അതിർത്തികളിൽ ഉൾപ്പെടെ പരിശോധനകൾ ശക്തമാക്കി
ആലപ്പുഴ: ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് മദ്യവും മറ്റ് ലഹരി വസ്തുക്കളും ഒഴുകുന്നതു തടയാൻ പൊലീസും എക്സൈസും പരിശോധന ശക്തമാക്കി.
തമിഴ്നാട്, കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് ലഹരി കൂടുതലായി എത്തുന്നത്.
കഴിഞ്ഞ ദിവസം ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്തു നിന്ന് 18 കുപ്പി മദ്യവുമായി പുന്നപ്ര സ്വദേശി റെജിൻ ജോണിനെ പിടികൂടിയിരുന്നു. മദ്യത്തോടൊപ്പം നിരോധിത പുകയില ഉത്പന്നങ്ങളും ഏറെയെത്തുന്നുണ്ട്. ചെറിയ പൊതികളിലാക്കിയാണ് കഞ്ചാവ് വില്പന. പക്ഷേ, കഞ്ചാവ് കേസുകളിലെ പ്രതികളിൽ ഭൂരിഭാഗവും നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്നു എന്നത് ഈ വിഭാഗത്തിന് ആത്മവിശ്വാസം പകരുന്നുവെന്ന് പൊലീസും എക്സൈസും സമ്മതിക്കുന്നു.
24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം എക്സൈസ് ഡിവിഷൻ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഓണം ലഹരിയിൽ മുക്കാൻ ജില്ലയിൽ ഹൈടെക് വാറ്റ് കേന്ദ്രങ്ങളും സജ്ജമാവുന്നുണ്ട്. വാറ്റിന് കുപ്രസിദ്ധിയാർജ്ജിച്ച കാർത്തികപ്പള്ളി, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങൾ നിരീക്ഷണത്തിലാണ്. ഗ്യാസ് സിലിണ്ടറും ഇൻഡക്ഷൻ കുക്കറും ഉപയോഗിച്ച് നടത്തുന്ന വാറ്റ് തൊട്ടടുത്തുള്ളവർ പോലും അറിയില്ല. മുമ്പ് ദിവസങ്ങളെടുത്താണ് കോട തയ്യാറാക്കിയിരുന്നതെങ്കിൽ ഇപ്പോൾ ഇതിന് മണിക്കൂറുകൾ മതി.
# ഡോഗ് സ്ക്വാഡുമുണ്ട്
ലഹരി വസ്തുക്കൾ വിൽക്കുന്നവരെ കണ്ടെത്താൻ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും നർക്കോട്ടിക് വിഭാഗം ഡിവൈ.എസ്.പിയുടെയും നേതൃത്വത്തിൽ രൂപീകരിച്ച കേരള ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ 11 അംഗ സംഘമാണ് പ്രവർത്തിക്കുന്നത്. ഡോഗ് സ്ക്വോഡിന്റെ സഹായവുമുണ്ട്. ഇതിന് പുറമേ എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു അഡിഷണൽ എസ്.ഐയും ഓരോ വനിത, പുരുഷ സിവിൽ പൊലീസ് ഓഫീസർമാരും ഉൾപ്പെട്ട സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. ഇതിന് ജില്ലാ തലത്തിൽ നേതൃത്വം നൽകുന്നത് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയാണ്.
മദ്യമൊഴുകുന്നതു തടയാൻ ജില്ലാ അതിർത്തികളിലും ഗ്രാമീണമേഖലകളിലും പരിശോധന ശക്തമാക്കി. നിലവിലുള്ള സ്ക്വാഡിന്റെ അംഗസംഖ്യ 15 ആയി വർദ്ധിപ്പിച്ച് ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന കർശനമാക്കി. കാപ്പനിയമം നടപടി കർശനമാക്കി പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കും
എം.കെ. ബിനുകുമാർ, ഡിവൈ.എസ്.പി, നർക്കോട്ടിക് വിഭാഗം, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |