SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.27 AM IST

ലഹരിക്കെതിരെ വേണം ജനകീയ യുദ്ധം

photo

മലബാറിലെ ഒരു സ്‌കൂളിൽ പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ ലഹരി കൊടുത്ത് ഉപദ്രവിക്കാൻ ശ്രമിച്ചത് പതിനാല് വയസ്സുള്ള ആൺകുട്ടിയായിരുന്നെന്ന് വാർത്ത വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ നിരവധി ചർച്ചകളും നടക്കുന്നു.
എട്ട് വയസ്സ് മുതൽ പതിനഞ്ച് വരെയുള്ള 70 ശതമാനം കുട്ടികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന അവസ്ഥയെ നമ്മൾ സഗൗരവം നേരിട്ടേ മതിയാവൂ. ലഹരിക്കെതിരെ വേണ്ടത് ഒരു ജനകീയ യുദ്ധമാണെന്ന ധാരണയോടെ ഇത്തരം വസ്തുക്കളുടെ സമ്പൂർണ നിർമാർജ്ജനത്തിനായി

ചില നി‌ർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണ്.


1. സ്‌കൂളിന് നൂറു മീറ്റർ മുതൽ ഇരുന്നൂറ് മീറ്റർ ചുറ്റളവിലുള്ള എല്ലാ കടകളിലും നിശ്ചിത ഇടവേളകളിൽ എക്‌സൈസും സ്‌കൂൾ അധികൃതരും സംയുക്ത റെയ്ഡുകൾ നടത്തുക.
2. മിടുക്കരായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഓരോ സ്‌കൂളിലും ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ച് കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ
കുറയ്ക്കാൻ പതിനഞ്ച് ദിവസത്തിന്റെ ഇടവേളകളിൽ കലാ- കായിക പരിപാടികൾ, ക്വിസ് തുടങ്ങിയവ നടത്തുക.
3. ക്ലാസ്സ് മുറികൾക്കുള്ളിലും ടോയ്ലറ്റിലും ഹോസ്റ്റൽ മുറികളിലും ലഹരി ഉപയോഗം നടക്കുന്നുണ്ടോയെന്ന് കൃത്യമായ ഇടവേളകളിൽ അദ്ധ്യാപകർ പരിശോധിക്കണം. ഇടയ്‌ക്കിടക്ക് ടോയ്ലറ്റിൽ പോവുക, എന്തെങ്കിലും ചവച്ചുകൊണ്ടിരിക്കുക, പഠന ഗ്രേഡ് കുറഞ്ഞുവരിക എന്നീ
ലക്ഷണങ്ങളുള്ളവരെ ശ്രദ്ധിക്കുകയും നടപടി സ്വീകരിക്കുകയും വേണം.

4. സ്‌കൂളിൽ ലഹരി വസ്തുക്കൾ പിടിക്കപ്പെട്ടാൽ ആ കുട്ടികളെ ടിസി നൽകി പുറത്താക്കുക.
5. വിദ്യാലയങ്ങൾക്ക് ചുറ്റുമതിൽ നിർബന്ധമായും ഉണ്ടായിരിക്കണം. മതിലുകൾക്ക് പുറത്ത് നിന്നും ലഹരി വസ്തുക്കൾ ഉള്ളിലേക്ക് എറിഞ്ഞു കൊടുക്കുന്നുണ്ടോയെന്ന പരിശോധനകൾ കർശനമാക്കണം. ഇതിനായി
സ്‌കൂൾ ഗേറ്റുകളിൽ സെക്യൂരിറ്റിയെ നിയമിക്കുക.
6. കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ സ്‌കൂളിൽ നിർബന്ധമായും ഒരു കൗൺസിലർ ഉണ്ടായിരിക്കണം.

7. എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്ട്‌സ്, ഗൈഡ്‌സ്, റെഡ് ക്രോസ്, എസ്.പി.സി എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കിയാൽ സ്വയം പ്രതിരോധത്തിലൂടെ അവർക്ക് കൂടുതൽ ആത്മവിശ്വാസം നേടാൻ സാധിക്കും.
8. ലഹരി വസ്തുക്കൾ ഉപയോഗിച്ച് മോശം അവസ്ഥയിലായി ലഹരി വിമുക്ത കേന്ദ്രങ്ങളിൽ കിടക്കുന്നവരെ കുട്ടികൾക്ക് കാട്ടികൊടുക്കണം. അതിലൂടെ ഇവയുടെ ദൂഷ്യ വശങ്ങൾ അവർ നേരിട്ട് മനസ്സിലാക്കും.

മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ


1. കുട്ടി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നെന്ന് കണ്ടെത്തിയാൽ
അവർ എന്തുകൊണ്ട് ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ
നിർബന്ധിതരാകുന്നു എന്ന് പരിശോധിക്കുക. യഥാസമയം
കൗൺസിലർമാരുമായി ബന്ധപ്പെട്ട് കുട്ടികളെ ലഹരി ഉപയോഗത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക. കഴിയുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ദ്ധന്റെ സേവനം തേടുക. ഫലം കണ്ടില്ലെങ്കിൽ ഒരു ഡി അഡിക്‌ഷൻ സെന്ററിലെത്തിച്ച് ചികിത്സ തേടുക. ആരോഗ്യവകുപ്പും എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തുന്ന കേരളത്തിലെ ലഹരിവിമുക്ത കേന്ദ്രങ്ങളിൽ നിന്ന് , കഴിഞ്ഞ നാലു വർഷമായി ഏകദേശം
രണ്ട് ലക്ഷം കുട്ടികൾ ചികിത്സയിലൂടെ അസുഖം ഭേദമായി പുറത്ത്
വന്നിട്ടുണ്ട്.
2. മാതാപിതാക്കൾ കുട്ടികളുടെ മുൻപിൽ പുകയില വസ്തുക്കളോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കാതിരിക്കുക.

3. ഓൺലൈൻ സൈറ്റുകളിൽ നിന്നും കുട്ടികൾ ഓർഡർ ചെയ്ത്
വാങ്ങുന്ന ഉത്പന്നങ്ങൾ നിർബന്ധമായും മാതാപിതാക്കൾ
പരിശോധിക്കണം. ലഹരി വസ്തുക്കൾ കൊറിയർ വഴി
എത്തിക്കുന്ന സാഹചര്യമുണ്ട്.


കുട്ടികൾ

മനസിലാക്കേണ്ട

കാര്യങ്ങൾ


മൂന്ന് കാരണങ്ങൾ കൊണ്ടാണ് കുട്ടികൾ ലഹരിവസ്തുക്കൾ
ഉപയോഗിക്കുന്നത്. ആകാംക്ഷ , സീനിയർ കുട്ടികളുടെ സമ്മർദ്ദം, പഠനത്തിലെ സമ്മർദ്ദം എന്നിവയാണത്. ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.


2. സീനിയർ കുട്ടികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ നിർബന്ധിച്ചാൽ അതിന്റെ വിവരങ്ങൾ അധ്യാപകരെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കണം.


3. പഠന കാര്യങ്ങളിൽ സംഘർഷം ഉണ്ടായാൽ മാതാപിതാക്കളെ അറിയിക്കുകയും അവർ മുഖേന കൗൺസിലർമാരുടെ
സഹായം തേടുകയും വേണം. വിരസത മാറാൻ
ഡാൻസ്, പാട്ട്, സ്‌പോർട്സ്, വായന, ക്വിസ്, ഡ്രോയിങ് , പെയിന്റിങ് എന്നിവയിലേതെങ്കിലും മുഴുകാം.


അദ്ധ്യാപകർ

ചെയ്യേണ്ടത്


1. വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുകയും അഥവാ അങ്ങനെയുള്ള സാഹചര്യമുണ്ടെങ്കിൽ അവരെ ശരിയായ വഴിയിലേക്ക് നടത്താൻ ശ്രമിക്കുകയും വേണം.


2. സ്‌കൂൾ ചുറ്റളവിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് ഉദ്യോഗസ്ഥരെയോ അല്ലെങ്കിൽ എക്‌സൈസ് ഉദ്യോഗസ്ഥരെയോ അറിയിക്കണം.

ഗവൺമെന്റ്

ശ്രദ്ധിക്കേണ്ടത്

1. ചെറിയ മുതൽ മുടക്കിൽ ബിസിനസ്സ് തുടങ്ങുന്ന ഓൺലൈൻ
കമ്പനികളുടെ രജിസ്‌ട്രേഷൻ ഉടൻ നടപ്പിലാക്കി അവരെ നിരീക്ഷിക്കണം.. ഭൂരിഭാഗം ലഹരി വസ്തുക്കളുടെയും വിൽപന ഓൺലൈൻ വഴിയാണ് നടക്കുന്നതെന്ന് കണ്ടെത്തിക്കഴിഞ്ഞതാണ്.


2. പൊലീസ് ഉദ്യോഗസ്ഥരായാലും, എക്‌സൈസ്
ഉദ്യോഗസ്ഥരായാലും ലഹരി വസ്തുക്കൾ പിടികൂടുന്ന കാര്യത്തിൽ
ഒരു ടാർഗറ്റ് വെച്ച് പ്രവർത്തിക്കണം.


