സഞ്ചരിക്കുന്ന വിപണനവാഹനം ചിങ്ങം 1 മുതൽ
കൊല്ലം: സർക്കാരിന്റെ ഓണക്കിറ്റിൽ നിറയ്ക്കാനുള്ള 80 ലക്ഷം കശുഅണ്ടി പരിപ്പ് പായ്ക്കറ്റ് കാഷ്യു കോർപ്പറേഷനിൽ സജ്ജമായി. പരമ്പരാഗത രീതിയിൽ സംസ്കരിച്ചെടുക്കുന്ന കശുഅണ്ടി പരിപ്പ് ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാനുള്ള വൻ പദ്ധതികളാണ് കോർപ്പറേഷൻ ആവിഷ്കരിച്ചിരിക്കുന്നതെന്നും ചെയർമാൻ എസ്. ജയമോഹൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആധുനിക സജ്ജീകരണങ്ങളുള്ള സഞ്ചരിക്കുന്ന വിപണന വാഹനത്തിന്റെ ഫ്ളാഗ് ഒഫ് മന്ത്രി പി. രാജീവ് 16 ന് വൈകിട്ട് 4ന് കോർപ്പറേഷന്റെ അയത്തിൽ ഫാക്ടറി അങ്കണത്തിൽ നിർവഹിക്കും. കാഷ്യു കോർപ്പറേഷന്റെ ഉത്പന്നങ്ങൾ കൺസ്യൂമർഫെഡിന്റെ വിപണന കേന്ദ്രങ്ങളിലൂടെ വിൽക്കാനുള്ള ധാരണാപത്രം അന്ന് മന്ത്രി കൈമാറും. കിടപ്പ് രോഗികൾക്ക് എർപ്പെടുത്തിയിരിക്കുന്ന ‘കനിവ് 2022’ പദ്ധതിയുടെ ഭാഗമായി 72 രോഗബാധിതർക്ക് 5000 രൂപ വീതം സാമ്പത്തിക സഹായവും ഓണപ്പുടവയും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. കോർപ്പറേഷന്റെ ഉത്പന്നങ്ങൾക്ക് ഓണക്കാലത്ത് 30 ശതമാനം സബ്സിഡി നൽകുന്ന പദ്ധതിക്കും തുടക്കമാകുമെന്ന്
എസ്. ജയമോഹൻ പറഞ്ഞു. മാനേജിംഗ് ഡയറക്ടർ ഡോ.രാജേഷ് രാമകൃഷ്ണനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |