SignIn
Kerala Kaumudi Online
Friday, 19 April 2024 2.40 PM IST

അഴിമതിക്കാരിൽനിന്നും വേണം സ്വാതന്ത്ര്യം

corr

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ, സമൂഹത്തിൽ അനാചാരമായി മാറിയ അഴിമതിയെ തുടച്ചുനീക്കാനുള്ള പരിശ്രമത്തിലാണ് വിജിലൻസ് മേധാവി മനോജ് എബ്രഹാം. എന്തിനും ഏതിനും കൈക്കൂലി നൽകിയേ മതിയാവൂ എന്നതാണ് സ്ഥിതി. കൈക്കൂലി ഒരു മാമൂൽ പോലെയായിരിക്കെ, ജനങ്ങളുടെ പങ്കാളിത്തത്തോടെയേ അഴിമതി ഇല്ലാതാക്കാനാവൂ എന്നാണ് അദ്ദേഹം പറയുന്നത്. ജനങ്ങളുടെ സഹകരണത്തോടെ അഴിമതിയെ പടിക്കുപുറത്താക്കാനുള്ള നടപടികൾക്ക് അദ്ദേഹം തുടക്കമിട്ടുകഴിഞ്ഞു. അഴിമതിക്ക് കൂട്ടുനിൽക്കാത്ത നിരവധി ഉദ്യോഗസ്ഥരുണ്ട്. എന്നാൽ എല്ലാ വകുപ്പുകളിലുമുള്ള ചെറുവിഭാഗമാണ് അഴിമതി ആചാരമാക്കി മാറ്റുന്നത്. കൈമടക്ക് നൽകാതെ സേവനങ്ങൾ ലഭിക്കുന്ന, അഴിമതിയോട് സന്ധി ചെയ്യാത്ത സിവിൽ സർവീസാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാൻ 'ജനകീയ നിരീക്ഷണം' എന്ന അറ്റകൈ പ്രയോഗിക്കുകയാണ് വിജിലൻസ് മേധാവി . കൈക്കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും സേവനങ്ങൾ മന:പൂർവമായി വൈകിപ്പിക്കുന്നതും അപേക്ഷകൾ അകാരണമായി നിരസിക്കുന്നതുമടക്കം അഴിമതിക്കാരുടെ ദൃശ്യമോ ശബ്ദമോ ഉൾപ്പെടെ വിവരങ്ങൾ ജനങ്ങൾ വീഡിയോയിൽ പകർത്തി വിജിലൻസിന്റെ ആപ്ലിക്കേഷനിൽ (ആപ്പ്) പങ്കുവച്ചാൽ ഉടനടി അന്വേഷിച്ച് നടപടിയെടുക്കും. നമ്മുടെയെല്ലാം പോക്കറ്റിൽ മൊബൈൽഫോൺ ഉള്ളതിനാൽ ജനകീയ നിരീക്ഷണത്തിലൂടെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാനും അതുവഴി അഴിമതി ഇല്ലാതാക്കാനുമാവുമെന്നാണ് വിജിലൻസ് മേധാവിയുടെ കണക്കുകൂട്ടൽ. 'ക്രൗഡ് സോഴ്സിംഗ് ' എന്ന പേരിൽ വിദേശത്ത് വ്യാപകമായ വിവരശേഖരണ രീതിയാണ് വിജിലൻസും പയറ്റുന്നത്. ജനങ്ങളിൽ നിന്ന് വിവരം കിട്ടിയാലുടൻ ഉന്നതഉദ്യോഗസ്ഥരുടെ അനുമതിയോടെ റെയ്ഡ് നടത്തി അഴിമതിക്കാരെ പിടികൂടാം. കൈക്കൂലി നൽകുന്ന നോട്ടിൽ ഫിനോഫ്തലിൻ പൊടി വിതറി, അഴിമതിക്കാരെ കൈയോടെ പിടിക്കുന്ന പഴഞ്ചൻ രീതിയും വിജിലൻസ് അവസാനിപ്പിക്കുകയാണ്.

