചേട്ടന്റെ പശ്ചാത്തലം? കേരളത്തിലെ അദ്ധ്യാപക സംഘടനാ പ്രസ്ഥാനത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ ഗോപിനാഥൻ സമുന്നതരായ പാർട്ടി നേതാക്കളുമായി ഹൃദയബന്ധം സൂക്ഷിക്കുന്നയാളാണ്. എം.എൻ.ഗോവിന്ദൻ നായർ മുതൽ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വരെ ആ സ്നേഹസൗഹൃദങ്ങളുടെ പട്ടികയിൽ വരും.

മാവേലിക്കര സ്വദേശിയാണ്. അച്ഛൻ ഉമ്മട്ടി വൈദ്യർ. അമ്മ അമ്മക്കുഞ്ഞമ്മ. ഒമ്പത് മക്കളിൽ ഏഴാമൻ. ഏക സഹോദരി ഈ മാസം ആദ്യം മരിച്ചു. മറ്റ് സഹോദരങ്ങൾ നേരത്തെ മരിച്ചതോടെ ഇനി താൻ മാത്രമാണുള്ളതെന്ന് ഗോപിച്ചേട്ടൻ പറയും.

നാട്ടിൽ ഹൈസ്ക്കൂളിൽ പഠിക്കുമ്പോഴാണ് വിദ്യാർത്ഥി സംഘടനയായ എസ്.എഫിൽ (സ്റ്റുഡന്റ്സ് ഫെഡറേഷൻ)അംഗമാകുന്നത്. പാർട്ടിയെ നിരോധിച്ചിരുന്ന ആ കാലത്ത് എമ്മെൻ വന്ന് സ്റ്റഡി ക്ളാസെടുത്തിരുന്നു ."എല്ലാവരോടും സ്നേഹത്തോടെ പെരുമാറണം.പാർട്ടി സഖാക്കളെ ഒറ്റികൊടുക്കരുത്. ഭീരുവാകാതെ ധീരമായി നിലകൊള്ളണം. സത്യം ആരോടും മുഖത്തുനോക്കി പറയണം". ഇങ്ങനെയുള്ള ഉപദേശങ്ങളും എമ്മെൻ നൽകിയിരുന്നു. സ്റ്റഡി ക്ളാസിൽ സജീവമായതോടെ എസ്.എസ്.എൽ.സി കഴിഞ്ഞപ്പോൾ വീട്ടുകാർ നാടുകടത്തി. രാഷ്ട്രീയമുണ്ടെങ്കിലും പഠിത്തത്തിൽ മിടുക്കനായിരുന്നതിനാൽ ഡോക്ടറാക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അതിനായി തിരുവനന്തപുരം എം.ജി.കോളേജിൽ ഇന്റർമീഡിയറ്റ് കോഴ്സിൽ (ഇന്നത്തെ പ്ളസ് ടു) ചേർത്തു. ഒരുമാസമായപ്പോഴേക്കും സെക്കൻഡ് ഗ്രൂപ്പ് മടുത്തു. തവളയെയും പാറ്റയേയുമൊക്കെ കീറിമുറിക്കുന്ന പ്രാക്ടിക്കലിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. പഠിത്തം മതിയാക്കാൻ തീരുമാനിച്ചു. പറയാനുള്ള കാര്യം ആരുടെയടുത്തും ധൈര്യമായി പറയണമെന്ന് എമ്മെൻ പഠിപ്പിച്ചത് മനസിലോർത്തപ്പോൾ ധീരമായി പ്രിൻസിപ്പലിന്റെയടുത്ത് പോയി ഫസ്റ്റ് ഗ്രൂപ്പിന് അഡ്മിഷൻ തന്നില്ലെങ്കിൽ എല്ലാം മതിയാക്കുകയാണെന്ന് തുറന്നുപറഞ്ഞു. നല്ല മാർക്കുള്ള ആ വിദ്യാർത്ഥിയെ കൈവിടാൻ പ്രിൻസിപ്പൽ തയ്യാറായില്ല.ഫസ്റ്റ് ഗ്രൂപ്പിന് അഡ്മിഷൻ നൽകി.ഹോസ്റ്റലിലായിരുന്നു താമസം.അന്ന് സമരങ്ങൾക്കൊന്നും പോകരുതെന്ന് വീട്ടിൽനിന്ന് ശാസനയുണ്ടായിരുന്നു.ഹോസ്റ്റലിൽ താമസിക്കുന്നവർ സമരത്തിനു പോയാൽ ഹോസ്റ്റലിൽ നിന്നും കോളേജിൽ നിന്നും പറഞ്ഞുവിടും.കോളേജിൽ സമരം നടക്കുമ്പോൾ ഗോപിനാഥനും സഹപാഠിയും മാത്രമായി ക്ളാസിലിരുന്നിട്ടുണ്ട്.

