SignIn
Kerala Kaumudi Online
Saturday, 20 April 2024 7.28 AM IST

കുഴിയെണ്ണിയാൽ പോരേ; അപ്പം തിന്നണോ?

photo

റോഡുണ്ടായ കാലംമുതൽ കുഴികളും പിറവിയെടുത്തു എന്നത് ഒരു നവകേരള യാഥാർത്ഥ്യം മാത്രമാണ്. തികച്ചും മതേതരവും രാഷ്ട്രീയേതരവും ലിംഗേതരവുമായ സാമൂഹ്യനീതി റോഡിൽ നടപ്പിലാകുന്നത് കുഴികളുടെ തുല്യവിതരണം കൊണ്ടാണെന്ന് നവോത്ഥാന കേരളം തിരിച്ചറിയപ്പെടാതെ പോകുന്ന ഒരു യാഥാർത്ഥ്യമാണ്. ടാറും കോൺക്രീറ്റുമൊക്കെയിട്ട് മെച്ചപ്പെടുത്തിയ രാജകീയ പാതകൾ- പാലസ് റോഡുകൾ പിറക്കുന്നതിനും ദേശീയ- സംസ്ഥാന- പഞ്ചായത്ത് പാതകൾ ജന്മമെടുക്കുന്നതിനും ഒക്കെ മുൻപ് മദ്ധ്യകേരളത്തിലെ രണ്ട് ചെമ്മൺപാതകൾ സന്ധിച്ചിരുന്നത്. തൃക്കാക്കരയിലായിരുന്നു . ഇബ്‌നുബത്തൂത്തയുടെ കോഴിക്കോട്- കൊല്ലം യാത്രയിൽ റോഡും കുഴികളുമൊന്നും ഉണ്ടായിരുന്നില്ല. യാത്ര പൂർണമായും ജലപാതകളിലൂടെയായിരുന്നു. എന്തൊരു സുഖവും സമാധാനവും.

വികസനം റോഡായും പാലമായും അവതരിച്ചതോടെ കുഴികളും പിറവിയെടുത്തു. ആദ്യത്തെ കല്ക്കരി ബസ് ഒാടിയ അന്നത്തെ വിശാലപാതയായ എറണാകുളം ബ്രോഡ്‌വേയിൽ എത്ര കുഴികളുണ്ടായിരുന്നു എന്ന് രേഖകളിൽ വ്യക്തമല്ല. രാജാക്കന്മാരും പ്രഭുക്കന്മാരും ആദ്യകാലത്ത് പള്ളിയോടങ്ങളിലായിരുന്നു എഴുന്നള്ളത്ത്. രാമപുരത്ത് വാര്യൻമാരുടെ വഞ്ചിപ്പാട്ടകമ്പടിയും കുഴികളുടെ പൊങ്കാലകളും ഇല്ലാതിരുന്ന കാലത്താണ് കൊച്ചി ഭരിച്ചിരുന്ന നേത്യാരമ്മ സുഖയാത്രയ്ക്കായി ഇന്നത്തെ കാരവൻ മട്ടിലുള്ള വിദേശകാർ ഇംഗ്ളണ്ടിൽനിന്നും വരുത്തിയത്. അന്നൊന്നും കുഴികൾ നാടുഭരിക്കാനിറങ്ങിയതിന് തെളിവില്ല.

പശ്ചിമഘട്ട പെരുംകൊള്ളകൾക്കായി മലമ്പാതകൾ കണ്ടുപിടിച്ചത് ഒരു സായ്‌പും എൻജിനീയറുമല്ലെന്ന് ഓർക്കണം. ആനകളായിരുന്നു മുൻഗാമികൾ. ആനത്താരകളാണ് മലമ്പാതകളായി തെളിഞ്ഞുവന്നത്. ഇന്ന് ആ വനപാതകളിൽപോലും റോഡ് മുറിച്ചുകടക്കാൻ ആനകൾ മണിക്കൂറുകൾ കാത്തുനിൽക്കണം.!

ജനാധിപത്യ സർക്കാരുകൾ ഭരണം കൈയാളിയതോടെ അധികാരത്തിന്റെ അന്തഃപുരങ്ങൾ ജനപ്രതിനിധികളെന്ന പുതിയ രാജകുമാരന്മാർ കൈയടക്കാനും അഴിമതിയുടെ പുതിയ രാജവീഥികൾ തുറന്ന് പൊതുമരാമത്ത് വകുപ്പ് വെന്നിക്കൊടി പാറിക്കാനും തുടങ്ങി. അധികാരത്തിന്റെ ചെങ്കോൽ ആഭ്യന്തര - റവന്യൂ വകുപ്പുകളിലാണെങ്കിൽ , അഴിമതിയുടെ സിംഹാസനം രജിസ്ട്രേഷൻ, പൊതുമരാമത്ത്, എക്സൈസ്, വനം, മോട്ടോർ വാഹന വകുപ്പുകളിലായിരുന്നു.

പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ പണിയാൻ തുടങ്ങുന്നതിനും മുൻപ് പണിത, രാജഭരണകാലത്തെ പാലങ്ങളെല്ലാം കരുത്തോടെ നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ആദ്യ കോൺക്രീറ്റ് പാലമായ മൂവാറ്റുപുഴ പഴയ പാലത്തിന്റ ഇൗട്ടിയിൽതീർത്ത മാതൃക പ്രദർശിപ്പിച്ചാണ് ഇന്നും സ്റ്റാളുകൾ ഒരുക്കുന്നത്. ആ പാലം ചുണ്ണാമ്പും ശർക്കരയും ചേർത്ത് മഹാരാജാവിന്റെ കാലത്ത് തമിഴ്നാട്ടിലെ പണിക്കാർ നിർമ്മിച്ചതാണ്. പാലം പണിയാനുള്ള കൂറ്റൻ ചതുരക്കല്ലുകൾ പായിപ്ര കുന്നുകളിൽ നിന്നും 12 ആനകളാണ് വലിച്ചുകൊണ്ടുവന്നത്. ഇൗ പഴയ പാലത്തിന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ പുതിയപാലവും കാണാം. ഇൗ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിലാണ് ഇക്കഴിഞ്ഞ മഴക്കാലത്ത് നാലഞ്ചാൾ താഴ്ചയിൽ അതിഭീകരമായ പാതാളക്കുഴി പൊടുന്നനെ പ്രത്യക്ഷപ്പെട്ടത്. കൊല്ലനും അറിഞ്ഞില്ല, കൊല്ലത്തീം അറിഞ്ഞില്ല. തിത്തിത്തൈ എന്ന മട്ടിലായിരുന്നു ആ കുഴിയുടെ രംഗപ്രവേശം!

മഴക്കാലം പൊതുമരാമത്ത് വകുപ്പിന് കൊയ്ത്തുകാലമാണ്. വേനൽക്കാല റോഡ് ടാറിംഗുകൾ മഴക്കാല കുഴികൾക്ക് ജന്മമെടുക്കാൻ പാകത്തിനാണെന്ന് തോന്നിപ്പോകും. കുഴിയും മഴയും ചേർന്ന് കാളപൂട്ടു മത്സരത്തിന് പാകത്തിലാവും റോഡുകൾ. കൂടുതൽ ദുരിതം ഇരുചക്രവാഹനങ്ങൾക്കാണ്. കുഴികൾക്ക് ക്ഷാമമില്ലെങ്കിലും ടോൾ പിരിവിന് കുറവില്ല. കരാറുകാരുടെ ടോറസുകൾക്കും ജെ.സി.ബികൾക്കും ആനവണ്ടികൾക്കും ഉല്ലസിക്കാൻ പരുവത്തിലുള്ള പാതകൾ. മഴക്കാലത്ത് കുഴിയൊഴിവാക്കി അഭ്യാസ ചാതുരിയോടെയുള്ള ഇരുചക്ര സഞ്ചാരികൾ ജീവനും കൈയിലെടുത്താണ് യാത്ര.

