ദുബായ് : ഒമാനിൽ ഈദ് ആഘോഷം കഴിഞ്ഞ് ദുബായിലേക്ക് മടങ്ങി വന്ന സംഘം സഞ്ചരിച്ച ബസ് ട്രാഫിക് സൈൻ ബോർഡിലേക്ക് ഇടിച്ചു കയറി എട്ട് മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.40ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ ഉണ്ടായ അപകടത്തിൽ തലശ്ശേരി ചേറ്റംകുന്നിലെ ചോനാക്കടവത്ത് ഉമ്മർ (65), മകൻ നബീൽ ഉമ്മർ (21), തിരുവനന്തപുരം മാധവപുരം മുസ്ളിം പള്ളിക്ക് സമീപം ജയാഭവനിൽ (ടി.സി 32ൽ 223) പി.എം. ദീപകുമാർ (40), തൃശൂർ തളിക്കുളം കൈതയ്ക്കൽ അറക്കവീട്ടിൽ പരേതനായ മുഹമ്മദ് മകൻ എ.എൻ. ജമാലുദ്ദീൻ, തൃശൂർ തെക്കുംകര കുണ്ടുകാട് വട്ടായി വള്ളിത്തോട്ടത്തിൽ വീട്ടിൽ ജോണി-ജീന ദമ്പതികളുടെ മകൻ കിരൺ ജോൺ (24), പാമ്പാടി പൊത്തൻപുറം വെണ്ടകം കാർത്തികയിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനും വിമുക്തഭടനുമായ കാർത്തികേയൻനായരുടെ മകൻ വിമൽ കാർത്തികേയൻ (35), വാസുദേവൻ വിഷ്ണുദാസ്, രാജൻ പുതിയപുരയിൽ എന്നീ മലയാളികളാണ് മരിച്ചത്.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് ഉമ്മർ. മകൻ നബീൽ ദുബായ് എയർപോർട്ടിലെ എയറോനോട്ടിക് എൻജിനിയറാണ്. ബിസിനസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 30നാണ് ഉമ്മർ വിദേശത്തേക്ക് പോയത്. മസ്കറ്റിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന മകൾ ലുബ്നയുടെ വീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. ഉമ്മറിന്റെ ഭാര്യ എ.ടി. സറീന. മക്കൾ: ലുബ്ന (ദുബായ്), അബ്ദുല്ല (കച്ചവടം, തലശ്ശേരി), അമ്ന (വിദ്യാർത്ഥിനി). മരുമകൻ: ഇജ്ജാസ് (മസ്കറ്റ്). സഹോദരങ്ങൾ: റഹ്മാൻ, ഖാലിദ്, ഇസ്മയിൽ, ഇസ്ഹാഖ്.
ദുബായിൽ സെഞ്ച്വറി മെക്കാനിക്കൽ സിസ്റ്റംസ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ് ദീപക് കുമാർ. ഭാര്യ ആതിര, മകൾ അമൂല്യ (4) എന്നിവരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. അച്ഛൻ പരേതനായ പി. മാധവൻ, അമ്മ പ്രഭുല്ല, സഹോദരങ്ങൾ: ജയകുമാർ, ദീപ്തി കുമാർ.
ദുബായിൽ അക്കൗണ്ടന്റായ ജമാലുദ്ദീൻ രണ്ടു ദിവസത്തെ അവധിക്ക് നാട്ടിലെത്തി, രണ്ടാഴ്ച മുമ്പാണ് തിരിച്ചുപോയത്. തളിക്കളം ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. സി.പി.എമ്മിന്റെ സജീവ പ്രവർത്തകനാണ്. മാതാവ് : നഫീസ, ഭാര്യ: സുലൈഖ, മക്കൾ: സുഹാന, ഷാഫിയ.
