SignIn
Kerala Kaumudi Online
Tuesday, 15 October 2019 2.00 AM IST

സംഗീതത്തിന്റെ പെരിയരാജയുടെ 40 വർഷങ്ങൾ

ilayaraja-

പൂവാടികളിൽ അലഞ്ഞ തേനിളം കാറ്റിൽ സംഗീതത്തിന്റെ മധുരം ചാലിച്ച ഇളയരാജയുടെ മലയാളം പാട്ടുകൾ കാതിൽ മുഴങ്ങാൻ തുടങ്ങിയിട്ട് 40 വർഷങ്ങൾ പൂർത്തിയാകുന്നു. പ്രണയത്തിനും വിരഹത്തിനുമൊക്കെ വരികളിൽ നിന്നു താളങ്ങളിലൂടെ ഇളയരാജ ജീവൻ പകർന്നപ്പോൾ പിറന്നത് എത്രയോ നിത്യഹരിത ഗാനങ്ങൾ. ഒന്നിനു പിറകേ ഒന്നായി ആ ഗാനങ്ങൾ മത്സരിച്ച് ആസ്വാദക ഹൃദയങ്ങളിലേക്ക് ഒഴുകി എത്തി. വികാരങ്ങളുടെ താളം, അതായിരുന്നു ഇളയരാജയുടെ പാട്ടുകൾ. തമിഴിന്റെ നാടൻശീലുകളിലേക്ക് മലയാള സംഗീതത്തെ ചേർത്ത് രാജ അവതരിപ്പിച്ചപ്പോൾ ആസ്വാദക ഹൃദയങ്ങൾ തുള്ളിച്ചാടി. കഴിഞ്ഞുപോയ 40 വർഷങ്ങളെ ഓർത്തെടുക്കുമ്പോൾ പറയാൻ ഹിറ്റുകളുടെ കഥകൾ മാത്രം. മലയാള സിനിമാ സംഗീതത്തിന്റെ സുവർണകാലത്താണ് രാജയുടെ കടന്നു വരവ്. ഇളയരാജയുടെ പാട്ടുകേൾക്കാനായി മലയാളി ഇന്നും കാത്തിരിക്കുന്നുവെങ്കിൽ അതിനു കാരണം അദ്ദേഹത്തിന്റെ പാട്ടുകൾ കുറച്ചൊന്നുമല്ല മനസിന്റെ താളത്തിനൊപ്പം സഞ്ചരിച്ചത് എന്നതു തന്നെ. സിനിമ പോസ്റ്ററിൽ താരങ്ങൾക്കൊപ്പം ഇടം പിടിച്ച സംഗീത സംവിധായകൻ എന്ന അലങ്കാരവും അദ്ദേഹത്തിനു തന്നെ.

മലയാള സിനിമാ സംഗീതത്തിൽ അന്യഭാഷയിൽ നിന്നുള്ള സംഗീതജ്ഞരിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ഒരുക്കിയത് ഇളയരാജയാണ്. ചെറുപ്പത്തിൽ തുടങ്ങിയ സംഗീത ജീവിതവും സലീൽ ചൗധരി, ജി. കെ. വെങ്കിടേഷ് അടക്കമുള്ള സംഗീത സംവിധായകർക്കൊപ്പമുള്ള ശിഷ്യണവും ഇളയരാജയെ സിനിമ സംഗീതത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. തമിഴ് നാടോടി സംഗീതത്തോടൊപ്പം പാശ്ചാത്യ സംഗീതത്തിന്റെയും സിംഫണിയുടെയും ചേരുവകൾ രാജയുടെ പാട്ടുകളിലെ രുചിക്കൂട്ടായി. സംഗീതത്തോടൊപ്പം തന്നെ പശ്ചാത്തല സംഗീതം ഒരുക്കുന്നതിലും പുതുമകൾ പരീക്ഷിച്ചു. ഗാനത്തോടൊപ്പമുള്ള പശ്ചാത്തല സംഗീതത്തിൽ പാശ്ചാത്യ സംഗീതം കലർത്തി ഇളയരാജ അവതരിപ്പിച്ചപ്പോൾ നവീനമായൊരു ശൈലിയുടെ തുടക്കമായി അത് മാറി.

