SignIn
Kerala Kaumudi Online
Thursday, 25 April 2024 7.35 AM IST

പുതിയ ദിശയുടെ മാർഗരേഖ

narendra-modi

സ്വാതന്ത്ര്യ‌ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം പുതിയ ദിശയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് അടിവരയിടുന്നതായിരുന്നു. സാധാരണ നിലയിൽ ചെങ്കോട്ടയിൽ നടത്തുന്ന സ്വാതന്ത്ര്യ‌ദിന പ്രസംഗത്തിൽ പ്രധാനമന്ത്രിമാർ പുതിയ പ്രഖ്യാപനങ്ങളാണ് നടത്താറുള്ളത്. ഒൻപതാമത്തെ തവണ മോദി നടത്തിയ ഈ പ്രസംഗത്തിൽ ഒരു പ്രഖ്യാപനവും ഉണ്ടായിരുന്നില്ല. പകരം രാഷ്ട്രീയത്തിനുപരി രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതിക്ക് അടുത്ത 25 വർഷങ്ങൾക്കുള്ളിൽ എന്തു കർമ്മപദ്ധതിയാണ് പിന്തുടരേണ്ടത് എന്നതിന്റെ വ്യക്തമായ വീക്ഷണം വെളിപ്പെടുത്തുന്ന പ്രഭാഷണമായിരുന്നു അത്. സ്വാതന്ത്ര്യം‌ ലഭി​ച്ച് 75 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഇതാദ്യമായി ഇന്ത്യയിൽത്തന്നെ നിർമ്മിച്ച തോക്കുകൾ ആചാരപരമായ ഗൺസല്യൂട്ടിന് ഉപയോഗിച്ചത് എന്ന പ്രത്യേകതയും ഈ ചടങ്ങിന്റെ മാറ്റുകൂട്ടി. അഞ്ച് പ്രധാന ഘടകങ്ങളിൽ ഉൗന്നിയാവണം ഇനി ഇന്ത്യ വളരേണ്ടതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വികസനത്തിന്റെ മാർഗരേഖയാണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്. 2047-ൽ വികസിത ഭാരതം എന്ന ലക്ഷ്യം നേടണമെന്നതാണ് പ്രഥമ ലക്ഷ്യം. അതിനായി ഇപ്പോൾ 22നും 25നും ഇടയിൽ പ്രായമുള്ള യുവാക്കൾ പുതിയ കർമ്മപദ്ധതികളുമായി ആ ലക്ഷ്യം നിറവേറ്റാൻ സ്വയം സമർപ്പിക്കണമെന്ന ആഹ്വാനമാണ് പ്രധാനമന്ത്രി നടത്തിയത്. തൊഴിൽ നേടുക എന്ന പരിമിതമായ ലക്ഷ്യത്തിനപ്പുറം പുതിയ സ്റ്റാർട്ടപ്പുകളുമായി യുവാക്കൾ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന വേദികൾക്കാണ് മുൻഗണന നൽകേണ്ടത്. ഇതിൽ ടെക്നോളജിയാവും മുഖ്യപങ്ക് വഹിക്കുക. അതിവേഗ ഡേറ്റാ കൈമാറ്റത്തിനുള്ള 5 ജിയുടെ വരവോടെയും രാജ്യമൊട്ടാകെ ഒപ്‌റ്റിക്കൽ കേബിളുകളുടെ വിന്യാസത്തിലൂടെയും വരുംനാളുകളിൽ ഡിജിറ്റൽ വിപ്ളവം തന്നെയാവും അക്ഷരാർത്ഥത്തിൽ ഇന്ത്യയിൽ നടക്കുക. ഇത് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ അനിതരസാധാരണമായ മാറ്റങ്ങളാവും സൃഷ്ടിക്കുക. വിദ്യാഭ്യാസത്തിൽ വരുന്ന മാറ്റങ്ങളാണ് സാധാരണക്കാരന്റെ ജീവിതം മാറ്റിമറിക്കുന്നത്. ജാതിയുടെയും പിന്നാക്കാവസ്ഥയുടെയും ബന്ധുബലമില്ലായ്മയുടെയും, ഇപ്പോഴും നിലനിൽക്കുന്ന പല തടസങ്ങളുടെയും വൻമതിലുകൾ അതോടെ ഇടിഞ്ഞുവീഴും.

