SignIn
Kerala Kaumudi Online
Friday, 26 April 2024 2.14 AM IST

പാകിസ്ഥാനിൽ വരെ ആരാധകർ, അമേരിക്കൻ ഭീഷണി വകവയ്ക്കാതെ നട്ടെല്ലുയർത്തി ഇന്ത്യൻ താത്പര്യം സംരക്ഷിച്ച സുഷമയുടെ പിൻഗാമി  പറയുന്നു, ഇത് എന്റെ കടമ 

jaishankar

ന്യൂഡൽഹി : കഴിഞ്ഞയാഴ്ച ഇസ്ലാമാബാദിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ റാലിയിൽ ഒരു ഇന്ത്യൻ മന്ത്രിയുടെ വീഡിയോ പ്‌ളേ ചെയ്തു. വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറിന്റേതായിരുന്നു അത്. അമേരിക്കൻ ഉപരോധത്തിന് പുല്ലുവില കൽപ്പിച്ച് റഷ്യൻ എണ്ണ വാങ്ങുന്നതിനെ കുറിച്ചായിരുന്നു ആ വീഡിയോയിൽ അദ്ദേഹം പറഞ്ഞത്. റാലിയിൽ ഇന്ത്യൻ മന്ത്രിയുടെ വീഡിയോ കാണിച്ച ശേഷം ജയ്ശങ്കറെ വാനോളം പുകഴ്ത്താനും ഇമ്രാൻ മടി കാണിച്ചില്ല. അമേരിക്കയെ ഒപ്പം നിർത്തി റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ കഴിയുന്ന ഇന്ത്യയുടെ വിദേശ നയത്തിന് ഇമ്രാൻ കയ്യടിക്കുകയും ചെയ്തു.

പാകിസ്ഥാനിൽ നിന്നു പോലും ആരാധകരെ സ്വന്തമാക്കിയ വിദേശകാര്യ മന്ത്രി ജയ്ശങ്കറിന്റെ പ്രവർത്തനങ്ങൾ സുഷമ സ്വരാജിന് ശേഷം വീണ്ടും വിദേശകാര്യ മന്ത്രാലയത്തിന്റെ യശസ് ഉയർത്തുകയാണ്. ജനകീയമായ പ്രവർത്തനങ്ങളിലൂടെയും, പ്രവാസികളുടെ കണ്ണീരൊപ്പിയും, ട്വിറ്ററിലൂടെയുള്ള ഇടപെടലുകൾ കൊണ്ടുമാണ് സുഷമ സ്വരാജ് ജനപ്രീതിയിൽ മുമ്പിലെത്തിയത്. എന്നാൽ നയതന്ത്രജ്ഞനായ ജയ്ശങ്കർ വിദേശകാര്യ മന്ത്രിയായപ്പോൾ മറ്റൊരു മുഖമായിരുന്നു മന്ത്രാലയത്തിന് ലഭിച്ചത്. വിദേശത്തെ പ്രവാസികളുടെ കാര്യങ്ങളിൽ ഇടപെടലുകൾ സഹമന്ത്രിയും മലയാളിയുമായ വി മുരളീധരനാണ് ചുക്കാൻ പിടിക്കുന്നത്. മലയാളികളടക്കം വിദേശത്ത് പ്രയാസം അനുഭവിക്കുന്ന നിരവധി പേരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഭംഗിയായി അദ്ദേഹം നിർവഹിക്കുന്നുമുണ്ട്.

നയതന്ത്രജ്ഞൻ എന്ന അനുഭവ സമ്പത്ത് തന്റെ ജോലിയിലൂടെ ഭംഗിയാക്കാൻ ജയ്ശങ്കറിന് കഴിയുന്നുണ്ട്. വിദേശയാത്രകളിലൂടെ ഇന്ത്യയുടെ ഇടപെടലുകളുടെ വ്യാപ്തി വർദ്ധിപ്പിക്കുവാനും, ബന്ധങ്ങളിൽ ദൃഢത കൈവരുത്താനും അദ്ദേഹത്തിന് കഴിയുന്നു. ശബ്ദം ഉയർത്തേണ്ടിടത്ത് അത് ഉയർത്താനും ജയ്ശങ്കർ പ്രത്യേകം ശ്രദ്ധ നൽകുന്നു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിയെ തുടക്കത്തിലെ ശക്തമായ വാക്കുകൾ ഉപയോഗിച്ചാണ് അമേരിക്ക എതിർക്കാൻ ശ്രമിച്ചത്. ഏപ്രിലിൽ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ പരിധി നിശ്ചയിക്കണമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കന്റെ ആവശ്യത്തെ ഇന്ത്യയുടെ ആവശ്യങ്ങൾ നിരത്തിയാണ് വിദേശകാര്യ മന്ത്രി പ്രതിരോധിച്ചത്.

