SignIn
Kerala Kaumudi Online
Saturday, 20 April 2024 2.14 AM IST

വരൂ, പരമ വൈഭവത്തിലേക്ക് മുന്നേറാം: ഡോ. മോഹൻ ഭാഗവത്

amrit-mahotsav

ന്യൂഡൽഹി: ഭാരതമാതാവിനോടുള്ള ഭക്തിയാണ് പുത്രന്മാരായ നമ്മളെയെല്ലാം ഒന്നിപ്പിക്കുന്നതെന്നും നമ്മുടെ സനാതനസംസ്‌കൃതി, സംസ്‌കാരപൂർണ്ണമായ സദ്ഭാവനയുടെയും ആത്മാർപ്പണത്തോടെയുള്ള ആചരണങ്ങളുടെയും ബോധം നൽകുന്നുവെന്നും ആർ.എസ് .എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പ്രസ്‌താവനയിൽ പറഞ്ഞു. ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാവുകയാണ്. ഇപ്പോൾ നമുക്കുമുന്നിൽ പ്രശ്നങ്ങളൊന്നും ബാക്കിയില്ല എന്നല്ല, പഴയ വിഷയങ്ങളിൽ ചിലതൊക്കെ പരിഹരിക്കപ്പെട്ടിട്ടുണ്ട്, മറ്റുപലത് ഇനിയും ബാക്കിയാണ്; പുതിയ ചില പ്രശ്നങ്ങൾ വന്നുചേർന്നിട്ടുമുണ്ട്. ഇവയൊക്കെയിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം കൊണ്ടാടുന്നതിന്റെ സന്തോഷം തികച്ചും സ്വാഭാവികമാണ്. മനസ്സിന്റെ പവിത്രത തൊട്ട് പരിസ്ഥിതിയുടെ വിശുദ്ധി വരെ വളർത്തുന്നതിന്നുള്ള അറിവും ലഭിക്കുന്നു. പ്രാചീനകാലം തൊട്ട് നമ്മുടെ സ്മൃതിവീഥിയിലൂടെ സഞ്ചരിക്കുന്ന, പരാക്രമശീലരായ നമ്മുടെ പൂർവ്വികരുടെ ആദർശബോധം എക്കാലവും മാർഗ്ഗനിർദ്ദേശം നൽകിക്കൊണ്ടേയിരിക്കുന്നു.
കാലാകാലങ്ങളായി സമൂഹത്തിൽ കടന്ന് അതിനെ കാർന്നു തിന്നുന്ന ഒരുപാട് അപാകതകളുണ്ട്. ജാതി, ഭാഷ, ദേശം, കാഴ്ചപ്പാട് തുടങ്ങിയവയുടെ പേരിലുള്ള വിഭാഗീയത, ധനമോഹവും ലൗകികതയും ഉണ്ടാക്കുന്ന ക്ഷുദ്രമായ സ്വാർത്ഥത തുടങ്ങിയ തിന്മകളെ സമ്പൂർണ്ണമായും ഉച്ചാടനം ചെയ്യാൻ, സ്വയം പ്രവർത്തിച്ച് മാതൃകയാകേണ്ടി വരും. സമത്വവും ചൂഷണരഹിതവുമായ സമൂഹത്തിനുമാത്രമേ സ്വാതന്ത്ര്യസംരക്ഷണം സാദ്ധ്യമാകൂ.
സമൂഹത്തെ ഭ്രമിപ്പിച്ചോ പ്രകോപിപ്പിച്ചോ കലഹിപ്പിച്ചോ സ്വന്തം കാര്യം നേടാൻ ആഗ്രഹിക്കുന്നവരും, സ്വന്തം ദ്വേഷാഗ്നിയെ തണുപ്പിക്കാനാഗ്രഹിക്കുന്ന ഗൂഢാലോചനക്കാരും രാഷ്ട്രത്തിനകത്തും പുറത്തും സജീവമാണ്. അവർക്ക് ഒരവസരവും നൽകാത്ത ജാഗ്രത്തും സുസംഘടിതവും സമർത്ഥവുമായ സമൂഹമാണ് സ്വസ്ഥ സമൂഹം. സദ്ഭാവനയോടൊപ്പം സമ്പർക്കവും സംവാദവും പുനഃസ്ഥാപിക്കപ്പെടണം.
നിരന്തരമായ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ് അമൃത മഹോത്സവം. ത്യാഗത്തിലൂടെയും സമർപ്പിത കർമ്മത്തിലൂടെയും അതിനോടുള്ള പ്രതിബദ്ധത പ്രകടമാകണം. തനത് കാലാനുസൃത ഭരണ വ്യവസ്ഥകൾ നിർമ്മിച്ച് ഭാരതത്തെ പരമവൈഭവത്തിന്റെ ധന്യതയിൽ എത്തിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MOHAN BHAGAVATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.