ഇലക്ട്രിക്കൽ എൻജിനിയറായ കിരൺ ആറുമാസം മുമ്പാണ് ദുബായിലെത്തുന്നത്. കിരണിന്റെ ജ്യേഷ്ഠൻ ജെറിൻ നാലുവർഷമായി ദുബായിൽ ജോലി ചെയ്യുകയാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് ഓടെ മാതാപിതാക്കൾ കിരണുമായി സംസാരിച്ചിരുന്നു. രാത്രി വീണ്ടും വിളിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ രാവിലെയാണ് മരണ വിവരം വീട്ടുകാരറിഞ്ഞത്.
ദുബായ് പ്രെട്ടിയം കമ്പനി സീനിയർ അക്കൗണ്ടന്റായ വിമൽ പെരുന്നാൾ അവധിയായതിനാൽ മസ്കറ്റിൽ ബിസിനസുകാരനായ ജ്യേഷ്ഠൻ വിനോദിനൊപ്പം നാലുദിവസം താമസിച്ചശേഷം ദുബായിലേക്ക് മടങ്ങുകയായിരുന്നു. താമസസ്ഥലത്ത് എത്താൻ അഞ്ചു മിനിട്ട് ബാക്കിനിൽക്കെയാണ് ദാരുണാന്ത്യം. അടുത്ത സ്റ്റോപ്പിലിറങ്ങുമ്പോൾ കാറുമായെത്താൻ പുതുപ്പള്ളി സ്വദേശിയും സുഹൃത്തുമായ പ്രവീണിന് ഫോൺ ചെയ്തിരുന്നു. ഇതാണ് ആളെ തിരിച്ചറിയാൻ സഹായകമായത്. ഇന്നലെ പുലർച്ചെ നാലിനാണ് ബന്ധുക്കൾ വിവരമറിഞ്ഞത്. വിമലിന്റെ
ഭാര്യ: പൂർണിമ (ഐ.സി.ഡി.എസ് സൂപ്പർവൈസർ, തൃശൂർ), ഏകമകൻ: ദേവാംഗ് (മൂന്നുവയസ്). മാതാവ്: ചന്ദ്രകുമാരി (റിട്ട.അദ്ധ്യാപിക). സഹോദരങ്ങൾ: വിനോദ് (മസ്കറ്റ്), ശ്രീവിദ്യ.
ആകെ 12 ഇന്ത്യക്കാർ മരിച്ചതായാണ് റിപ്പോർട്ട്. ഇതിൽ രണ്ടുപേർ മുംബയ് സ്വദേശികളും ഒരാൾ രാജസ്ഥാൻ സ്വദേശിയുമാണ്. രണ്ടു പാക് സ്വദേശികളും ഒരു ഒമാൻ സ്വദേശിയും അയർലണ്ട് സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു.
റാഷിദിയ മെട്രോ സ്റ്റേഷന് സമീപം സ്ഥാപിച്ചിട്ടുള്ള വലിയ പൊക്കമുള്ള വാഹനങ്ങൾക്ക് പ്രവേശനം നിയന്ത്രിക്കുന്ന 2.2 മീറ്റർ ഉയരത്തിലുള്ള സൈൻ ബോർഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ ഇടതു മുകൾഭാഗം പൂർണമായും തകർന്നു. 31 പേരുണ്ടായിരുന്ന ബസിൽ ഇടതു ഭാഗത്തിരുന്നവരാണ് മരിച്ചവരെല്ലാം.
സൂര്യപ്രകാശം തടയാനുള്ള മറയുണ്ടായിരുന്നതിനാൽ സൈൻ ബോർഡ് കണ്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഇയാൾ വേഗ നിയന്ത്രണവും പാലിച്ചില്ലെന്ന് അവർ വ്യക്തമാക്കി.
പൊലീസും സിവിൽ ഡിഫൻസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പരിക്കേറ്റവരെ ഉടനേ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹങ്ങൾ ഇതേ ആശുപത്രിയിൽ മോർച്ചറിയിലാണ്. അപകടത്തെ തുടർന്ന് മസ്കറ്റിൽ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സർവീസുകൾ താത്കാലികമായി നിറുത്തിവച്ചു. എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.