ഇന്ത്യയുടെ ജി.ഡി.പി 147.5 ലക്ഷം കോടിയാണെങ്കിലും പ്രതിശീർഷ ആളോഹരി വരുമാനം 1980 രൂപയാണ്. രാജ്യം വികസിക്കുന്നതനുസരിച്ച് ജനങ്ങളുടെ വരുമാനം കൂടുന്നില്ലെന്ന രീതിയിൽ അടുത്ത ദശാബ്ദങ്ങളിൽ അടിമുടി മാറ്റം വരേണ്ടതുണ്ട്. ഇന്ത്യയുടെ ഹ്രസ്വകാല ലക്ഷ്യം അതിൽ മാറ്റംവരുത്തുക എന്നതാണെങ്കിലും ആത്യന്തിക ലക്ഷ്യം മാനവരാശിയുടെ ആകെ ഉന്നമനമാണ്. ഇതിനായി സമ്പത്തില്ലായ്മയുടെയും വിഭ്യാഭ്യാസക്കുറവിന്റെയും മറ്റും അപകർഷതാബോധത്തിൽ നിന്ന് ജനത മുക്തമാവണം. അടിമത്ത മനോഭാവം വിട്ടുപോകുമ്പോൾത്തന്നെ സ്വാഭാവികമായും വികസനവും പുരോഗതിയും കൈവരിക്കാനാവും. മറ്റ് രാജ്യങ്ങളുടെ സഹായങ്ങൾ തേടുമ്പോഴും അവരാൽ നയിക്കപ്പെടുന്ന ഒരു ഇന്ത്യയാവില്ല ഉരുത്തിരിഞ്ഞ് വരിക. അതിനായി നമ്മുടെ രാജ്യത്തിന്റെ മറ്റാർക്കും അവകാശപ്പെടാനാകാത്ത സവിശേഷമായ പൈതൃകത്തിൽ അഭിമാനിക്കാനാകണം. ഇന്ത്യയിൽ ജനിച്ച് മറഞ്ഞുപോയ മഹാപ്രതിഭകൾ നൽകിയ സംഭാവനകൾ ഏതുരംഗത്തും ഒന്നാമതെത്താൻ നമുക്ക് കരുത്ത് പകരുന്നതാണ്. ഈ പൈതൃകത്തിൽ അഭിമാനിക്കുന്നതിന് പകരം വൈദേശീയമായതിന് കൂടുതൽ മഹിമ കല്പിക്കുന്ന കാഴ്ചപ്പാട് ജനങ്ങൾ ഉപേക്ഷിക്കണമെന്ന അർത്ഥത്തിലാവണം പ്രധാനമന്ത്രി പൈതൃകത്തിന്റെ പ്രാധാന്യം എടുത്തുകാട്ടിയത്. വിവിധ ഭാഷകളെ മാനിക്കുന്നതിനോടൊപ്പം സ്വന്തം ഭാഷയിൽ അഭിമാനിക്കാനുമാവണം. വൈവിദ്ധ്യമാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി. അതുപോലെ ജനാധിപത്യത്തിന്റെ ജന്മദേശം കൂടിയാണ് ഇന്ത്യ. അതിനാൽ ഇന്ത്യയുടെ വളർച്ച ആർക്കും ഭീഷണിയായി മാറില്ല. ഇന്ത്യൻ സംസ്കാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണത്. ഏതു മതത്തെയും സ്വീകരിക്കാനും അവർക്ക് വളരാനും എന്നും അനുകൂലമായ മണ്ണ് നൽകുന്നതാണ് ഇന്ത്യയെ ഇതരരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സ്‌ത്രീകളുടെ അന്തസിനെ ഹനിക്കുന്ന ഒരു നടപടിയും ആരിൽനിന്നും ഉണ്ടാകരുതെന്നും പ്രധാനമന്ത്രി ജനങ്ങളെ ഓർമ്മിപ്പിച്ചു. സ്‌ത്രീകൾക്ക് അവർ അർഹിക്കുന്ന അവസരവും ബഹുമാനവും പ്രദാനം ചെയ്യാതെയുള്ള ഏതൊരു വികസനവും എവിടെയും ശാശ്വതമാകില്ല. സ്‌ത്രീകളും കുട്ടികളും സന്തോഷത്തോടെ കഴിയുന്ന ഒരു നാടിനെ മാത്രമേ യഥാർത്ഥ അർത്ഥത്തിൽ ഉത്‌കൃഷ്‌ടമായ വികസിത രാജ്യമെന്ന് വിശേഷിപ്പിക്കാനാവൂ. 