ദക്ഷിണേന്ത്യൻ സംഗീതത്തെ തന്നെ സമ്പന്നമാക്കിയ സംഗീത ജീവിതമായിരുന്നു ഇളയരാജയുടേത്. 1976 ൽ 'അന്നക്കിളി' എന്ന തമിഴ് സിനിമയ്ക്കു സംഗീതസംവിധാനം നിർവഹിച്ചാണ് അദ്ദേഹം ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റായതോടെ തമിഴിൽ ഇളയരാജയുടെ ഗാനങ്ങൾക്ക് ആവശ്യക്കാരേറി. ഇതിനിടയിൽ 1978ൽ മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ 'ആറുമണിക്കൂർ' എന്ന ചിത്രത്തിലാണ് മലയാളികൾ ആദ്യമായി ഇളയരാജാ സംഗീതം കേട്ടത്. മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു ഇതിലെ ഗാനങ്ങൾ രചിച്ചത്. എന്നാൽ മലയാളത്തിൽ മാത്രമായി അദ്ദേഹം സംഗീതം നൽകിയ ആദ്യ സിനിമ ഇതേ വർഷം തന്നെ പുറത്തിറങ്ങിയ 'വ്യാമോഹം' ആയിരുന്നു. ഡോ. പവിത്രന്റെ രചനയിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടി.

എൺപതുകൾ മലയാള സംഗീതശാഖയുടെ വസന്തകാലമായിരുന്നു. ഇക്കാലയളവിൽ ഇളയരാജയുടെ സംഭാവനകൾ അത്ര ചെറുതൊന്നുമല്ല. 1980ൽ ഒ. എൻ. വിയുടെ ഗാനരചനയിൽ പുറത്തിറങ്ങിയ 'ദൂരം അരികെ,' മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഗാനരചന നിർവഹിച്ച 'മഞ്ഞ് മൂടൽമഞ്ഞ്,' 1981ൽ ശ്രീകുമാരൻ തമ്പിയുടെ ഗാന രചനയിൽ ഇറങ്ങിയ 'ഗർജ്ജനം' എന്നീ ചിത്രങ്ങളിൽ രാജ ഒരുക്കിയ പാട്ടുകൾ ഏറെ ശ്രദ്ധ നേടി.
1982ൽ ഒ. എൻ. വി ഇളയരാജ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഓളങ്ങൾ' എന്ന ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമായി. 'വേഴാമ്പൽ കേഴും വേനൽകുടീരം,' 'തുമ്പി വാ തുമ്പക്കുടത്തിൻ,' 'കുളിരാടുന്നു മാനത്ത്' എന്നീ ഗാനങ്ങൾ ഇന്നും ഹിറ്റ് ചാർട്ടിൽ തന്നെ. ആർദ്രമായ മെലഡിയിൽ ഇളയരാജ സ്പർശംകൂടി കലർന്നതോടെ തലമുറകൾ ആ ഗാനങ്ങൾ ഏറ്റുപാടി. ഇതേ വർഷം കാവാലം നാരായണപ്പണിക്കർ ഗാനങ്ങൾ രചിച്ച 'ആലോല'ത്തിലെ 'വീണേ വീണേ വീണക്കുഞ്ഞേ' എന്ന എസ്. ജാനകി ആലപിച്ച ഗാനം അതുവരെ കേട്ട താരാട്ടു പാട്ടുകളുടെ ചരിത്രങ്ങൾ മാറ്റി എഴുതി. 'ബാലനാഗമ്മ' എന്ന ചിത്രത്തിൽ ഭരണിക്കാവ് ശിവകുമാറിനൊപ്പമുള്ള കൂട്ടുകെട്ടിലും ഇളയരാജ തന്റെ വിജയചരിത്രം ആവർത്തിച്ചു.