ആഗോള വിപണിയിൽ എണ്ണ വില ഉയർന്ന് നിൽക്കുന്നതിനാൽ കുറഞ്ഞ വിലയിൽ എണ്ണ ഉറപ്പാക്കേണ്ട രാജ്യത്തിന്റെ ആവശ്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മിക്കരാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിൽ വീഴുമ്പോഴും ശക്തമായ നിലപാടുകൾ സ്വീകരിച്ച ഇന്ത്യ സാമ്പത്തിക മാന്ദ്യ ഭീഷണിയിൽ കാര്യമായ പൊള്ളലേൽക്കാതെ സുരക്ഷിതമായി നിൽക്കുന്നതും റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ ഉറച്ചു നിൽക്കുന്നതു കൊണ്ടാണ്. ഇപ്പോഴിതാ ഒൻപതാമത് ഇന്ത്യ തായ്ലൻഡ് ജോയിന്റ് കമ്മീഷൻ യോഗത്തിൽ പങ്കെടുക്കാൻ തായ്ലൻഡിൽ എത്തിയിരിക്കുകയാണ് അദ്ദേഹം. ഇമ്രാൻ ഖാന്റെ പുകഴ്ത്തലിന് അർഹമായ നയം ഒരിക്കൽ കൂടി വിശദീകരിക്കാനും ജയ്ശങ്കർ മടികാണിക്കുന്നില്ല.

നമ്മുടെ പൗരന്മാർക്ക് മികച്ച ഇടപാട് ഉറപ്പാക്കേണ്ടത് എന്റെ ധാർമിക കടമയാണ്: ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങുന്നതിനെ കുറിച്ച് ജയശങ്കർ നയം വ്യക്തമാക്കിയത് ഇപ്രകാരമാണ്. ഭൂരിഭാഗം ഇന്ത്യക്കാർക്കും ഇന്ധനത്തിന് ഉയർന്ന വില നൽകാനാവില്ലെന്നും രാജ്യത്തിന് ഗുണകരമാകുന്ന ഒരു കരാർ ഉറപ്പാക്കേണ്ടത് തന്റെ കടമയാണെന്നും വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ പറഞ്ഞു. അതുകൊണ്ടാണ് ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്നത്.

'ഞങ്ങളുടെ താൽപ്പര്യങ്ങൾ തുറന്നതും സത്യസന്ധവുമാണ്. 2000 ഡോളർ പ്രതിശീർഷ വരുമാനമുള്ള ഒരു രാജ്യമാണ് എനിക്കുള്ളത്. ഉയർന്ന ഊർജ്ജ വില താങ്ങാൻ കഴിയുന്നവരല്ല അവർ. മികച്ച ഇടപാട് ഉറപ്പാക്കേണ്ടത് എന്റെ ധാർമിക കടമയാണ്', ജയശങ്കർ പറഞ്ഞു. അതേസമയം റഷ്യയിൽ നിന്നും ഈ മാസത്തെ ഇന്ത്യയുടെ മൊത്തം വാങ്ങൽ യൂറോപ്പ് വാങ്ങുന്നതിനേക്കാൾ കുറവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ വിഷയത്തിൽ ഇരട്ട നിലപാട് സ്വീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കുള്ള മറുപടി കൂടിയാണ് ഈ വാക്കുകൾ.

ഇന്ത്യയും തായ്ലൻഡും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ജോയിന്റ് കമ്മീഷൻ യോഗത്തിൽ പങ്കെടുക്കാൻ ജയ്ശങ്കർ തായ്ലൻഡിലെത്തിയത്. പ്രതിരോധം, സുരക്ഷ, സാമ്പത്തികം,വാണിജ്യം, കണക്റ്റിവിറ്റി, സാംസ്‌കാരികം, ടൂറിസം എന്നിവയുൾപ്പെടെ ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ മേഖലകളിലും കൈവരിച്ച പുരോഗതി ഇരുപക്ഷവും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAISANKAR, FOREIGN, FOREIGN POLICY, SUSHMA SWARAJ, RUSSIAN OIL, IMRANKHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.