25 വർഷത്തിനുള്ളിൽ അത്തരമൊരു ലക്ഷ്യത്തിലേക്കാവണം നമ്മുടെ പ്രയാണമെന്നാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്. അഭിപ്രായ ഭിന്നതകൾ ഉണ്ടാകാമെങ്കിലും അതൊന്നും രാജ്യത്തിന്റെ ഐക്യത്തെയും ഏകതയെയും ബാധിക്കുന്നതും അതിന് ദോഷം വരുത്തുന്നതുമായി പരിണമിക്കരുത്. ഓരോ വ്യക്തിയും പരപ്രേരണ കൂടാതെ അവരവരുടെ പൗരധർമ്മം പാലിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നതാണ് പ്രധാനമന്ത്രി ഏറ്റവും ഒടുവിൽ എടുത്തുപറഞ്ഞ ഘടകം. എല്ലാവർക്കും വൈദ്യുതി ലഭ്യമാക്കേണ്ടത് സർക്കാരിന്റെ കടമയാണ്. പക്ഷേ ഉപയോഗിക്കുമ്പോൾ ഉൗർജ്ജം അനാവശ്യമായി ചെലവഴിക്കാതെ ലാഭിക്കാൻ ശ്രദ്ധിക്കേണ്ടത് പൗരന്റെ കടമയാണ്. ശുചിത്വം, മാലിന്യ നിർമ്മാർജ്ജനം തുടങ്ങി ഒട്ടേറെകാര്യങ്ങളിൽ ഓരോ വ്യക്തിയും പൗരധർമ്മം പാലിക്കുമ്പോൾ മാത്രമേ നമുക്ക് സുഗമമായ ജീവിതം സാദ്ധ്യമാക്കാനാവൂ.

സ്വജനപക്ഷപാതവും അഴിമതിയും കുടുംബവാഴ്ചയുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളെന്നും താൻ രാഷ്ട്രീയം പറയുകയല്ല എന്ന ആമുഖത്തോടെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അഴിമതിക്കാരെ അംഗീകരിക്കാനാവില്ലെന്നും അഴിമതി നടത്തുന്ന ഒരു ഉന്നതനും ഇനി രക്ഷപ്പെടാൻ പോകുന്നുമില്ലെന്നുമുള്ള മുന്നറിയിപ്പും അദ്ദേഹം നൽകി. ഇന്ത്യ @ 100 എന്ന ലക്ഷ്യത്തിനായി വികസനകാര്യങ്ങളിൽ ഭിന്നതമറന്ന് എല്ലാവരും ഒരുമിച്ചുനിന്നാൽ മാത്രമേ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരുടെ സ്വപ്നങ്ങൾ നമുക്ക് യാഥാർത്ഥ്യമാക്കാൻ കഴിയൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIA @100
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.