SignIn
Kerala Kaumudi Online
Saturday, 20 April 2024 7.59 PM IST

നടുക്കുന്ന ഓർമ്മകൾക്ക് രണ്ട് വയസ്സ്; വൈകില്ല,​ കരിപ്പൂർ ചിറകുയർത്തും

air-india

നാളുകൾ എണ്ണിയുള്ള കാത്തിരിപ്പിനുശേഷം പ്രിയപ്പെട്ടവരുടെ സ്നേഹത്തിലേക്ക് പറന്നിറങ്ങുന്നതിന്റെ സന്തോഷത്തിലായിരുന്നു ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർഇന്ത്യയുടെ ഐ.എക്സ് 1344 വിമാനത്തിലെ 184 യാത്രക്കാർ. കരിപ്പൂരിൽ ലാൻഡ് ചെയ്യാൻ പോവുന്നെന്ന കാബിൻ ക്രൂവിന്റെ അറിയിപ്പോടെ പ്രിയപ്പെട്ടവരെ കാണാനുള്ള തിടുക്കമായി. അന്താരാഷ്ട്ര ആഗമന ടെർമിനലിന് മുന്നിൽ തങ്ങളുടെ വരവും കാത്ത് കണ്ണുനട്ടിരിക്കുന്ന പ്രിയപ്പെട്ടവരുടെ മുഖമായിരുന്നു അവരുടെ മനസ്സ് നിറയെ. വർഷങ്ങളായി നാട്ടിലെത്താൻ കഴിയാതിരുന്ന പ്രവാസികളടക്കം അക്കൂട്ടത്തിലുണ്ട്. ജീവിതം കരയ്ക്കടുപ്പിക്കാനുള്ള മരുഭൂമിയിലെ ഓട്ടപ്പാച്ചിലിൽ നാടിന്റെ പച്ചപ്പിനെ മനഃപ്പൂർവം മറന്നുകളയാൻ വിധിക്കപ്പെട്ടവരായിരുന്നു അവരിൽ പലരും.

കരിപ്പൂർ വിമാനത്താവളത്തിൽ പലവട്ടം പറന്നിറങ്ങിയവരാണ് യാത്രക്കാരിൽ നല്ലൊരുപങ്കും. മൈക്കിലൂടെയുള്ള ലാൻ‌ഡിംഗ് അറിയിപ്പിന് പിന്നാലെ വേഗത്തിൽ ഹാൻഡ് ബാഗെടുത്ത് പുറത്തിറങ്ങുന്നത് സംബന്ധിച്ച ചിന്തയായി. മഴമേഘങ്ങളെ കീറിമുറിച്ച് വിമാനം കരിപ്പൂരിന്റെ റൺവേയെ തൊടുമെന്ന സ്ഥിതിയിലായി. തൊട്ടുപിന്നാലെ വിമാനം വീണ്ടും പെട്ടെന്ന് പറന്നുയർന്നു. സാധാരണ ഈ സാഹചര്യങ്ങളിൽ അനൗൺസ്‌മെന്റ് ഉണ്ടാവാറുണ്ടെങ്കിലും അപ്പോൾ അതൊന്നും ഉണ്ടായിരുന്നില്ല. കരിപ്പൂരിന്റെ ആകാശത്ത് ഏതാനം മിനിറ്റുകൾ വട്ടമിട്ട് പറന്നു. വീണ്ടും ലാന്റിംഗ് ചെയ്യുകയാണെന്ന അറിയിപ്പിനായി കാബിൻ ക്രൂ മൈക്ക് എടുത്തെങ്കിലും അത് ഓഫായി. ആദ്യത്തെ ദുസ്സൂചനയിലും യാത്രക്കാർക്ക് ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. മഴയിലും മഞ്ഞിലും ചിലപ്പോഴെങ്കിലും വിമാനം ലാൻഡ് ചെയ്യാനാവാതെ വീണ്ടും പറന്നുയർന്നതിന്റെ അനുഭവങ്ങളും കേൾവികളും കരിപ്പൂരിൽ ഇറങ്ങുന്ന യാത്രക്കാർക്കുണ്ട്.

