SignIn
Kerala Kaumudi Online
Wednesday, 05 October 2022 5.32 AM IST

കേന്ദ്രകുഴിയും സംസ്ഥാന കുഴിയും

road

സംസ്ഥാനത്തെ റോഡുകളിൽ ദേശീയ കുഴിയും സംസ്ഥാന കുഴിയും ഉണ്ടോ? ഉണ്ടെന്നാണ് നമ്മുടെ ഭരണാധികാരികളും രാഷ്ട്രീയക്കാരും പറയുന്നത്. തകർന്ന ദേശീയപാതയിലെയും സംസ്ഥാന പാതകളിലെയും കുഴികളിലാണ് ഈ തരംതിരിവ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ നിത്യേനെ യാത്ര ചെയ്യുന്ന ജനങ്ങൾക്കറിയണ്ടേ കാര്യമുണ്ടോ ആരുടെ കുഴിയാണെന്ന് ! അവരെ കുഴിയിൽ വീഴ്ത്തെരുതെന്ന അപേക്ഷ മാത്രമേയുള്ളൂ. കുഴിയിൽ ചാടി നടുവൊടിയാതെ യാത്രചെയ്യണമെന്നത് അവരുടെ അവകാശമാണ്. സംസ്ഥാനത്തെ ദേശീയപാതയും സംസ്ഥാനപാതകളും ഗ്രാമീണ റോഡുകളും അടക്കം മുമ്പെങ്ങും ഇല്ലാത്തവിധം തകർന്ന് തരിപ്പണമായെന്നത് സുവ്യക്തമാണ്. മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രിയായി ചുമതലയേറ്റയുടൻ പ്രഖ്യാപിച്ചത് സംസ്ഥാനത്തെ റോഡുകളെല്ലാം സുരക്ഷിതമായി യാത്രചെയ്യാനാവും വിധം നന്നാക്കുമെന്നായിരുന്നു. എവിടെ റോഡ് തകർന്നാലും പൊതുജനങ്ങൾ തന്നെ ബന്ധപ്പെട്ടാൽ ഉടൻ നടപടിയെടുക്കുമെന്നും പറഞ്ഞു. ഇതിനായി ഫോൺ ഇൻ പരിപാടികൾ നടത്തി പരാതികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ എല്ലാം പെട്ടെന്നാണ് മാറിമറിഞ്ഞത്. അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ചതെന്ന് പറയുന്ന ദേശീയപാതയടക്കം തകർന്ന് തരിപ്പണമായി. കാലവർഷം ശക്തിപ്രാപിച്ചതോടെ മഴവെള്ളം നിറഞ്ഞ് കുഴികൾ മരണക്കയങ്ങളായി മാറുകയും ചെയ്തപ്പോൾ മന്ത്രിയുടെ പ്രഖ്യാപനങ്ങളും നടപടികളുമൊക്കെ പുത്തനച്ചിയുടെ പുരപ്പുറം തൂപ്പായി. റോഡിലെ കുഴികൾ വിലപ്പെട്ട മനുഷ്യ ജീവനുകളും അപഹരിച്ചു.

വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കരുതിയെങ്കിലും ആരോപണ പ്രത്യാരോപണങ്ങൾ നടത്തി ചുമതലയിൽ നിന്നൊഴിയാനാണ് പൊതുമരാമത്ത് മന്ത്രിയും കേന്ദ്രമന്ത്രിയും രാഷ്ട്രീയ പാർട്ടികളും ശ്രമിച്ചത്. കുഴികളെ ദേശീയമെന്നും സംസ്ഥാനമെന്നും ആദ്യം തരംതിരിച്ചത് മന്ത്രി മുഹമ്മദ് റിയാസാണ്. പ്രതിപക്ഷനേതാവ് വി.ഡി സതീശനും കേന്ദ്രമന്ത്രി വി.മുരളീധരനും പ്രശ്നത്തിൽ ഇടപെട്ടതോടെ സംസ്ഥാന കുഴിയേത്, കേന്ദ്ര കുഴിയേത് എന്നതിൽ പരസ്പരം ചെളിവാരിയേറ് തുടങ്ങി. കേന്ദ്ര കുഴിയായാലും സംസ്ഥാന കുഴിയായാലും മനുഷ്യരാണ് അതിൽ വീഴുന്നതെന്ന വി.ഡി സതീശന്റെ കമന്റ് ചർച്ചയായപ്പോൾ വി.മുരളീധരൻ പറഞ്ഞത് തങ്ങളല്ല, മന്ത്രി റിയാസാണ് ദേശീയ, സംസ്ഥാന കുഴികളെ തരംതിരിച്ചതെന്നാണ്. മുൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെക്കുറിച്ച് എൻ.എച്ചിലെ ഒരു എൻജിനിയർ പറഞ്ഞകാര്യമാണ് ഇവിടെ പ്രസക്തമാകുന്നത്. യാത്രയ്ക്കിടെ എവിടെയെങ്കിലും റോഡിൽ വലിയകുഴികൾ കണ്ടാൽ മന്ത്രി കാർ നിറുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിക്കും. ഉടൻ കുഴിയടയ്ക്കാൻ നിർദ്ദേശം നൽകും. ദേശീയ, സംസ്ഥാന പാതയെന്ന വ്യത്യാസമില്ലാതെയായിരുന്നു മന്ത്രിയുടെ ഇടപെടൽ.

വടിയെടുത്ത് ഹൈക്കോടതി

കേരളത്തിലെ റോഡുകളുടെ ദുസ്ഥിതി പരിഹരിക്കാൻ ഭരണക്കാരെക്കൊണ്ട് കഴിയില്ലെന്ന് കണ്ടിട്ടാകാം, കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചത്. സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ദേശീയപാത അതോറിട്ടിക്ക് ഹൈക്കോടതി അന്ത്യശാസനം നൽകി. റോഡപകടങ്ങൾ മനുഷ്യനിർമ്മിത ദുരന്തങ്ങളാണെന്നും റോഡുകൾ കുരുതിക്കളങ്ങളാകുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിട്ടി മേധാവികളായ കളക്ടർമാർ ഇക്കാര്യത്തിൽ കാഴ്ചക്കാരാകരുതെന്ന് പറഞ്ഞ അദ്ദേഹം, ദേശീയപാതയായാലും പി.ഡബ്ളിയു.ഡി, തദ്ദേശഭരണ സ്ഥാപന റോഡുകളാണെങ്കിലും അപകടം ഒഴിവാക്കാനുളള നടപടികൾ കളക്ടർമാർ ഉറപ്പാക്കണമെന്നും പറഞ്ഞു. ഇന്ത്യയിലെ മറ്റൊരിടത്തും ദേശീയപാതകളിൽ ഈ അവസ്ഥയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനെ തുടർന്ന് ആരംഭിച്ച അശാസ്ത്രീയമായ കുഴിയടപ്പിനെക്കുറിച്ചും പരാതി ഉയർന്നു കഴിഞ്ഞു.

ദേശീയപാത അതോറിട്ടി

പരിപാലിക്കുന്നത്

1233. 50 കിലോമീറ്റർ

കേരളത്തിലെ റോഡുകളുടെ ആകെ ദൈർഘ്യം 2,38,773. 02 കിലോമീറ്ററാണ്. സംസ്ഥാനത്തെ 11 ദേശീയ പാതകളുടെ ദൈർഘ്യം 1,781. 50 കിലോമീറ്ററാണ്. അതിൽ സംസ്ഥാന പൊതുമരാമത്തിന്റെ എൻ.എച്ച് വിഭാഗം 548 കിലോമീറ്ററും ദേശീയപാത അതോറിട്ടി (എൻ.എച്ച്.എ.ഐ) 1,233.50 കിലോമീറ്ററും പരിപാലിക്കുന്നു.

സംസ്ഥാനത്തെ പ്രധാന റോഡുകൾ വികസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ്. 4,127.83 കി.മീ (13.98 ശതമാനം) സംസ്ഥാന പാതകളും 25,394.32 കി.മീ (86.01 ശതമാനം) പ്രധാന ജില്ലാ റോഡുകളും ഉൾപ്പെടെ പൊതുമരാമത്തു വകുപ്പ് (റോഡ് & പാലം) പരിപാലിക്കുന്ന റോഡുകൾ 2021ലെ കണക്ക് പ്രകാരം 29,522.150 കിലോമീറ്ററാണ്. ശേഷിക്കുന്നവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാണ്. ദേശീയപാതകൾ അതോറിട്ടി ഏറ്റെടുത്ത ശേഷം റോഡ് പരിപാലനവും അറ്റകുറ്റപ്പണിയുമെല്ലാം അവരുടെ ചുമതലയെന്ന് പറഞ്ഞൊഴിയുന്ന മന്ത്രി, കഴിഞ്ഞ ദിവസമാണ് കഴക്കൂട്ടം ഫ്ളൈഓവർ സന്ദർശിച്ച് ഉദ്ഘാടനം ഉടൻ നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റെടുക്കാൻ മന്ത്രി ശ്രമിക്കുന്നുവെന്ന ആരോപണം ബി.ജെ.പി ഉയർത്തിയത് .