ദേശീയ കുഴിയെത്ര, സംസ്ഥാന കുഴിയെത്ര എന്നെണ്ണിക്കൊണ്ട് മന്ത്രിയും പ്രതിപക്ഷവും കാലം പോക്കുമ്പോൾ അപ്പം തിന്നുകൊഴുക്കുന്നത് കരാറുകാരും മരാമത്ത് വകുപ്പുദ്യോഗസ്ഥരുമാണ്. പാവങ്ങളുടെ ജീവിതം ദിനംപ്രതി കുഴികളിൽ ഹോമിക്കുകയാണ്. പാലങ്ങളുടെ കാലം പിന്നിട്ട് മേല്പാലങ്ങളുടെ കാലമാണല്ലോ ഇത്. കുഴിയുള്ളിടത്തെല്ലാം മേല്പാലം പണിത് പ്രശ്നത്തെ മറികടക്കാവുന്നതേയുള്ളൂ!

കുഴികളുടെ കാര്യത്തിൽ ദേശീയ പാതയ്ക്കാണോ സംസ്ഥാന പാതയ്ക്കാണോ ഒന്നാംസ്ഥാനമെന്ന തർക്കം തുടരുകയാണ്. ദേശീയപാതയിൽ അങ്കമാലി കോതകുളങ്ങര- കുഴികുളങ്ങരയായി മാറിയിരിക്കുകയാണ്. 20 മീറ്റർ ദൂരത്തിൽ 23 പാതാളക്കുഴികൾ! സംസ്ഥാന പാതകളിൽ കുഴിയില്ലാത്തതിന്റെ കണക്കെടുപ്പാണ് എളുപ്പം. കുഴിയടയ്ക്കുന്നത് നോക്കി നിന്നാൽ ആർക്കും അതിന്റെ ലളിതമായ എൻജിനീയറിംഗ് തന്ത്രം പിടികിട്ടും. ഇന്നത്തെ കുഴിയടപ്പുകൾ നാളത്തെ പെരുംകുഴികളായി പൂത്തുവിരിയും. കുഴിയിൽവീണ് ജനം പിടയുമ്പോഴും കരാറുകാരും എൻജിനീയർമാരും നേതാക്കന്മാരും ഉൗറിച്ചിരിക്കും. വഴിയോരങ്ങളിൽ കുഴിമന്തിയും എല്ലാം കണ്ട് കുഴിമന്ത്രിയും! എല്ലാത്തിനും മുകളിൽ മറ്റൊരാൾ കൂടിയുണ്ടന്നോർക്കുന്നതും നന്ന്!

മന്ത്രിയെന്നോ എം.എൽ.എ എന്നോ വമ്പനെന്നോ കൊമ്പനെന്നോ ഭേദമില്ലാതെ എല്ലാവരേയും സ്വീകരിക്കാൻ തക്കവിധം നമ്മുടെ ദേശീയ-പ്രാദേശിക പാതകളിൽ പാതാളക്കുഴികളുടെ പൊങ്കാലയാണ്. ഇതിനെ മറികടക്കാൻ ഒരു വഴിയുണ്ട്. അസംഖ്യം അകമ്പടി വാഹനങ്ങളെ കൈവെടിഞ്ഞ് യാത്ര ആകാശമാർഗെ ആക്കുക. ഒരു പുഷ്പകവിമാനം വാടകയ്ക്കെടുക്കാം. അതാകുമ്പോൾ ഇൻഡിഗോ അനുഭവങ്ങൾ ആവർത്തിക്കാതിരിക്കും. വാടകയ്ക്കാവുമ്പോൾ എന്തുകൊണ്ടും മെച്ചമാവും. അല്ലെങ്കിൽ മനുഷ്യവാഹകരായ കെ- ഡ്രോണുകൾ പരീക്ഷിക്കാവുന്നതേയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GUTTERS IN KERALA ROADS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.