SignIn
Kerala Kaumudi Online
Saturday, 20 April 2024 2.22 PM IST

കൊടിപാറിച്ച് കുടുംബശ്രീ

photo
കല്യാശ്ശേരി യൂണിറ്റിലെ കുടുംബശ്രീ പ്രവർത്തകർ ദേശീയ പതാക നിർമ്മാണത്തിനിടെ ..... ഫോട്ടോ - ആഷ്ലി ജോസ്

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാ‌ർഷികം നാടെങ്ങും ആഘോഷിക്കുമ്പോൾ സ്ത്രീസുരക്ഷയും സ്വയം പര്യാപ്തതയും ഉയർത്തിപിടിച്ച് സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീയും കൈകോർക്കുകയാണ്. സംസ്ഥാനത്തെ 700 യൂണിറ്റുകളിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ത്രിവർണ പതാക നെയ്തെടുക്കുമ്പോൾ അതൊരു പുതിയ കാലത്തിന്റെ സ്വാതന്ത്ര്യ സ്വപ്നസാക്ഷാത്കാരം കൂടിയായി മാറുകയാണ്.

വ്യത്യസ്തതവും വൈവിദ്ധ്യവുമാർന്ന ഉത്പ്പന്നങ്ങളിലൂടെ സ്ത്രീ സംരംഭകരുടെ കരുത്ത് തെളിയിച്ച കുടുംബശ്രീ ഇത്തവണ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമാവുന്നു.

ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ചുള്ള ഹർ ഘർ തിരംഗ കാമ്പെയിനിന്റെ ഭാഗമായാണ് കുടുംബശ്രീ കൊടികൾ ഉയരുന്നത്.നാലായിരത്തോളം സ്ത്രീകളാണ് പതാക നിർമ്മാണത്തിൽ പങ്കാളികളായത്.

പ്രതിദിനം മൂന്ന് ലക്ഷം പതാകകളാണ് ഇത്തരത്തിൽ കുടുംബശ്രീ നിർമ്മിച്ചു വരുന്നത്. ഈ പതാകകൾ സ്‌കൂളുകളിലും സ്ഥാപനങ്ങളിലുമെത്തിച്ചു കഴിഞ്ഞു. 20 മുതൽ 120 രൂപ വരെയാണ് വില. ഒപ്പം 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീട്ടിലും പതാക ഉയർത്തും.സ്‌കൂൾ വിദ്യാർത്ഥികൾ മുഖേനയാണ് പ്രധാനമായും പതാകകൾ വിതരണം ചെയ്തത്.

സ്‌കൂൾ കുട്ടികൾ ഇല്ലാത്ത വീടുകളിൽ പതാക ഉയർത്താനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. അത്തരം വീടുകളുടെ എണ്ണമെടുത്ത് തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീയെ ഏൽപ്പിക്കണം. ഈ ആഴ്ച തന്നെ പതാകകൾ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്നാണ് മുഖ്യമന്ത്റി നിർദ്ദേശിച്ചിട്ടുള്ളത്.പതാക നിർമ്മാണവും വിതരണവും സംസ്ഥാനത്ത് പൂർത്തിയായിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഉയരുന്ന ത്രിവർണ്ണ പതാക ലക്ഷക്കണക്കിന് കുടംബശ്രീ പ്രവർത്തകർക്ക് അഭിമാനം കൂടിയാണ്.

20 മുതൽ 120 രൂപ വിലയുള്ള പതാകകൾ വിറ്റഴിക്കുന്നതിലൂടെ കോടികളുടെ വരുമാനമാണ് കുടുംബശ്രീയെ കാത്തിരിക്കുന്നത്.ഇത് നാലയിരത്തോളം വരുന്ന കുടുംബശ്രീ സംരംഭകർക്ക് വലിയ ആശ്വാസം കൂടിയാണ്.ഓണം പടിവാതിൽക്കൽ എത്തി നിൽക്കെ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം ഈ സംരംഭകർക്ക് നൽകുന്നത് ഇരട്ടി ആഹ്ലാദമാണ്.വിവിധ ജില്ലകളിലായി രണ്ടും മൂന്നും ലക്ഷം പതാകകളാണ് കുടുംബശ്രീ സംരംഭകർ നിർമ്മിച്ച് നൽകിയത്.

ദേശീയ പതാകയുടെ അളവായ 3:2 എന്ന അനുപാതത്തിൽ തന്നെയാണ് കുടുംബശ്രീ അംഗങ്ങളും പതാകയുണ്ടാക്കിയത്.ഏഴ് വ്യത്യസ്ത വലിപ്പത്തിലാണ് പതാക നി‌ർമ്മിച്ചത്.പ്രതിദിനം ഒരാൾ നൂറ് പതാക വരെ നിർമ്മിക്കുന്ന പ്രവർത്തനങ്ങളാണ് വിവിധ ജില്ലകളിൽ നടത്തിയത്.

എല്ലാ ജില്ലകളിലെയും കുടുംബശ്രീ ഉദ്യോഗസ്ഥർ, കുടുംബശ്രീ ത്രിതല സംവിധാനത്തിന്റെ ഭാരവാഹികൾ, യൂണി​റ്റ് അംഗങ്ങൾ എന്നിവർ പരിപാടിയുടെ ഭാഗമായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേ​റ്റർമാർക്കാണ് അതത് ജില്ലകളിലെ അനുബന്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല. കൂടാതെ സംസ്ഥാനത്തെ 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും ദേശീയ പതാക ഉയർത്തും. അതത് സി.ഡി.എസുകൾ വഴി ഇത് ഉറപ്പാക്കും.