ഭീമമായ തുക മുടിച്ചിട്ടും റോഡുകൾ തകരാൻ കാരണം പൊതുമരാമത്ത് വകുപ്പിലും ദേശീയപാത അതോറിട്ടിയിലും നടക്കുന്ന അഴിമതിയാണെന്ന ആരോപണം ശക്തമാണ്. കരാറുകാരും ഉദ്യോഗസ്ഥരും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടിൽ റോഡ് പണി കാട്ടിക്കൂട്ടലാണ്. മണ്ണുത്തി - അങ്കമാലി ദേശീയപാത നിർമ്മാണത്തിൽ 102 കോടി രൂപയുടെ അഴിമതി നടന്നതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച കുറ്റപത്രം സമർപ്പിച്ചിട്ടും ദേശീയപാത അതോറിട്ടിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനുളള പ്രോസിക്യൂഷൻ അനുമതി ഇനിയും ലഭിച്ചിട്ടില്ല.

സാങ്കേതികവിദ്യ

ഇനിയും അകലെ

സാങ്കേതിക വിദ്യകൾ ഒരുപാട് മാറിയിട്ടും കേരളത്തിലെ ശക്തമായ കാലവർഷം നേരിടാനുളള ആധുനിക സാങ്കേതികവിദ്യ റോഡ് നിർമ്മിതിക്ക് ഇനിയും സ്വീകരിച്ചിട്ടില്ലെന്നതാണ് പ്രധാന പോരായ്മ. ഇവിടത്തെക്കാൾ ശക്തമായ മഴയുളള പല വിദേശരാജ്യങ്ങളിലും സ്ഫടിക സമാനമായ റോഡുകളാണുളളത്. സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പും കയർ കോർപ്പറേഷനും തമ്മിൽ 200 കോടിയുടെ കരാറിന് ധാരണയായിരുന്നു. ഭൂമിയ്ക്കടിയിൽ നിന്നുള്ള ഈർപ്പം മൂലം ടാറിംഗ് പെട്ടെന്ന് പൊളിയുന്ന സാഹചര്യം ഒഴിവാക്കാൻ കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിലൂടെ കഴിയുമെന്നായിരുന്നു കണ്ടെത്തൽ. പരീക്ഷണാർത്ഥം ഇത് ആലപ്പുഴയിലെ മാരാരിക്കുളത്തും ഓമനപ്പുഴയിലും നടപ്പാക്കിയിരുന്നു. ഇത് വിജയമാണെന്ന് കണ്ടാണ് കയർ ഭൂവസ്ത്രം സംസ്ഥാനത്ത് വ്യാപകമാക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ പദ്ധതിക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന് ആർക്കുമറിയില്ല. സംസ്ഥാനത്തെ കയർമേഖലയ്ക്ക് കൂടി പ്രയോജനപ്പെടുന്നതായിരുന്നു പദ്ധതി. ദേശീയപാതയെന്നോ സംസ്ഥാന പാതയെന്നോ വ്യത്യാസമില്ലാതെ കേരളത്തിലെ റോഡുകളിലൂടെ വാഹനമോടിക്കുന്ന ഓരോ വാഹന ഉടമയിൽ നിന്നും 15 വർഷത്തെ റോഡ് നികുതി മുൻകൂറായി ഈടാക്കുന്ന സർക്കാരിന് റോഡുകളുടെ മെച്ചപ്പെട്ട നിലവാരം ഉറപ്പാക്കാൻ ഉത്തരവാദിത്വമില്ലേ എന്നാണ് വാഹന ഉടമകളുടെ സംശയം. ഇതിനു പുറമേ ദേശീയപാതയിൽ പലയിടത്തും ടോൾ പിരിവുമുണ്ട്. എന്നിട്ടും മന്ത്രിമാരും രാഷ്ട്രീയക്കാരും കുഴികളെ കേന്ദ്രമെന്നും സംസ്ഥാനമെന്നും തരംതിരിച്ച് ജനത്തെ വിഡ്ഢികളാക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOLLAM DIARY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.