ilayaraja-

1983ൽ പൂവച്ചൽ ഖാദർ ഗാനങ്ങൾ രചിച്ച 'ആ രാത്രി'യിൽ എസ്. ജാനകി ആലപിച്ച 'കിളിയേ കിളിയേ' എന്ന ഗാനം വലിയ ഹിറ്റായി മാറി. ഇക്കാലയളവിലെ മറ്റൊരു സൂപ്പർഹിറ്റായിരുന്നു 'പിൻനിലാവി'ൽ യൂസഫലി കേച്ചേരിയുടെ രചനയിൽ പുറത്തിറങ്ങിയ യേശുദാസ് ആലപിച്ച 'മാനേ മധുരക്കരിമ്പേ' എന്ന ഗാനം. 'ബുൾ ബുൾ മൈനേ' എന്ന കിടിലോൽ കിടിലം ഗാനം 'സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്' എന്ന ചിത്രത്തിലൂടെ ഒ. എൻ. വിയുടെ രചനയിൽ പുറത്തിറങ്ങിയതും ഇതേ കാലത്താണ്. യുവാക്കൾക്കിടയിൽ രാജാപ്പാട്ടുകൾ ഇതോടെ വലിയ ആവേശമായി. 'ഊമക്കുയിൽ' എന്ന ചിത്രത്തിൽ ഒ. എൻ. വി.യുടെ രചനയിൽ പിറന്ന 'താഴമ്പൂത്താലി,' 'സാഗരം സംഗമ'ത്തിൽ ശ്രീകുമാരൻ തമ്പിയുടെ രചനയിൽ ഇറങ്ങിയ 'വാർമേഘ വർണന്റെ മാറിൽ,' പൂവച്ചൽ ഖാദറിന്റെ ഗാനരചനയിൽ പുറത്തിറങ്ങിയ 'വസന്തോത്സവ'ത്തിലെ ഗാനങ്ങൾ തുടങ്ങിയവ 83ലെ ഇളയരാജാ മാജിക്കുകളാണ്.


1984ൽ ബിച്ചു തിരുമലയുടെ രചനയിൽ പുറത്തിറങ്ങിയ 'മൈ ഡിയർ കുട്ടിച്ചാത്തനി'ലെ ഗാനങ്ങൾ ആസ്വാദകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. എസ്. ജാനകിയും എസ്. പി. ഷൈലജയും ചേർന്നു ആലപിച്ച 'ആലിപ്പഴം പെറുക്കാൻ' എന്ന ഗാനം ഇന്നും മലയാളിയുടെ ഗൃഹാതുരമായ ഓർമയാണ്. എം. ഡി. രാജേന്ദ്രന്റെ ഹൃദ്യമായ വരികളിൽ സംഗീതം ചാലിച്ച ഗാനങ്ങളായിരുന്നു 'മംഗളം നേരുന്നു' എന്ന ചിത്രത്തിലേത്. 'ഋതുഭേദകൽപ്പന ചാരുത നൽകിയ,' 'അല്ലിയിളം പൂവേ' എന്നീ ഗാനങ്ങൾ, 'ഒന്നാണു നമ്മൾ' എന്ന ചിത്രത്തിൽ ബിച്ചു തിരുമലയുടെ വരികളിൽ 'വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ,' 'കൽക്കണ്ടം ചുണ്ടിൽ,' തുടങ്ങിയ ഗാനങ്ങളെല്ലാം ആ വർഷത്തെ രാജാഹിറ്റുകളായി മാറി.

1985ൽ സംഗീത യാത്രയിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഒ. എൻ. വി. കുറുപ്പിന്റെ രചനയിൽ ആസ്വാദകരുടെ കാതുകളിൽ മുഴങ്ങിയ 'യാത്ര'യിലെ ഗാനങ്ങൾ. അതുവരെ കേട്ട സംഗീത പശ്ചാത്തലത്തെ പൊളിച്ചെഴുതുന്നതായിരുന്നു ഇതിലെ 'തന്നന്നം താനന്നം താളത്തിലാടി' എന്ന ഗാനം. മെലഡിയിൽ പാശ്ചാത്യ സംഗീതം കലർത്തിയത് മലയാളിക്ക് പുതു അനുഭവമായി. പശ്ചാത്തല സംഗീതത്തിൽ മുഴങ്ങിയ പാശ്ചാത്യ വാദ്യ ഉപകരണങ്ങളും കോറസ് ഭാഗവുമൊക്കെ സംഗീത പ്രേമികളെ ഇരുത്തി കേൾപ്പിച്ചു.

1986 ഇളയരാജാ സംഗീതം ആസ്വാദകരെ കോരിത്തരിപ്പിച്ച മറ്റൊരു സംഗീത വർഷമായിരുന്നു. 'പൂമുഖപ്പടിയിൽ നിന്നെയും കാത്ത്' എന്ന ചിത്രത്തിൽ ബിച്ചു തിരുമലയുടെ രചനയിൽ പുറത്തിറങ്ങിയ 'പൂങ്കാറ്റിനോടും കിളികളോടും,' 'കൊഞ്ചി കരയല്ലേ' എന്നീ ഗാനങ്ങൾ കമിതാക്കളുടെ ഉറക്കം കെടുത്തി.

ilayaraja-

1988ൽ പുറത്തിറങ്ങിയ 'മൂന്നാംപക്ക'ത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച 'ഉണരുമീ ഗാനം' ഇന്നും മലയാളിയുടെ മനസിലെ പറയാനാകാത്ത വിങ്ങലായി അവശേഷിക്കുന്നു. ചിത്രത്തിലെ 'താമരക്കിളി പാടുന്നു' എന്ന ഗാനവും ഏറെ ശ്രദ്ധ നേടി. 1989ൽ ഒ. എൻ. വി.യുടെ തേനൂറുന്ന വരികളിൽ രാജ സംഗീതം പകർന്നപ്പോൾ 'പുഴയോരത്തിൽ പൂന്തോണി എത്തിയില്ല,' 'പൂവായ് വിരിഞ്ഞു' എന്നീ ഹിറ്റ് ഗാനങ്ങൾ പിറന്നു.

1990 കളിലെ സംഗീത വിപ്ലവത്തിലും ഇളയരാജ തന്റെ കൈയൊപ്പു ചാർത്തി. 1991ൽ 'അനശ്വര'ത്തിൽ പി. കെ ഗോപി രചിച്ച 'താരാപഥം,' ബിച്ചുതിരുമല കൂട്ടുകെട്ടിൽ 'എന്റെ സൂര്യപുത്രിക്ക്' എന്ന ചിത്രത്തിലെ 'ആലാപനം,' 'രാപ്പാടിപ്പക്ഷിക്കൂട്ടം' എന്നീ ഗാനങ്ങൾ കൈയടിനേടി. 1992ൽ ബിച്ചു തിരുമലയുമായി വീണ്ടും കൈകോർത്തത് 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്ന ചിത്രത്തിലായിരുന്നു. ഈ ചിത്രത്തിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന് രാജാപ്പാട്ടുകൾ തന്നെയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഒന്നിനൊന്നു നിലവാരം പുലർത്തി. 'ഓലത്തുമ്പത്തിരുന്ന് ഊഞ്ഞാലാടും ചെല്ലപ്പൈങ്കിളി' കേട്ടുറങ്ങുന്ന കുഞ്ഞുമനസുകൾ ഇന്നും കേരളത്തിലേറെ. 1993ൽ പുറത്തിറങ്ങിയ 'ജാക്ക്‌പോട്ടി'ലെ 'താഴ്വാരം മൺപൂവേ' അടക്കമുള്ള ഗാനങ്ങൾ ഏറെ ശ്രദ്ധേയമായി. ബിച്ചു തിരുമലയായിരുന്നു ഇതിലെയും ഗാനരചന നിർവഹിച്ചത്.

ഇന്ത്യൻ സിനിമയിൽ തന്നെ മലയാള സിനിമയുടെ കൈയ്യൊപ്പായിരുന്നു 1996ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമായ 'കാലാപാനി.' ഗിരീഷ് പുത്തഞ്ചേരിയുടെ രചനയിൽ പിറന്ന ഗാനങ്ങൾ കേൾക്കാൻ മാത്രം തിയറ്ററിലെത്തിയവർ ഏറെ. 'മാരിക്കൂടിനുള്ളിൽ,' 'ആറ്റിറമ്പിലെ കൊമ്പിലെ,' 'കൊട്ടും കുഴൽ വിളി താളമുള്ളിൽ,' 'ചെമ്പൂവേ പൂവേ' തുടങ്ങിയ ഗാനങ്ങളായിരുന്നു ചിത്രത്തിലേത്. ഈ ചിത്രത്തിലെ ഗാനങ്ങൾ ഇളയരാജക്ക് സംസ്ഥാന സർക്കാർ പുരസ്‌കാരവും നേടിക്കൊടുത്തു.

