SignIn
Kerala Kaumudi Online
Friday, 29 March 2024 1.33 PM IST

ആ കുട്ടികളുടെ പ്ളസ് വൺ പ്രവേശനം മുടങ്ങരുത്

photo

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂൾപ്രവേശനത്തിൽ ക്രമക്കേടുകൾ ഒഴിവാക്കുകയും സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന സദുദ്ദേശ്യത്തോടെയാണ് അപേക്ഷ സ്വീകരിക്കൽ മുതൽ സീറ്റ് അലോട്ട്മെന്റ് വരെയുള്ള നടപടികൾ സർക്കാർ ഓൺലൈൻ സംവിധാനത്തിലാക്കിയത്. അതിനുശേഷം പ്രവേശന നടപടികളിൽ കാര്യമായ പരാതികൾ ഉയർന്നു കേൾക്കാറുമില്ല. ലോകവിജ്ഞാനം വിരൽത്തുമ്പിലാക്കുന്ന ശാസ്ത്ര - സാങ്കേതികവിദ്യയിലും പല ചതിക്കുഴികളും ഒളിഞ്ഞിരിപ്പുണ്ടാവും. സാങ്കേതിക പരിജ്ഞാനത്തിലെ അജ്ഞതയും അശ്രദ്ധയും സാധാരണക്കാരായ പലരെയും ഇത്തരം ചതിക്കുഴികളിൽപ്പെടുത്താറുണ്ട്. കാര്യം ബോദ്ധ്യമായി വരുമ്പോഴേക്കും അർഹമായ പലതും അവർക്ക് നഷ്ടപ്പെട്ടിരിക്കും.

പ്ളസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിലെ സാങ്കേതിക പിഴവ് നിമിത്തം അയ്യായിരത്തിലേറെ കുട്ടികളും അവരുടെ രക്ഷിതാക്കളും അകപ്പെട്ടിരിക്കുന്നത് അത്തരമൊരു ദുരവസ്ഥയിലാണ്. അപേക്ഷയിലെ ജാതിക്കോളത്തിൽ ഈഴവ/തീയ /ബില്ലവ എന്ന ഭാഗം പൂരിപ്പിക്കാൻ വിട്ടുപോയതിനാൽ ഈ വിഭാഗത്തിൽപ്പെട്ട കുട്ടികൾ പ്ളസ് വൺ ആദ്യ അലോട്ട്മെന്റിൽ നിന്ന് പുറത്തായവിവരം കഴിഞ്ഞ ദിവസം ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മലബാർ മേഖലയിൽ മാത്രം മൂവായിരത്തിലേറെ കുട്ടികളുടെ പ്രവേശനമാണ് ഇത്തരത്തിൽ മുടങ്ങിയത്. സംസ്ഥാനത്തെ മറ്റ് പലഭാഗങ്ങളിൽ നിന്നും ഇത്തരം പരാതികൾ ഉയരുന്നു. ഉയർന്ന യോഗ്യതാ മാർക്ക് നേടിയ

ധാരാളം കുട്ടികളും കൂട്ടത്തിലുണ്ട്.

സർക്കാർ ഹയർസെക്കൻഡറി സ്കൂൾപ്രവേശനത്തിനുള്ള പിന്നാക്ക സംവരണത്തിന് 2015 മുതലാണ് ക്രീമിലെയർ ഏർപ്പെടുത്തിയത്. പ്ളസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാ ഫോറത്തിൽ തുടക്കത്തിൽ ഈഴവ സംവരണത്തിന് 'ഇ' എന്നാണ് കൊടുത്തിരുന്നത്. മലബാർ മേഖലയിലെ ഇതേ വിഭാഗത്തിൽപ്പെട്ട തീയ,ബില്ലവ അപേക്ഷകർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതികൾ ഉയർന്നതിനെ തുടർന്നാണ് 'ഇ.ടി.ബി'(ഈഴവ/തീയ/ബില്ലവ) എന്ന് സർക്കാർ തിരുത്തിയത്. എന്നാൽ,ജാതി കോളത്തിലെ ഇ.ടി.ബി പൂരിപ്പിച്ചു നൽകേണ്ടതാണെന്ന് ഇപ്പോഴും പല കുട്ടികൾക്കും രക്ഷിതാക്കൾക്കും അറിയില്ല. വില്ലേജ് ഓഫീസിൽനിന്ന് ലഭിക്കുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിൽ ഒ.ബി.സി ഹിന്ദു ഈഴവ എന്നേ രേഖപ്പെടുത്താറുള്ളൂ. ഈഴവ/തീയ/ബില്ലവ എന്ന് പ്രത്യേകം എഴുതാറില്ല. പ്രോസ്‌പെക്ടസിലും ഈ മൂന്ന് വിഭാഗക്കാരും ഇ.ടി.ബി എന്ന് പൂരിപ്പിക്കണമെന്ന് വ്യക്തമായി പറയുന്നില്ല. അതിനാൽ, വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് പ്രകാരം പല കുട്ടികളും അപേക്ഷയിൽ ഒ.ബി.സി ഹിന്ദു എന്ന് മാത്രം ചേർത്തു. ഇത്തരത്തിൽ ഇ.ടി.ബി കോളം ഒഴിവാക്കി അപേക്ഷ സമർപ്പിച്ചവരാണ് ആദ്യ അലോട്ട്മെന്റിൽ പുറത്തായത്. ബന്ധപ്പെട്ട സ്കൂൾഅധികൃതരോ, എല്ലാ സ്കൂളിലും ഉള്ളതായി പറയുന്ന ഹെൽപ് ഡെസ്കോ അവരുടെ തുണയ്ക്കെത്തിയില്ല. ഇക്കാര്യത്തിൽ പല ഹയർസെക്കൻഡറി സ്കൂൾ അധികൃതർക്കും വ്യക്തമായ ധാരണയില്ലെന്നാണ്, പരാതിയുമായി സമീപിച്ച കുട്ടികൾക്ക് അറിയാൻ കഴിഞ്ഞത്.

പ്ളസ് വൺ അപേക്ഷാ ഫോറത്തിലെ ഇ.ടി.ബി ആർക്കൊക്കെ ബാധകമാണെതും ആ കോളവും പൂരിപ്പിക്കേണ്ടതാണെന്നതും പ്രോസ്‌പെക്ടസിൽ വ്യക്തമായി നിഷ്കർഷിക്കുകയും ഇക്കാര്യത്തിൽ വ്യക്തമായ അവബോധം സ്കൂൾ അധികൃതർക്കും ബന്ധപ്പെട്ട ഹെൽപ്പ് ഡെസ്കുകൾക്കും നൽകുകയുമാണ് ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള പോംവഴി. അതോടൊപ്പം,അറിവില്ലായ്മ മൂലം സംഭവിച്ച പിഴവിന്റെ പേരിൽ പ്രവേശനം മുടങ്ങിയ അയ്യായിരത്തിലേറെ കുട്ടികൾക്ക് അപേക്ഷയിലെ പിഴവ് ഉടനടി തിരുത്താനും, ആദ്യ രണ്ട് അലോട്ട്മെന്റിനുള്ളിൽ പ്രവേശനം ഉറപ്പ് വരുത്താനും സർക്കാർ അവസരം നൽകേണ്ടതാണ്. ഇക്കാര്യത്തിൽ വിദ്യാഭ്യാസമന്ത്രി ശ്രീ.വി.ശിവൻകുട്ടി ഇടപെട്ട് ഉചിത നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLUS ONE ADMISSION ETB
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.