SignIn
Kerala Kaumudi Online
Thursday, 25 April 2024 10.54 AM IST

ഒന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ പോയ തിരുവനന്തപുരം ,​ സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർന്നത് 1948ൽ

india
സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികത്തിൽ തിരു-കൊച്ചി പ്രധാനമന്ത്രിയായിരുന്ന പട്ടം താണുപിള്ള സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നു

തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ പകിട്ടൊന്നും ചോരാതെ തിരുവനന്തപുരത്തും ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. എന്നാൽ 75 വർഷം മുമ്പുള്ള ഇതേദിവസം യഥാർത്ഥ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തിരുവനന്തപുരത്തുകാർക്ക് കഴിഞ്ഞിരുന്നില്ല. തിരുവിതാംകൂർ ദിവാൻ സർ സി.പി രാമസ്വാമി അയ്യരുടെ നിർദേശങ്ങൾക്ക് മുന്നിൽ ഹജൂർ കച്ചേരിയുടെ (സെക്ര‍ട്ടേറിയറ്റ്) എല്ലാ വാതിലുകളും കൊട്ടിയട‍യ്‌ക്കപ്പെട്ടപ്പോൾ, തലസ്ഥാനത്ത് പട്ടം താണു‍പിള്ളയുടെ നേതൃത്വത്തിൽ പേരിന് മാത്രം ത്രിവർണ പതാക ഉയർത്താൻ വേദിയൊരു‍ങ്ങിയത് ഇന്നത്തെ വൈ.എം.സി.എയിലാണ്.

സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് സ്വാതന്ത്ര്യദിനാഘോഷം നടക്കുമ്പോൾ തൊട്ടടുത്തുള്ള വൈ.എം‍.സി.എ മന്ദിര പരിസരത്ത് അന്നത്തെ പകലിന്റെ ഓർമയ്‌ക്കായി സ്ഥാപിച്ച ഒരു ശി‍ലാസ്‌തൂപം ഇപ്പോഴുമുണ്ട്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റായിരുന്ന പട്ടം താണു പിള്ളയുടെ നേതൃത്വത്തിൽ ഒരു സംഘം കോൺഗ്രസ് പ്രവർത്തകരാണ് വൈ.എം.സി.എയിൽ 1947 ആഗസ്റ്റ് 15ന് രാവിലെ 7.30ന് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യം ആഘോഷിച്ചത്. പതാക ഉയർത്തിയതിന് ശേഷം പട്ടം കൂടിനിന്നവരെ അഭിസംബോധന ചെയ്‌ത് സംസാരിച്ചിരുന്നതായി വൈ.എം.സി.എയുടെ വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിനുള്ളിൽ പതാക ഉയർത്താൻ തീരുമാനിച്ച പ്രവർത്തകർ പട്ടം താണു‍പിള്ളയുടെ നേതൃത്വത്തിൽ വൈ.എം.സി.എയിൽ നിന്നാണ് പുറപ്പെട്ടത്. അകത്തേയ്‌ക്ക് പ്രവേശിക്കാൻ സാധിക്കാത്തതിനെ തുടർന്ന് തിരികെ വൈ.എം.സി.എയിൽ എത്തി പതാക ഉയർ‍ത്തുകയായിരുന്നു. 1916ൽ ആരംഭിച്ച വൈ.എം.സി.എ ഹാളിലായിരുന്നു സ്റ്റേറ്റ് കോൺഗ്രസിന്റെ യോഗങ്ങൾ പലപ്പോഴും ചേർന്നിരുന്നത്.

സി.പിയുടെ കൽപ്പന മറികടന്ന്

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മൂന്നു ദിവസം മുമ്പ് തി‍രുവിതാംകൂറിൽ ഇന്ത്യൻ പതാക എവിടെയും ഉയർത്താൻ പാടില്ലെന്ന് സി.പിയുടെ വിളംബരം വന്നിരുന്നു. തിരുവിതാംകൂർ രാജ്യത്തിന്റെ ശംഖുമുദ്ര‌യുള്ള പതാക മാത്രമേ ഉയർ‍ത്താൻ പാടുള്ളൂ എന്നായിരുന്നു ക‍ൽ‍പ്പന. ജൂലായ് 25നുണ്ടായ ആക്രമണത്തെ തുടർന്ന് ശക്തി‍വിലാസം കൊട്ടാരത്തിൽ വിശ്രമിക്കവെയാണ് സി.പി വിളംബരം പുറപ്പെടുവിച്ചത്. ആഗസ്റ്റ് 19നാണ് സി.പി തിരുവിതാംകൂർ വിട്ടത്. ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത്, സ്വാതന്ത്ര്യ‍ദിനത്തിന്റെ തലേദിവസം രാത്രിയിൽ ശ്രീകണ്‌‌ഠേശ്വരം പാർക്കിൽ റേഡിയോയ്‌ക്ക് ചുറ്റും ആളുകൾ കൂടിയിരുന്നത് ചരിത്ര‍കാരൻമാർ ഓർത്തെടുക്കുന്നുണ്ട്. വിവരം അറിഞ്ഞ സ്റ്റേറ്റ് കോൺഗ്രസുകാർ ജയഭേരി മുഴക്കിയും പടക്കം പൊട്ടിച്ചും നഗരത്തിൽ പ്രകടനം നടത്തിയിരുന്നു. എന്നാൽ സ്വാതന്ത്ര്യം കിട്ടിയ വിവരം ബഹുഭൂരിപക്ഷം പേരും അറിഞ്ഞിരുന്നില്ല.

സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക

1948ൽ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികത്തിലാണ് ആദ്യമായി സെക്രട്ടേറിയറ്റിന് പിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയരുന്നത്. തിരു-കൊച്ചി പ്രധാനമന്ത്രിയായിരുന്ന പട്ടം താണുപിള്ളയാണ് പതാക ഉയർത്തിയത്. പട്ടാളത്തിന്റെറെ റൂട്ട് മാർച്ചോടെയായിരുന്നു ഒന്നാം വാർഷിക ആഘോങ്ങൾ. തുറന്ന ജീപ്പിൽ പ്രധാനമന്ത്രിയും മന്ത്രിമാരും കനകക്കുന്ന് വഴി നടത്തിയ ആഹ്ലാദ പ്രകടനം പാങ്ങോടാണ് സമാപിച്ചത്. കവടിയാർ കൊട്ടാരത്തിൽ നിന്നും രാജകുടുംബാംഗങ്ങൾ കനകക്കുന്ന് കൊട്ടാരത്തിന് മുന്നിലിരുന്ന് അഭിവാദ്യം സ്വീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDEPENDENCE DAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.