SignIn
Kerala Kaumudi Online
Friday, 19 April 2024 3.55 PM IST

അടുത്ത അദ്ധ്യായം പൊതുമരാമത്ത് സാരോപദേശം

g

റോഡിലെ കുഴികളാണ് ഇന്ന് മലയാളിയുടെ ഏറ്രവും വലിയ മനോവേദന. പ്രത്യേകിച്ച് ദേശീയപാതയിലെ കുഴികൾ. നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് ഒരു യാത്രക്കാരൻ മരിച്ച ദൗർഭാഗ്യകരമായ സംഭവത്തോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ കുഴികൾ സജീവ ചർച്ചയായത്. കുഴികളുടെ ഇനവും വലിപ്പവും ആഴവും നോക്കിയാണ് പലരും ചർച്ച കൊഴുപ്പിക്കുന്നത്. ദേശീയ പാതയിലെ 'കേന്ദ്രകുഴികളെ' പഴിച്ച് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലെ 'സംസ്ഥാന കുഴികളെ' പഴിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കുഴികളെ കേന്ദ്രത്തിന്റേതെന്നും സംസ്ഥാനത്തിന്റേതെന്നും വേർതിരിച്ച് പഴിക്കുന്നതിൽ മനം നൊന്ത് പരിതപിക്കുന്ന കേന്ദ്രമന്ത്രി വി.മുരളീധരൻ.. അങ്ങനെ ഓരോരുത്തരുടെയും ഉറക്കം കെടുത്തുകയാണ് ഔചിത്യബോധമില്ലാത്ത കുഴികൾ. എന്നാൽ വാഹനങ്ങളുമായി കുഴിയിൽ ചാടി നടുവൊടിയുന്ന യാത്രക്കാരുടെ ധർമ്മസങ്കടം ബോദ്ധ്യപ്പെട്ട് കുഴിപ്രശ്നത്തിൽ ഇടപെടാൻ ഒടുവിൽ ഹൈക്കോടതി തന്നെ വേണ്ടിവന്നു. കാര്യങ്ങൾ ഇങ്ങനെ പുരോഗമിച്ചാൽ റോഡുകളിൽ നിന്ന് കുഴികൾ അപ്രത്യക്ഷമാവുമെന്നൊന്നും ആരും മോഹിക്കില്ല. എങ്കിലും കോടതി കൂടി കണ്ണുരുട്ടിയതിനാൽ എന്തെങ്കിലും ചില പരിഹാരങ്ങൾ വന്നേക്കുമെന്ന് പ്രത്യാശിക്കാം.

കേരളത്തിൽ പഞ്ഞമില്ലാത്ത കാര്യങ്ങളിൽ ഒന്ന് മഴയാണ്. സമയത്തും സമയം തെറ്രിയുമൊക്കെ മഴ എത്താറുണ്ട്. 'തടിയുടെ വളവും ആശാരിയുടെ ചരിവും' എന്ന ചൊല്ലുപോലെ , അടിക്കടി പെയ്യുന്ന മഴയും റോഡുപണിയിലെ പിഴവും കൂടി ചേരുന്നതിനാലാണ് കേരളത്തിലെ പ്രധാന പാതകളിലെല്ലാം മിക്കപ്പോഴും കുഴികൾ പതിവാകുന്നത്. മഴക്കാലമെത്തും മുമ്പ് കുഴികൾ അടയ്ക്കുകയും അത്യാവശ്യം മെയിന്റനൻസ് ജോലികൾ നടത്തുകയും ചെയ്താൽ ഒരു പരിധിവരെ ഈ കുഴപ്പം പരിഹരിക്കാം. ഇക്കാര്യങ്ങൾ ആർക്കുമൊട്ടറിയാത്തതുമല്ല. എന്നാൽ പലപ്പോഴും ഇത് നടക്കാറില്ല. അതിന് കാരണമായി പറയാൻ ഏറെ തട്ടാമുട്ട് തടസങ്ങളുണ്ടുതാനും. സമയബന്ധിതമായി ടെണ്ടർ പൂർത്തിയാക്കി മഴയ്ക്ക് മുമ്പ് അറ്റകുറ്റപ്പണികൾ നടത്താതിരുന്നതാണ് അപകടകരമായ കുഴികൾ ഉണ്ടാവാൻ കാരണമെന്ന് സൂക്ഷ്മ വിശകലനത്തിൽ മനസിലാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇക്കാര്യം പരസ്യമായി വിളിച്ചു പറഞ്ഞതാണ് കുഴിവിവാദങ്ങൾക്ക് തുടക്കം. പണം അനുവദിച്ചിട്ടും സംസ്ഥാനത്ത് ഒരിടത്തും വേണ്ടപോലെ പ്രവൃത്തികൾ നടന്നില്ലെന്നും അദ്ദേഹം നിർദ്ദയം ആരോപിച്ചു. അത് പോട്ടെ, പരിചയക്കുറവ് കൊണ്ടാണ് മന്ത്രി അബദ്ധങ്ങൾ കാണിക്കുന്നതെന്നും ആക്ഷേപിച്ചു. അതും പോട്ടെ, പഴയ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനിൽ നിന്ന് ഉപദേശം സ്വീകരിക്കണമെന്ന് കൂടി പറഞ്ഞാലോ. പൊറുക്കാനാവുമോ. മന്ത്രിമാരിൽ പലർക്കും പരിചയക്കുറവുണ്ടെന്ന് മന്ത്രിസഭായോഗത്തിൽ സാക്ഷാൽ മുഖ്യൻ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് അതേ ആയുധമെടുത്ത് പ്രതിപക്ഷ നേതാവ് സതീശൻ നിർദ്ദയം പൊതുമരാമത്ത് മന്ത്രിയെ ആക്രമിച്ചത്.

അപകടമുണ്ടാക്കിയ റോഡ് ദേശീയപാത അതോറിറ്റിയുടേതാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷ നേതാവ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെ പഴിക്കുന്നതെന്ന് ഗദ്ഗദകണ്ഠനായി പറഞ്ഞു കൊണ്ടാണ് മന്ത്രി മുഹമ്മദ് റിയാസ് ആരോപണത്തെ പ്രതിരോധിച്ചത്. തലശ്ശേരിയിലെയും പുനലൂരിലെയും പ്രീമൺസൂൺ ജോലികൾ മെയ് മാസത്തിൽ ടെൻഡർ ചെയ്തതാണെന്നും അദ്ദേഹം ആണയിട്ടു. ഇത്തരം വാസ്തവങ്ങൾ മറച്ചു വയ്ക്കുന്നത് പ്രതിപക്ഷ നേതാവിന്റെ പദവിക്ക് നിരക്കുന്നതല്ലെന്നും മന്ത്രി രോഷത്തോടെ പറഞ്ഞു.

ഇതിനിടയിലാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ കുഴിവിഷയത്തിന് നടുവിലേക്ക് അവതരിച്ചത്. റോഡിൽ കുഴികൾ ഉണ്ടാവരുതെന്ന കാര്യത്തിൽ അദ്ദേഹത്തിന് രണ്ട് പക്ഷമില്ല. കാരണം എല്ലാമാസവും നിശ്ചിത ദിവസങ്ങൾ കേരളത്തിലെത്തി ചുറ്റിസ‌ഞ്ചരിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. പക്ഷേ കുഴികളെ 'കേന്ദ്രം വഹ'യെന്നും 'കേരളം വഹ'യെന്നും വേർതിരിച്ച പ്രതിപക്ഷ നേതാവിന്റെയും പൊതുമരാമത്ത് മന്ത്രിയുടെയും കണ്ണിൽ ചോരയില്ലാത്ത രീതിയാണ് അദ്ദേഹത്തിൽ അസ്കിതയുണ്ടാക്കിയത്. മാത്രമല്ല കേന്ദ്രത്തിൽ ഉപരിതല ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന നിതിൻ ഗഡ്കരിയുടെ കേരളത്തോടുള്ള വാത്സല്യം കാണാതെ പോയതും മുരളീധരന്റെ ധാർമ്മിക രോഷത്തിന് കാരണമായി. കേരളത്തോട് നല്ല പരിഗണന കാട്ടുന്ന വ്യക്തിയാണ് ഗഡ്കരിയെന്ന് കേരളം ഭരിക്കുന്നവർ പലവട്ടം പറഞ്ഞതാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. വിവാദം വരുമ്പോൾ മാത്രം അവഗണനയെന്നും വിവേചനമെന്നും കുറ്റപ്പെടുത്തുന്നതിലെ രാഷ്ട്രീയവും അദ്ദേഹം തുറന്നുകാട്ടി. ദേശീയപാത ഉദ്യോഗസ്ഥരുമായി താൻ ഇതേക്കുറിച്ചെല്ലാം സംസാരിക്കുമെന്ന സാന്ത്വനം നൽകാനും മുരളീധരൻ സന്മസ് കാട്ടി. ചങ്കെടുത്തു കാട്ടിയാലും ചെമ്പരത്തിപ്പൂവ് എന്നു പറയുന്ന സമൂഹം അദ്ദേഹത്തിന്റെ നിർമ്മലത കണ്ടില്ലെന്ന് മാത്രം.