സംരംഭങ്ങളിലെ സ്ത്രീ കരുത്ത്

സംരംഭങ്ങളിലെ സ്ത്രീ കരുത്ത് കൂടി തെളിയിക്കുകയാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള കുടുംബശ്രീയുടെ പുതിയ ദൗത്യം.ഈടിലും ഉറപ്പിലും വിശ്വാസ്യതയിലും ഏറെ മുന്നിലാണ് കുടുംബശ്രീ ഉത്പ്പനങ്ങൾ.അങ്ങേയറ്റം ജനകീയവുമാണ്.കുട നിർമ്മാണത്തിനും വസ്ത്ര നിർമ്മാണത്തിനും ഭക്ഷ്യ നിർമ്മാണത്തിനുമെല്ലാം ചുവട് പിടിച്ച് കുടുംബശ്രീ ഏറ്റെടുത്ത കൊടി നിർമ്മാണം പെൺ കരുത്തിന്റെ പുതിയ തുടക്കം കൂടിയാണ്.കൊവിഡ് കാലത്ത് മാസ്ക് നിർമ്മിച്ച് കൊണ്ട് നിരവധി തയ്യൽ യുണിറ്റുകൾ മുന്നോട്ട് വന്നിരുന്നു.കൊവിഡിന്റെ തുടക്കത്തിൽ വിപണിയിൽ സ്വകാര്യ കമ്പനികളും മറ്റും കഴുത്തറപ്പൻ വില ഈടാക്കിയിരുന്നപ്പോൾ ന്യായമായ വിലയിൽ മാസ്ക് നൽകാനും അതിലൂടെ മികച്ച ലാഭം നേടാനും ഈ യൂണിറ്റുകൾക്ക് സാധിച്ചു.

ഇത്തരം സംരംഭങ്ങിലൂടെ നിരവധി കുടുംബങ്ങൾക്ക് താങ്ങാവുന്ന കുടുബശ്രീയോടുള്ള പ്രതീക്ഷ ഒന്നു കൂടി ഊട്ടി ഉറപ്പിക്കുകയാണ് സംരംഭകർ.

ആദ്യ അനുഭവം

പോയ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ദേശീയ പതാക നിർമ്മിക്കാൻ ലഭിച്ച ഈ അവസരം ഭൂരിഭാഗം കുടുംബശ്രീ അംഗങ്ങൾക്കും പുതിയ അനുഭവമായിരുന്നു.സ്കൂളുകളിലും മറ്റും പതാക ഉയർത്തുന്നത് ദൂരെ നിന്ന് മാത്രം കണ്ടവരാണ് പലരും.എന്നാൽ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിൽ നൂറോളം പതാകകൾ ദിനം പ്രതി ഓരോ അംഗവും തയ്ച്ചെടുത്തു.കുടുംബശ്രീ ജില്ലാ മിഷൻ ആദ്യം ഈ ദൗത്യം ഏറ്റെടുത്തപ്പോൾ ആശങ്കപ്പെട്ടിരുന്നു.കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും പതാക നിർമ്മിച്ച് നൽകാൻ കഴിയുമോയെന്നോർത്ത് .എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചതോടെയാണ് ഈ ദൗത്യം വലിയ വിജയത്തിലെത്തിയത്. നിർമ്മാണം പൂർത്തിയായ ഈ ഘട്ടത്തിൽ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് കണ്ണൂ‌ർ കല്ല്യാശ്ശേരിയിലെ കുടുംബശ്രീ തയ്യൽ യൂണിറ്റിലെ കെ.കെ.റീന പറഞ്ഞു.

അവസാന ഘട്ടത്തിലും ഓർഡറുകളുടെ പ്രവാഹം

കുടുംബശ്രീ പതാക നിർമ്മാണം ഏറ്റെടുത്തതോടെ മിക്ക ജില്ലകളിലും ഓർഡറുകളുടെ പ്രവാഹമായിരുന്നു.പതാക വിതരണത്തിന്റെ അവസാന ദിവസത്തിൽ പോലും കൊടികൾ ആവശ്യപ്പെട്ട് പലരും വിവിധ യൂണിറ്റുകളെ സമീപിക്കുകയുണ്ടായി.ഒരു സ്വകാര്യ സ്ഥാപനം കണ്ണൂരിലെ ഒരു യൂണിറ്റിൽ ആയിരം കൊടികൾ നിർമ്മിച്ച് നൽകാനാണ് വിതരണത്തിന്റെ അവസാന ഘട്ടത്തിൽ സമീപിച്ചത്.

...............

സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ പ്രവർത്തനം ലോകമെങ്ങും ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്. സ്ത്രീകളെ മുഖ്യധാരയിലെത്തിക്കാൻ ചെറുതും വലുതുമായ സംരംഭങ്ങളിലൂടെ ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. ദേശീയപതാക നിർമ്മാണം അഭിമാനം പകരുന്ന സംരംഭം കൂടിയാണ്.

ഡോ. എം. സുർജിത്ത്,

കോ- ഓഡിനേറ്റർ, കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR DIARY, KUDUMBASREE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.