ഇന്റർമീഡിയറ്റ് പാസ്സായതോടെ മെരിറ്റ് സ്കോളർഷിപ്പിൽ യൂണിവേഴ്സിറ്റി കോളേജിൽ

മാത് സിനു ചേർന്നു. അപ്പോഴാണ് ആശ്വാസമായത്. വീണ്ടും വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായി. പിന്നീട് ഡി.ജി.പിയായ കൃഷ്ണൻനായർ അന്ന് സഹപാഠിയായിരുന്നു. ഡിഗ്രി പാസ്സായപ്പോൾ പി.എസ്.സി മുഖേന ഗ്രാജ്വേറ്റ് ടീച്ചറായി നിയമിതനായി. പിന്നീട് സ്റ്റൈപെന്റോടെ ബി.എഡും പഠിച്ചു. ഡിപ്പാർട്ട്മെന്റൽ ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷനിലൂടെ അദ്ധ്യാപകരെ സംഘടിപ്പിച്ചു.1973 ലെ പണിമുടക്കിൽ 56 ദിവസം തുടർച്ചയായി പങ്കെടുത്തു. കമ്മ്യൂണിസം പഠിപ്പിക്കുന്നുവെന്ന് പറഞ്ഞ് സ്ഥലം മാറ്റി. സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ പ്രൊമോഷനുകളൊന്നും സ്വീകരിച്ചില്ല. കെ.ജി.ടി.എ രൂപീകരിച്ചപ്പോൾ സംസ്ഥാന ഭാരവാഹിയായി. എസ്.എം.വി സ്കൂളിൽ നിന്ന് മാത്‌സ് അദ്ധ്യാപകനായി 1989 ൽ റിട്ടയർ ചെയ്തു. 1990 ൽ ചേർന്ന ഇ.എം.എസ് പങ്കെടുത്ത പൂർണ സെക്രട്ടേറിയറ്റ് യോഗമാണ് ഗോപിനാഥനെ എ.കെ.ജി.സെന്ററിലെത്തിച്ചത്. കെ.ജി.ടി.എ യുടെ പാർട്ടി ചാർജ്ജുള്ള ചടയൻ ഗോവിന്ദനാണ് എ.കെ.ജി. സെന്ററിലേക്കുള്ള വഴിതുറന്നത്. അന്നത്തെ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ പിണറായി വിജയൻ മാത്രമെ ഇന്നുള്ളൂ.

എസ്.ആർ.പിയുമായി 1961 മുതലേയുള്ള ബന്ധമാണ്. ഇ.കെ.നായനാരും വി.എസും ചടയനും കോടിയേരിയും ബേബിയും വിജയരാഘവനും അങ്ങനെ പാർട്ടിയിലെ എല്ലാ നേതാക്കളുമായും ഊഷ്മളമായ ബന്ധമാണുള്ളത്. പിണറായി വിജയൻ തന്റെ എല്ലാ കാര്യങ്ങളും വിശദമായി തിരക്കുന്നയാളാണെന്ന് ഗോപിനാഥൻ പറയുന്നു. ഗോപിച്ചേട്ടന് ഒരു സ്വകാര്യ ദു:ഖമുണ്ട്. രണ്ടരവയസ്സിൽ മൂത്തമകൻ ലുക്കീമിയ ബാധിച്ച് മരിച്ചതാണത്.

തിരുവനന്തപുരത്ത് നിർമ്മലഭവനെതിരെയുള്ള ഹൗസിംഗ് ബോർഡിന്റെ രണ്ട് ബെഡ്റൂം ക്വാർട്ടേഴ്സിൽ വിമൻസ് കോളേജ് പ്രിൻസിപ്പലായി വിരമിച്ച ഭാര്യ കോമളകുമാരിക്കും ഇളയ മകനുമൊപ്പമാണ് താമസം. ചിങ്ങം ഒന്നിന് അടുപ്പമുള്ളവരുടെ ഒരൊത്തുചേരൽ തിരുവനന്തപുരത്ത് നടക്കും. നവതി ആഘോഷിക്കാൻ മുഖ്യമന്ത്രിയും എസ്.ആർ.പിയുമടക്കം പാർട്ടി നേതൃനിരയെത്തും. പാർട്ടിയിലെ തന്റെ പ്രിയപ്പെട്ടവർക്കും ഉറ്റ സുഹൃത്തുക്കൾക്കുമാണ് ക്ഷണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: O GOPINATHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.