1997ൽ ഗിരീഷ് പുത്തഞ്ചേരിഇളയരാജാ കൂട്ടുകെട്ടിൽ അടുത്ത ഹിറ്റ് ഗാനങ്ങളുമായി 'ഒരു യാത്രാമൊഴി' എന്ന ചിത്രം പുറത്തു വന്നു. 'കാക്കാല കണ്ണമ്മാ' എന്ന ഗാനമായിരുന്നു മുഖ്യ ആകർഷണം. തുടർന്ന് മലയാള സിനിമ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കിയാണ് 'ഗുരു' എന്ന ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ മുഖ്യ ആകർഷണം എസ്. രമേശൻ നായർ ഇളയരാജാ ഗാനങ്ങൾ തന്നെയായിരുന്നു. 'മിന്നാരം മാനത്ത്,' 'ദേവസംഗീതം,' 'അരുണകിരണദീപം', 'ഗുരുചരണം' തുടങ്ങിയ ഗാനങ്ങൾ സംഗീതത്തിലും വേറിട്ട വഴിയിൽ സഞ്ചരിച്ചു.

ilayaraja-

1997ൽ തന്നെയാണ് കൈതപ്രം രചിച്ച ഗാനങ്ങൾക്ക് ഈണവുമായി ഇളയരാജ 'കളിയൂഞ്ഞാൽ' എന്ന ചിത്രത്തിൽ എത്തുന്നത്. 'മണിക്കുട്ടിക്കുറുമ്പുള്ളോരമ്മിണി പൂവാലി,' 'ശാരദേന്ദു പാടി,' 'വർണ വൃന്ദാവനം' തുടങ്ങിയ ഗാനങ്ങൾ ആസ്വാദകരെ ആകർഷിച്ചു. ഇതേ കൂട്ടുകെട്ടിൽ 1998ൽ പുറത്തിറങ്ങിയ 'അനുരാഗക്കൊട്ടാര'ത്തിലെ 'ചിരിച്ചെന്റെ മനസിലെ' എന്ന ഗാനവും ശ്രദ്ധേയമായി. ആർ. കെ. ദാമോദരൻ, കൈതപ്രം എന്നിവരായിരുന്നു 1999ൽ ഇളയരാജ സംഗീതത്തിൽ പുറത്തിറങ്ങിയ 'ഫ്രണ്ട്സി'ലെ ഗാനങ്ങൾ രചിച്ചത്. ചിത്രം സൂപ്പർ ഹിറ്റായി ഓടുമ്പോൾ ഗാനങ്ങളും അതേപടി കൈയടി നേടി.

കൈതപ്രം ഇളയരാജ കൂട്ടുകെട്ട് ഹിറ്റായതോടെ 2000ൽ പുറത്തിറങ്ങിയ 'കൊച്ചു കൊച്ചു സന്തോഷങ്ങൾ' എന്ന ചിത്രത്തിലൂടെ അവർ വീണ്ടും ഒന്നിച്ചു. 'ചെല്ലക്കാറ്റേ ചൊല്ല്, ചൊല്ല്,' 'ശിവകര ഡമരുക,' 'കോടമഞ്ഞിൻ താഴ്വരയിൽ,' 'ഘനശ്യാമ വൃന്ദാരണ്യം' തുടങ്ങിയ ഗാനങ്ങൾ ഹിറ്റുകളുടെ പട്ടികയിൽ ഇടം നേടി. ചെറിയൊരു ഇടവേളയ്ക്കു ശേഷം ഒ. എൻ. വി കുറുപ്പുമായി വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു 'കല്ലുകൊണ്ടൊരു പെണ്ണ്.' ചിത്രത്തിലെ ഗാനങ്ങളും ആസ്വാദക മനസിൽ ഇടം പിടിച്ചു.

2003ൽ ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'മനസിനക്കരെ' എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം മനസിൽ നിന്നു മായാതെ നിൽക്കുന്നവയാണ്. 'മെല്ലെയൊന്നു പാടി നിന്നെ,' 'തങ്കത്തിങ്കൾ വാനിൽ,' 'ചെണ്ടയ്‌ക്കൊരു കോലുണ്ടെടാ' തുടങ്ങിയ ഗാനങ്ങൾ ആസ്വാദകർ കാത്തിരുന്ന് കേട്ടു.

2005ൽ പുറത്തിറങ്ങിയ 'അച്ചുവിന്റെ അമ്മ'യിലെ ഗാനങ്ങളും രചിച്ചത് ഗിരീഷ് പുത്തഞ്ചേരിയായിരുന്നു. 'എന്തു പറഞ്ഞാലും നീ എന്റേതല്ലേ,' 'താമരക്കുരുവിക്ക്,' 'ശ്വാസത്തിൻ താളം' തുടങ്ങിയവ ഇളയരാജ സംഗീതത്തിന്റെ മാന്ത്രിക താളമായി മാറി. 'ഒരു ചിരികണ്ടാൽ' എന്ന ഗാനമടക്കം 'പൊന്മുടിപ്പുഴയോരത്ത്' എന്ന ചിത്രത്തിലൂടെ ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങളുമായി ഇളയരാജ ഇതേ വർഷം വീണ്ടും കൈകോർത്തു.

സത്യൻ അന്തിക്കാട് സിനിമകളിലെ രസക്കൂട്ടുകളിലൊന്നായി ഇളയരാജയുടെ ഗാനങ്ങൾ മാറുന്ന കാലഘട്ടമായിരുന്നു പിന്നീട്. 2006ൽ ഗിരീഷ് പുത്തഞ്ചേരി ഇളയരാജ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'രസതന്ത്ര'ത്തിലെ ഗാനങ്ങൾ ഒന്നിനൊന്ന് നിലവാരം പുലർത്തി. 2007ൽ 'വിനോദയാത്ര'യിൽ ഇളയരാജയ്ക്കുവേണ്ടി ഗാനങ്ങൾ രചിച്ചത് വയലാർ ശരത് ചന്ദ്രവർമയായിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളും ആസ്വാദക ശ്രദ്ധ നേടി. 2008ൽ ഗിരീഷ് പുത്തഞ്ചേരി വീണ്ടും ഇളയരാജയ്‌ക്കൊപ്പം കൈകോർത്ത സത്യൻ അന്തിക്കാട് ചിത്രമായിരുന്നു 'ഇന്നത്തെ ചിന്താവിഷയം.'
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഒ. എൻ. വി. യും ഇളയരാജയും ഒന്നിക്കുന്നത് 2009ലെ ബിഗ് ബജറ്റ് ചിത്രമായ 'കേരളവർമ പഴശ്ശിരാജ'യിലൂടെയാണ്. 'കുന്നത്തെ കൊന്നയ്ക്കും,' 'ആദിയുഷസന്ധ്യ' തുടങ്ങിയ ഗാനങ്ങൾ പ്രേക്ഷക പ്രീതി നേടി.

വയലാർ ശരത് ചന്ദ്രവർമയുമായി ചേർന്ന് 2009ൽ 'ഭാഗ്യദേവത,' 2010ൽ 'കഥ തുടരുന്നു' എന്നീ ചിത്രങ്ങളിലും റഫീക്ക് അഹമ്മദുമായി ചേർന്ന് 'സ്‌നേഹവീട്,' 2012ൽ കൈതപ്രവുമായി ചേർന്ന് 'പുതിയതീരങ്ങൾ' എന്നീ ചിത്രങ്ങളിലും ഇളയരാജയുടെ ഹിറ്റ് ഗാനങ്ങൾ പിറന്നു. പ്രഭാവർമയുടെ ഗാനരചനയിൽ 2017ൽ പുറത്തിറങ്ങിയ 'ക്ലിന്റാ'ണ് ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ചതിൽ പുറത്തിറങ്ങിയ അവസാന മലയാള ചലച്ചിത്രം.

മലയാളത്തിൽ ഹിറ്റുകളുടെ പെരുമഴ പെയ്യിക്കുമ്പോഴും ഇളയരാജ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ഹിറ്റുകൾ സമ്മാനിച്ചുകൊണ്ടിരുന്നു. മലയാളത്തിലെ എല്ലാ ഗായകരെയും കൃത്യമായി വിനിയോഗിക്കാനും അന്യഭാഷകളിൽ മികച്ച അവസരങ്ങൾ നൽകാനും അദ്ദേഹത്തിനു കഴിഞ്ഞു. 'പഴശ്ശിരാജ'യുടെ പശ്ചാത്തല സംഗീതത്തിലൂടെ ദേശീയ പുരസ്‌കാരവും 'സമ്മോഹനം,' 'കല്ലു കൊണ്ടൊരു പെണ്ണ്' എന്നീ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്‌കാരവും നേടി. ക്ലാസ്സിക് ഗിറ്റാറിൽ ലണ്ടനിലെ ട്രിനിറ്റി സ്‌കൂൾ ഓഫ് മ്യൂസിക്സിൽ നിന്നും സ്വർണ്ണമെഡലോടെ ഡിപ്‌ളോമ കരസ്ഥമാക്കിയിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ART, ART NEWS, ILAYARAJA, MUSIC, MUCICIAN, FILM SONGS, SONGS
KERALA KAUMUDI EPAPER
TRENDING IN ART
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.