കോട്ടയം: ജില്ലാ പൊലീസ് മേധാവിയ്ക്കും രക്ഷയില്ല. കെ.കാർത്തിക്കിന്റെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് തട്ടിപ്പിന് ശ്രമം. 8369282802 എന്ന നമ്പറിൽ നിന്നാണ് വാട്സ്ആപ്പ് സന്ദേശങ്ങൾ വരുന്നത്. ആദ്യം കുശലാന്വേഷണം ആയിരിക്കും. പൊലീസിലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമാനമായ നിലയില്‍ സന്ദേശം ലഭിച്ചിട്ടുണ്ട്. സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് മേധാവി പറഞ്ഞു.
നിലവിൽ ആരും തട്ടിപ്പിനിരയായിട്ടില്ല എന്നാണ് പൊലീസിന് ലഭിച്ച വിവരം. തട്ടിപ്പിന് ശ്രമം നടത്തുന്ന വാട്സ്ആപ്പ് ബ്ലോക്ക് ചെയ്യാൻ സൈബർ സെൽ നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ജില്ലാ കളക്ടർ പി. കെ.ജയശ്രീയുടെ പേരിലും വ്യാജ അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ചിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നമ്പറുകളാണ് ഇവ. പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് പണം തട്ടാനുള്ള ശ്രമം ഇപ്പോൾ വ്യാപകമാണ്. ഇത്തരം മെസ്സേജുകൾക്ക് പൊതുജനങ്ങൾ യാതൊരു വിധത്തിലും മറുപടി നൽകരുതെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |