SignIn
Kerala Kaumudi Online
Friday, 19 April 2024 4.41 PM IST

ഒട്ടും ഫാസ്റ്റല്ല ചാർജ്ജിംഗ് സ്റ്റേഷൻ നിർമ്മാണം

gggg

മലപ്പുറം: ജില്ലയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി പദ്ധതി മാസങ്ങളായിട്ടും എങ്ങുമെത്തിയിട്ടില്ല. മലപ്പുറം,​ പെരിന്തൽമണ്ണ,​ വള്ളുവമ്പ്രം,​ പൊന്നാനി എന്നിവിടങ്ങളിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിൽ വലിയ വാഹനങ്ങൾക്കുള്ള ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. സാമ്പത്തികമായി വിജയകരമാവില്ലെന്ന് ചൂണ്ടിക്കാട്ടി പെരിന്തൽമണ്ണയെയും വള്ളുവമ്പ്രത്തെയും അധികൃതർ ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള സിവിൽ പ്രവൃത്തികളെല്ലാം പൂ‌ർത്തീകരിച്ചിരുന്നു. അതേസമയം,​ പകരം മറ്റു സ്ഥലങ്ങളെ ഉൾപ്പെടുത്തിയിട്ടുമില്ല. ഇതോടെ രണ്ടിടങ്ങളിൽ മാത്രമായി കെ.എസ്.ഇ.ബി ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകൾ ഒതുങ്ങും.

മലപ്പുറം കെ.എസ്.ഇ.ബി സബ് സ്റ്റേഷനിൽ ചാർജ്ജിംഗ് ഉപകരണങ്ങൾ സ്ഥാപിച്ചിട്ട് മാസങ്ങളായി. വൈദ്യുതി കണക്‌ഷൻ, ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുന്നതിനുള്ള നെറ്റ്‌വർക്ക് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ചാർജ്ജിംഗ് സ്റ്റേഷനെ മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റു‌വെയർ ഇൻസ്റ്റാൾ ചെയ്യാനുണ്ട്. സ്വകാര്യ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. കെ.എസ്.ഇ.ബി അധികൃതർ വേണ്ട വിധത്തിൽ സമ്മർദ്ദം ചെലുത്താത്തതിനാൽ മറ്റ് ജില്ലകളിലെ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സ്വകാര്യ കമ്പനി. ജീവനക്കാരുടെ കുറവും തിരിച്ചടിയാണ്.

മലപ്പുറത്തെ ചാർജ്ജിംഗ് സ്റ്റേഷൻ കഴിഞ്ഞ ഡിസംബറിൽ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിട്ടെങ്കിലും കൊവിഡിന്റെ സാഹചര്യത്തിൽ നീണ്ടുപോയി. ഫെബ്രുവരി ആദ്യവാരംചാർജ്ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം നടത്താൻ പദ്ധതിയിട്ടെങ്കിലും പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ സാധിച്ചില്ല. പൊന്നാനിയിൽ ചാർജ്ജിംഗ് ഉപകരണങ്ങൾ എത്തിയിട്ടേ ഉള്ളൂ. നിലവിലെ സാഹചര്യത്തിൽ പ്രവൃത്തി പൂർത്തീകരിക്കാൻ സമയമെടുക്കും. ഇന്ധനവില വർദ്ധനവിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സ്വീകാര്യത വർദ്ധിക്കുമ്പോൾ ചാർജ്ജിംഗ് സ്റ്റേഷനുകളുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

എല്ലാം ഹൈടെക്
ഒരേസമയം നാല് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനമുണ്ടാവും. കാറുകൾ 40 മിനിറ്റ് കൊണ്ട് ഫുൾ ചാർജ്ജാവും. വീടുകളിൽ എസി ചാർജ്ജിംഗ് രീതിയാണെങ്കിൽ ഇവിടെ ഡിസി ചാർജ്ജിംഗാണ്. വീടുകളിൽ എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ ചാർജ്ജിംഗിന് സമയമെടുക്കും. ചാർജ്ജിംഗ് സ്റ്റേഷനുകളിൽ ഒരു യൂണിറ്റിന് ടാക്സ് അടക്കം 16 രൂപ നൽകേണ്ടിവരും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാവുന്ന ആപ്പ് ഉപയോഗിച്ച് ഓൺലൈനായി പണമടയ്ക്കാം. ചാർജ്ജിംഗ് സ്റ്റേഷനിൽ ജീവനക്കാർ ഉണ്ടാവില്ല.

മലപ്പുറത്തെ ചാർജ്ജിംഗ് സ്റ്റേഷനിൽ സേഫ്റ്റുവെയർ കൂടി ഇൻസ്റ്റാൾ ചെയ്യാനുണ്ട്. പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അനീഷ് പാറക്കാടൻ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, മലപ്പുറം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, CHARGING STAION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.