അഴിമതിയുടെ ഡിജിറ്റൽ തെളിവുകൾ കോടതികൾ തെളിവായി സ്വീകരിച്ചു തുടങ്ങിയതോടെ, അത്തരം തെളിവുകൾ ശേഖരിച്ച് അതിവേഗ നടപടി ഉറപ്പാക്കുകയാണ് ലക്ഷ്യം. അഴിമതിക്കാരുടെ ദൃശ്യങ്ങളും ശബ്ദവും രഹസ്യമായി റെക്കാർഡ് ചെയ്യാവുന്ന ഉപകരണങ്ങൾ വിജിലൻസ് ഉദ്യോഗസ്ഥർക്ക് നൽകും. ഷർട്ടിന്റെ ബട്ടണിലും പേനയിലുമൊക്കെ ഘടിപ്പിക്കാവുന്ന ഡിവൈസുകളുണ്ടാക്കാൻ വിജിലൻസ് കേന്ദ്രസ്ഥാപമായ സി-ഡാക്കിന്റെ സഹായം തേടി. നിലവിൽ കൈക്കൂലി ഇടപാടിന്റെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ അവരുടെ സ്വന്തം മൊബൈലിലാണ് റെക്കാർഡ് ചെയ്യുന്നത്. ദൃശ്യം തെളിവാകണമെങ്കിൽ മൊബൈൽ സീൽചെയ്ത് കോടതിയിൽ ഹാജരാക്കണം. ഇതിനിടെ, ഫോണിലെ സ്വകാര്യ വിവരങ്ങൾ ഉദ്യോഗസ്ഥർ നീക്കംചെയ്തിരിക്കും. ഫോണിൽ തിരിമറി കാട്ടിയെന്നും എഡിറ്റിംഗ് നടത്തിയെന്നുമൊക്കെ തൊടുന്യായം പറഞ്ഞ് അഴിമതിക്കാർ രക്ഷപെടുകയാണ് പതിവ്. ഇത് അവസാനിപ്പിക്കാനാണ് അഴിമതിക്കാരെ രഹസ്യമായി കുടുക്കാൻ വിജിലൻസ് സ്വന്തം ഉപകരണങ്ങളുണ്ടാക്കുന്നത്.

കൈക്കൂലി തെളിയിക്കാൻ പഴഞ്ചൻ രീതികളാണ് ഇതുവരെ വിജിലൻസ് ഉപയോഗിച്ചിരുന്നത്. കൈക്കൂലി നൽകുന്ന നോട്ടിൽ ഫിനോഫ്തലിൻ പൊടി പുരട്ടിയ ശേഷം, കൈപ്പറ്റുന്ന ഉദ്യോഗസ്ഥന്റെ കൈപ്പത്തി സോഡിയം ബൈകാർബണേറ്റ് ലായനിയിൽ മുക്കിയാണ് നിലവിൽ വിജിലൻസിന്റെ അഴിമതിവേട്ട. രാസലായനിയിൽ കൈമുക്കുമ്പോൾ വെള്ളനിറത്തിലുള്ള ലായനി പിങ്ക് നിറമാവും. ഗസറ്റഡ് ഉദ്യോഗസ്ഥനെ സാക്ഷിയാക്കി, കൈക്കൂലി ഇടപാട് നടന്നെന്ന് ഉറപ്പാക്കി കോടതിയിൽ റിപ്പോർട്ട് നൽകും. പ്രതികൾ മരണപ്പെട്ടാലും അഴിമതിക്കേസുകളിൽ തീർപ്പുണ്ടാവാത്ത സ്ഥിതിയാണിപ്പോൾ. 15വർഷത്തിലേറെയായി നീളുന്ന കേസുകൾ അനവധി. അതിനാൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മനോജ് എബ്രഹാം വിജിലൻസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.

അഴിമതിക്കാരായ ഉദ്യോഗസ്ഥർ രാഷ്ട്രീയ, സംഘടനാ സ്വാധീനമുപയോഗിച്ച് ശിക്ഷയിൽ നിന്ന് രക്ഷപെടുന്നതൊഴിവാക്കാൻ കടുത്ത നടപടികളെടുക്കും. റെയ്ഡുകളിൽ കണ്ടെത്തുന്ന ക്രമക്കേടുകൾ വകുപ്പുമേധാവികളെയും സർക്കാരിനെയും അറിയിച്ച് നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു ഇതുവരെ. ഇനിമുതൽ അഴിമതിക്കാർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് രേഖാമൂലം അറിയിക്കാൻ വകുപ്പുകളോട് വിജിലൻസ് നിർദ്ദേശിക്കും. ശിക്ഷയ്ക്കുള്ള ശുപാർശ വകുപ്പുകളിൽ പൂഴ്‌ത്തുന്നത് ഒഴിവാക്കാൻ സർക്കാരിനും ശുപാർശയുടെ വിവരങ്ങൾ കൈമാറും. ശിക്ഷ ഉറപ്പാക്കാൻ എസ്.പിമാർ നടപടിയെടുക്കണമെന്നും വിജിലൻസ് മേധാവി മനോജ് എബ്രഹാം നിർദ്ദേശിച്ചു. നിസാര ക്രമക്കേടാണെങ്കിൽ വകുപ്പുമേധാവിയുടെയും ഗുരുതര ക്രമക്കേടുകളിൽ വകുപ്പുസെക്രട്ടറിയുടെയും നടപടി ഉറപ്പാക്കുകയാണ് ലക്ഷ്യം.