സാധാരണ ഇറങ്ങുന്നതിലും ശക്തമായാണ് വിമാനം കരിപ്പൂരിന്റെ റൺവേയിൽ തൊട്ടത്. ഏതാനം സെക്കന്റുകൾക്കുള്ളിൽ വിമാനത്തിന്റെ വേഗം കുറയും. എന്നാൽ വേഗം ഒട്ടും കുറഞ്ഞില്ലെന്ന് മാത്രമല്ല, പിന്നാലെ വിമാനം മുഴുവൻ കുലുങ്ങാൻ തുടങ്ങി. റൺവേ മറികടന്ന് മണ്ണിലൂടെ പോവുന്നതിന്റെ ആഘാതമായിരുന്നു അതെല്ലാം. അപകട സൂചനയോടെ വിമാനത്തിനുള്ളിൽ നിന്ന് കൂട്ട നിലവിളിയായി. ജീവനായി സീറ്റിൽ മുറുകെപിടിച്ചു. കുഞ്ഞുങ്ങളെ മാറോടണയ്ക്കാൻ അമ്മമാർ വൃഥാശ്രമങ്ങളും നടത്തി. നിയന്ത്രണം വിട്ട വിമാനം സെക്കൻഡുകൾക്കകം റൺവേയിൽ നിന്ന് 35 അടി താഴ്ചയിലേക്ക് വീണു. ടേബിൾ ടോപ്പ് റൺവേയിൽ നിന്നുള്ള വീഴ്ചയിൽ വിമാനം നെടുകെ പിളർന്നു. ഒന്ന് അനങ്ങാനോ,​ കരയാനോ പോലുമാവാതെ നിരവധി ജീവനുകൾ വിമാനത്തിനുള്ളിൽ കുടുങ്ങിക്കിടന്നു. വീഴ്ചയിലേറ്റ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ടവരും ഏറെ. മഴയും തിമിർത്തു പെയ്യാൻ തുടങ്ങി. പിന്നെ കണ്ടത് സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രക്ഷാപ്രവർത്തനം നടത്തുന്ന നാട്ടുകാരെയാണ്. വിമാനത്തിൽ നിന്ന് ഉയരുന്ന പുകയ്‌ക്കൊന്നും അവരെ പേടിപ്പിക്കാനായില്ല. കിട്ടിയ വാഹനങ്ങളിൽ പരിക്കേറ്റവരുമായി അവർ ആശുപത്രിയിലേക്ക് കുതിച്ചു. തൊട്ടടുത്തുള്ള പ്രിയപ്പെട്ടവരെ ഒരുനോക്ക് പോലും കാണാൻ കഴിയാതെ 21 ജീവനുകൾക്ക് ആ യാത്ര അവസാനിപ്പിക്കേണ്ടിവന്നു. ഒരു വയസുകാരൻ അസം മുഹമ്മദും അഞ്ചുവയസ്സുകാരി ശിവാത്മികയും അടക്കം നാല് കുട്ടികൾ വിടരും മുമ്പെ കൊഴിഞ്ഞ പൂവുകളായി. എട്ട് സ്ത്രീകളും ഒമ്പത് പുരുഷന്മാരും മരിച്ചു. ഇവരിൽ 10 പേർ കോഴിക്കോട്, ആറ് പേർ മലപ്പുറം, രണ്ടുപേർ പാലക്കാട്, ഒരാൾ വയനാട് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. പൈലറ്റ് ക്യാപ്റ്റൻ ദീപക് സാഥെയും സഹപൈലറ്റ് അഖിലേഷ് കുമാറും ടേക്ക് ഓഫില്ലാത്ത ജീവിതത്തിലേക്ക് മടങ്ങി. വിമാനാപകടത്തിന് ഈ മാസം രണ്ട് വർഷം തികയുമ്പോഴും ഓർമ്മകളെ ശ്വാസം മുട്ടിക്കുന്നൊരു നടുക്കം ബാക്കിനില്പുണ്ട്.

അപകടത്തിന്റെ ഓർമ്മയെന്നോണം വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നും തുടരുന്നു. റൺവേയുടെ തകരാറല്ല, ലാൻഡിംഗിൽ പൈലറ്റിന് വന്ന പിഴവാണ് അപകടത്തിലേക്ക് നയിച്ചതെന്ന അന്വേഷണ റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നപ്പോഴാണ് കരിപ്പൂരിന് ശ്വാസംവീണത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ കരിപ്പൂരിന്റെ ചിറകരിയുമോ എന്ന ആശങ്കയിലായിരുന്നു പ്രവാസി ലോകം.

വേഗത്തിൽ

ഭൂമിയേറ്റെടുക്കും

വിമാനത്താവള വികസനത്തിന് 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ കഴിഞ്ഞദിവസം അനുമതി നൽകിയിട്ടുണ്ട്. വിമാനാപകടത്തിന്റെ കാരണം റൺവേയുടെ അപാകതയല്ലെന്ന് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുമ്പോഴും വലിയ വിമാനസർവീസ് പുനഃരാരംഭിക്കണമെങ്കിൽ ചില മാറ്റങ്ങൾക്ക് ഡി.ജി.സി.എ നിർദ്ദേശിച്ചിരുന്നു. റൺവേയുടെ രണ്ടറ്റത്തമുള്ള സുരക്ഷാപ്രതലമായ റിസയുടെ നീളം 240 മീറ്ററായി വർദ്ധിപ്പിക്കണമെന്നാണ് പ്രധാന നിബന്ധന. നിലവിൽ 90 മീറ്റർ മാത്രമാണുള്ളത്.

ഡിസംബറിനകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഈ ഭൂമി റൺവേയ്ക്കു സമാനമായി നിരപ്പാക്കി നൽകണമെന്ന് എയർപോർട്ട് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ചെലവ് വഹിക്കണമെന്ന ആവശ്യം എയർപോർട്ട് അതോറിറ്റിയെ സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. റിസയുടെ വികസനത്തിനായി 18.5 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജൂണിൽ എയർപോർട്ട് അതോറിറ്റി സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽനിന്ന് റോഡും വർഷങ്ങൾ പഴക്കമുള്ള ഖബർസ്ഥാനും ഒഴിവാക്കണമെന്ന സർക്കാരിന്റെ ആവശ്യം എയർപോർട്ട് അതോറിറ്റി അംഗീകരിച്ചു. ഇതോടെ ഏറ്റെടുക്കേണ്ട ഭൂമി 14.5 ഏക്കറായി ചുരുങ്ങി. റിസയുടെ നീളം കൂട്ടുന്നതിനോടൊപ്പം റൺവേ റീകാർപ്പറ്റിംഗ് പ്രവൃത്തിയും നടക്കും. വിമാനാപകട അന്വേഷണ റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്ന റൺവേ സെന്റർ ലൈൻ ലൈറ്റിംഗ് സംവിധാനം റീകാർപ്പറ്റിംഗിനോടൊപ്പം സ്ഥാപിക്കും. റിസ വികസനമടക്കം പൂർത്തിയാവുന്നതോടെ വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കാൻ അനുമതിയേകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

നടപ്പാക്കി നിരവധി മാറ്റങ്ങൾ

വിമാനാപകടത്തിന് ശേഷം കരിപ്പൂരിൽ ഒട്ടേറെ ആധുനിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. റൺവേയിൽ ലാൻഡിംഗിന് ഉപകാരപ്പെടുന്ന പ്രകാശ സംവിധാനം, പൈലറ്റുമാരെയും എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിനെയും സഹായിക്കുന്ന ഓട്ടോമാറ്റിക് ഡിപ്പൻഡന്റ് സർവൈലസൻസ് ബ്രോഡ്കാസ്റ്റ് അടക്കം സ്ഥാപിച്ചു. അപകടത്തിൽ തകർന്ന ഇൻസ്ട്രുമെന്റൽ ലാൻഡിംഗ് സിസ്റ്റം മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്. വിമാനം തെന്നിയാലുള്ള അപകടം ഒഴിവാക്കാൻ റൺവേയുടെ ഇരുവശവും മണ്ണിട്ട് നിരപ്പാക്കി. റിസ ഉഴുതുമറിച്ച് ചതുപ്പുനിലമാക്കി. റൺവേയിൽ നിന്ന് വിമാനം തിരിക്കുന്ന ടാക്സിവേയുടെ വീതിയും കൂട്ടിയിട്ടുണ്ട്. കാറ്റിന്റെ വേഗം നിർണയിക്കുന്ന സംവിധാനം ഉയർത്തി സ്ഥാപിച്ചു. ഇത്തരത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടും വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കുന്നതിന് കേന്ദ്ര വ്യേമയാന വകുപ്പ് പച്ചക്കൊടി വീശിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് റിസയുടെ നീളം വർദ്ധിപ്പിക്കാനായി ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തത്.

പ്രളയകാലത്ത് സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ വിമാനം ഇറങ്ങാൻ സാധിക്കാതെ വന്നപ്പോൾ കരിപ്പൂരിലായിരുന്നു ദേശീയ രക്ഷാസേനകൾ വന്നിറങ്ങിയത്. ടേബിൾ ടോപ്പ് റൺവേയെ തള്ളിപ്പറഞ്ഞവർ അടക്കം കരിപ്പൂർ നിലനിൽക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറ‌ഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസി യാത്രക്കാർ ആശ്രയിക്കുന്ന വിമാനത്താവളമാണിത്. പൊതുമേഖലയിലെ ഏക വിമാനത്താവളവും. വിമാനാപകടം വലിയ നോവായി അവശേഷിക്കുമ്പോഴും ഇതിന്റെ മറവിൽ കരിപ്പൂരിന്റെ ചിറകരിയാനുള്ള സ്വകാര്യ ലോബിയുടെ ശ്രമം ചെറുത്തുതോൽപ്പിക്കണം. സംസ്ഥാന സർക്കാർ ഇപ്പോൾ തുടക്കമിട്ട ഭൂമിയേറ്റെടുക്കൽ നടപടി പ്രത്യാശയേകുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARIPPUR AIRPORT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.