ടോൾ ഫ്രീ ഉപദേശം ലാപ്സാക്കല്ലെ

പ്രതിപക്ഷ നേതാവിന്റെ കുറ്റപ്പെടുത്തലിൽ എന്തെല്ലാം രാഷ്ട്രീയമുണ്ടെങ്കിലും സദുദ്ദേശപരമായ അദ്ദേഹത്തിന്റെ ഒരു നിർദ്ദേശം തീർത്തും വാസ്തവം തന്നെ. പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനിൽ നിന്ന് പുതിയ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉപദേശം തേടണമെന്ന ആ നിർദ്ദേശം തെല്ലും രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല, സത്യസന്ധവുമാണ്. ജി.സുധാകരനാണെങ്കിൽ ഇപ്പോൾ ആർക്ക് , എത്രത്തോളം ഉപദേശം വേണമെങ്കിലും പ്രതിഫലേച്ഛയില്ലാതെ നൽകാവുന്ന പരുവത്തിലുമാണ്. പാർട്ടിയുടെയും ആലപ്പുഴയിലെ ചില ശിഷ്യരുടെയും ആത്മാർത്ഥമായ പരിശ്രമം കൊണ്ട് അദ്ദേഹത്തിന് ഇപ്പോൾ മന്ത്രിപ്പണിയുടെ ഭാരമില്ല, എം.എൽ.എയുടെ തിരക്കുമില്ല. കവിത എഴുത്തുമായി ബന്ധപ്പെട്ട് ചില സമയങ്ങളിൽ സർഗ്ഗാത്മക ധ്യാനത്തിലാവുമെന്ന് മാത്രം. കവിത എഴുതി കഴിയുന്നതോടെ അദ്ദേഹത്തിന്റെ സൃഷ്ടി നൊമ്പരവും ഇല്ലാതാവും. കാലേകൂട്ടി അനുമതി വാങ്ങി അദ്ദേഹത്തിന്റെ സവിധത്തിലേക്ക് എത്തിയാൽ ഉപദേശ വരപ്രസാദത്തിന്റെ ഗുണം മുഹമ്മദ് റിയാസിന് ആവോളം കിട്ടും. ഉഴപ്പന്മാരായ ഉദ്യോഗസ്ഥർക്ക് നേരെ എങ്ങനെ കണ്ണുരുട്ടണം, സംഘടനാ ബന്ധങ്ങൾ നോക്കാതെ എങ്ങനെ സസ്പെൻഡ് ചെയ്യണം, എങ്ങനെ റോഡിലെ കുഴികളുടെ കണക്കെടുക്കണം, കരാറുകാരെ എങ്ങനെ നേർവഴിക്ക് നടത്തണം തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹത്തിന്റെ സിലബസിലെ പ്രധാന ഇനങ്ങൾ.പാഠം നന്നായി പഠിച്ചാൽ ഫസ്റ്റ് ക്ളാസ് മേടിക്കാം.

ഇതു കൂടി കേൾക്കണേ

കുഴി രാഷ്ട്രീയം തങ്ങളുടെ മനോധർമ്മമനുസരിച്ച് കൊഴുപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ താങ്ങാവുന്നതിലധികം നികുതി ഭാരം ചുമക്കുന്ന പാവപ്പെട്ട ജനത്തെ ഇനിയെങ്കിലും കുഴിയിലിട്ട് മെതിക്കരുതേ...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GUTTER ROAD, PWD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.