സംസ്ഥാനവ്യാപകമായി വകുപ്പുകളിൽ നടത്തുന്ന മിന്നൽപരിശോധനകളിൽ കുടുങ്ങുന്നവരുടെ വിവരങ്ങൾ വകുപ്പ് മേധാവിക്ക് കൈമാറുകയും നടപടി റിപ്പോർട്ട് രേഖാമൂലം തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്യും. നടപടിയെടുക്കാത്ത വകുപ്പുകൾക്കെതിരേ സർക്കാരിനെ സമീപിക്കും. സസ്പെൻഷൻ, സ്ഥലംമാറ്റം, വകുപ്പുതല അന്വേഷണം തുടങ്ങിയ ശിക്ഷകളാണ് വിജിലൻസ് ശുപാർശ ചെയ്യുന്നതെങ്കിലും അഴിമതിക്കാർ സ്വാധീനമുപയോഗിച്ച് രക്ഷപെടുകയാണ് പതിവ്. വേണ്ടപ്പെട്ടവരുടെ കേസുകൾ സർക്കാർ രഹസ്യമായി എഴുതിത്തള്ളാറുമുണ്ട്. ഇതിനെല്ലാം തടയിടാനാണ് ശിക്ഷാ ശുപാർശയും നടപടി റിപ്പോർട്ടും രേഖയിലാക്കുന്നത്. കണക്കിൽപ്പെടാത്ത പണവുമായി പിടിയിലാവുന്നവർക്കെതിരെയടക്കം വകുപ്പുതലത്തിൽ ശക്തമായ നടപടി ഉറപ്പാക്കും.

അഴിമതിയും കൈക്കൂലിയും പിടിക്കാൻ സേവനം തേടിയെത്തുന്നവരെ ഉപയോഗിച്ച് നടത്തുന്ന ട്രാപ്പ് ഓപ്പറേഷനുകൾ വ്യാപകമാക്കും. ഇങ്ങനെ കുടുങ്ങുന്നവർക്ക് ഒരുവർഷം സസ്പെൻഷൻ ഉറപ്പാക്കും. വിജിലൻസ് മേധാവിയും ആഭ്യന്തര, പൊതുഭരണ സെക്രട്ടറിമാരുമടങ്ങിയ സമിതിയുടെ പുന:പരിശോധനയ്ക്ക് ശേഷമേ സസ്പെൻഷൻ പിൻവലിക്കാനാവൂ.

ഉദ്യോഗസ്ഥർക്കെതിരായ കേസുകളിൽ അന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷകളിൽ ഇനിമുതൽ തുടർനടപടികളുണ്ടാവും. അഴിമതി, അനധികൃത സ്വത്ത് പരാതികളിൽ മുൻപത്തെപ്പോലെ നേരിട്ട് കേസെടുക്കാൻ വിജിലൻസിന് അധികാരമില്ല. പരാതികൾ സർക്കാരിന് കൈമാറി അനുമതി നേടിയശേഷമേ പ്രാഥമിക അന്വേഷണം പോലും നടത്താനാവൂ. അന്വേഷണത്തിന് അനുമതിതേടിയുള്ള അപേക്ഷകൾ സെക്രട്ടേറിയറ്റിലെ ചവറ്റുകൂനയിലാവുകയാണ് പതിവ്. ഇതൊഴിവാക്കാൻ ഉന്നതഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വകുപ്പുമേധാവിക്ക് കൈക്കൊള്ളാവുന്നതും, വകുപ്പുസെക്രട്ടറിക്ക് എടുക്കാവുന്നതുമായ ശിക്ഷകൾക്ക് പ്രത്യേകം ശുപാർശ ചെയ്യും. വകുപ്പുകളിൽ മിന്നൽപരിശോധന നടത്തി അഴിമതിക്കുള്ള പഴുതുകൾ കണ്ടെത്തി വകുപ്പുമേധാവിയെ അറിയിക്കും. ഇ-ഗവേണൻസ് നിർബന്ധമാക്കുന്നതടക്കം, എല്ലാ വകുപ്പുകളിലും അഴിമതി തടയാനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ശുപാർശ നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPAD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.