SignIn
Kerala Kaumudi Online
Thursday, 25 April 2024 11.06 PM IST

ഹൈപ്പീരിയനെ കാണരുത്, കണ്ടാൽ...!

tree

കാലിഫോർണിയ : ഹൈപ്പീരിയൻ...യു.എസിൽ കാലിഫോർണിയയിലെ റെഡ്‌വുഡ് നാഷണൽ പാർക്കിൽ ആകാശത്തേക്ക് തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന മരം. ലോകത്തെ ഏറ്റവും ഉയരം കൂടിയ വൃക്ഷം എന്ന റെക്കോഡിനുടമയാണ് കോസ്റ്റ് റെഡ്‌വുഡ് ഇനത്തിൽപ്പെട്ട ഹൈപ്പീരിയൻ. എന്നാൽ ഈ ഹൈപ്പീരിയനെ അങ്ങനെയൊന്നും പോയി കാണാമെന്ന് കരുതേണ്ട. ഹൈപ്പീരിയന്റെ അരികിൽ ഇനി ആരെയെങ്കിലും കണ്ടാൽ അവർക്ക് ആറ് മാസം വരെ ജയിൽ വാസവും 5,000 ഡോളർ പിഴയും ശിക്ഷ ലഭിക്കും.! ഹൈപ്പീരിയന് ചുറ്റും സന്ദർശകരെ നിരോധിച്ചിരിക്കുകയാണ് പാർക്ക് അധികൃതർ.

പാർക്കിന്റെ ഏറ്റവും ഉള്ളിൽ ഇരുണ്ട മേഖലയിലാണ് ഹൈപ്പീരിയനുള്ളത്. ഇവിടേക്ക് വഴികളൊന്നുമില്ല. എന്നാൽ സാഹസികത ഇഷ്ടപ്പെടുന്നവർ കൊടും കാട്ടിലൂടെ ബുദ്ധിമുട്ടി ഹൈപ്പീരിയന്റെ അടുത്തേക്ക് എത്തിയിരുന്നു. സഞ്ചാരികൾ ഇങ്ങനെയെത്താൻ തുടങ്ങിയതോടെ ഹൈപ്പീരിയന്റെ ചുറ്റുമുള്ള ആവാസ വ്യവസ്ഥയെ അത് കാര്യമായി ബാധിച്ചു.

ഇടതൂർന്ന സസ്യങ്ങൾക്കിടെയിലൂടെ സഞ്ചരിച്ചാലേ ഹൈപ്പീരിയന്റെ അടുത്തെത്താനാകൂ. ബ്ലോഗർമാർ, ട്രാവൽ എഴുത്തുകാർ, വെബ്സൈറ്റുകളുമായി ബന്ധപ്പെട്ടവർ തുടങ്ങിയവരുടെ വരവ് ഗണ്യമായി വർദ്ധിച്ചതോടെയാണ് ഹൈപ്പീരിയന് ചുറ്റുമുള്ള സ്വാഭാവിക ആവസവ്യവസ്ഥയിൽ മാറ്റം പ്രകടമായത്. ഹൈപ്പീരിയൻ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഫോണിന് റേഞ്ചോ ജി.പി.എസ് സംവിധാനമോ ലഭ്യമല്ല.

അതുകൊണ്ട് തന്നെ ആരെങ്കിലും കാടിനുള്ളിൽ ഒറ്റപ്പെട്ട് പോയാലോ അപകടം സംഭവിച്ചാലോ കണ്ടെത്തുക എളുപ്പമല്ലെന്നും അധികൃതർ പറയുന്നു. ഹൈപ്പീരിയന്റെ ചുവട് ഭാഗം ദ്രവിക്കുന്നുണ്ടെന്നും കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇത് കൂടാതെ സഞ്ചാരികൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങളും ഹൈപ്പീരിയനും മറ്റ് സസ്യങ്ങൾക്കും ദോഷകരമാണ്.

മനുഷ്യരെ കൂടാതെ കാലിഫോർണിയയിലെ പാർക്കുകളിൽ സ്ഥിരമായി കാണാറുള്ള കാട്ടുതീകളും ഹൈപ്പീരിയന് വെല്ലുവിളിയാണ്. സെക്കോയ, കിംഗ്സ് കാന്യൻ നാഷണൽ പാർക്കുകളിൽ ലോകത്തെ വലിപ്പമേറിയ വൃക്ഷങ്ങൾ സംരക്ഷിക്കപ്പെടുന്നു. ഇവിടുത്തെ ചില മരങ്ങളുടെ സംരക്ഷണത്തിന് അധികൃതർ കഴിഞ്ഞ വർഷം സമാന രീതിയിലുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

 വൃക്ഷങ്ങളിലെ ടൈറ്റൻ ...!

ഗ്രീക്ക് പുരാണങ്ങളിൽ നിന്നാണ് ഈ ഭീമൻ മരത്തിന് ഇങ്ങനെയൊരു പേര് ലഭിച്ചത്. ആകാശത്തിന്റെ ദേവനായ യുറാനസിന്റെയും ഭൂമീ ദേവിയായ ഗയയുടെയും മകനും അതിശക്തനായ ടൈറ്റനുമാണ് ഹൈപ്പീരിയൻ.

യൂറാനസിന്റെയും ഗയയുടെ അതിശക്തിയുള്ള 12 മക്കളും ടൈറ്റൻമാർ എന്നാണ് അറിയപ്പെടുന്നത്. സൂര്യ ദേവനായ ഹീലിയോസ്, ചാന്ദ്ര ദേവതയായ സെലീൻ എന്നിവർ ഹൈപ്പീരിയന്റെ മക്കളാണ്.

2006ൽ പ്രകൃതി ശാസ്ത്രജ്ഞരായ മൈക്കൽ ടെയ്‌ലർ, ക്രിസ് അറ്റ്‌കിൻസ് എന്നിവരാണ് 380 അടി ഉയരമുള്ള ഹൈപ്പീരിയൻ മരത്തെ കണ്ടെത്തിയത്. ഹൈപ്പീരിയന്റെ തടിയ്ക്ക് 13 അടി വ്യാസമുണ്ട്. ഹൈപ്പീരിയന് കുറഞ്ഞത് 600 - 800 വർഷമെങ്കിലും പ്രായമുണ്ടെന്ന് കരുതുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.