3. എം.പി, എംഎൽഎ, കളക്ടർ, പൊലീസ് കമ്മിഷണർ, പൊലീസ്
സൂപ്രണ്ട് മുതലായവർ മാസത്തിൽ ഒരു ദിവസമെങ്കിലും സ്കൂളുകളിൽ കുട്ടികളെ സന്ദർശിച്ച് കുറച്ച് സമയം ചെലവിടുകയും അവരുമായി സംവദിക്കുകയും വേണം

4. കുട്ടികളെ ലഹരി വസ്തുക്കളുടെ പിടിയിൽ നിന്നും
സംരക്ഷിക്കാൻ സ‌ർക്കാർ വിപുലമായ ധനസഹായം പോലീസിനും
എക്‌സൈസിനും നൽകേണ്ടതാണ്. ഇപ്പോഴത്തെ കാലത്ത്
പാരിതോഷികം പ്രതീക്ഷിച്ചാണ് പലരും ലഹരി വസ്തുക്കളെ
കുറിച്ചുള്ള രഹസ്യ വിവരങ്ങൾ നൽകാറുള്ളത്.

5. സ്‌കൂൾ പാഠ്യ പദ്ധതിയിൽ നാലാം ക്ലാസ് മുതൽ തന്നെ
ലഹരിവസ്തുക്കൾ / പുകയില വസ്തുക്കൾ എന്നിവയുടെ
ദോഷവശങ്ങളെ സംബന്ധിച്ച് ഒരു ഭാഗം ഉൾപ്പെടുത്തണം.
6. പൊലീസ് അടുത്ത സംസ്ഥാനങ്ങളിലെ
പൊലീസ് സേനയുമായി യോജിച്ച് ലഹരി വസ്തുക്കൾ പിടിക്കാൻ
റെയ്ഡുകൾ നടത്തണം.
7. ചെക്ക് പോസ്റ്റുകളിൽ ലോറി പോലെയുള്ള വലിയ
വാഹനങ്ങളിൽ ഒക്കെ ലഹരി വസ്തുക്കൾ കടത്താൻ സാധ്യതയുണ്ട്.
അതിനാൽ വലിയ വാഹനങ്ങൾ ഒരുമിച്ച് സ്‌കാൻ ചെയ്യാൻ
കഴിയുന്ന ആധുനിക സംവിധാനങ്ങൾ കേരളത്തിലെ എല്ലാ
ചെക്ക്‌പോസ്റ്റിലും പ്രവർത്തന സജ്ജമാക്കണം.
8. JJ ആക്ടിന്റ ((Juvenile justice act session 77, 78), അടിസ്ഥാനത്തിൽ
വേണം ലഹരിസംബന്ധായ കേസുകൾ എടുക്കാൻ. കാരണം സ്‌കൂൾ കോളജ് പരിസരങ്ങളിലാണ് ലഹരി വസ്തുക്കളുടെ വിൽപനയും വിതരണവും നടക്കുന്നത്. ഇവയിൽ ഉൾപ്പെടുന്ന ആളുകൾ പിടിക്കപ്പെട്ടാൽ ചുരുങ്ങിയത് ഏഴ് വർഷമെങ്കിലും ജയിൽ വാസം അനുഭവിക്കേണ്ടി വരും.

9. JJ act പ്രകാരം കേസെടുക്കാൻ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്
അനുമതി നൽകണം.

10. ഒന്നിൽ കൂടുതൽ പ്രാവശ്യം ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട
കേസുകളിൽ പിടിക്കപ്പെടുന്ന ആളുകളെ കാപ്പാ യിൽ
ഉൾപ്പെടുത്തണം

11. എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിൽ 94471 78000 എന്ന നമ്പരിലേക്ക് ജനങ്ങൾക്ക് ലഹരിവസ്തുക്കൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാം .
പൊലീസ് ഡിപ്പാർട്ട്‌മെന്റിലും ഇതുപോലെ നമ്പർ സജ്ജമാക്കണം.
12. പ്രസ്‌ക്രിപ്ഷൻ ഇല്ലാതെ മെഡിക്കൽ ഷോപ്പുകളിൽ വിൽപന
നടത്തുന്ന മരുന്നുകൾ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ സഹായത്താൽ പിടിച്ചെടുക്കണം.

13. എക്‌സൈസ് വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും
കീഴിലായി 14 ജില്ലകളിലായി 14 ലഹരി വിമുക്ത കേന്ദ്രങ്ങൾ
പ്രവർത്തിക്കുന്നുണ്ട്. അവയുടെ വിവരങ്ങൾ സ്‌‌കൂൾ-
കോളേജുകളിലെ നോട്ടീസ് ബോർഡിൽ പതിപ്പിക്കണം.

14. എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് മൂന്ന് മേഖലകളിലായി

കൗൺസിലർമാരെ നിയമിച്ചിട്ടുണ്ട്. അവരുടെ വിവരങ്ങളും
നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം.

മറ്റു സ്ഥാപനങ്ങൾ ‌

ചെയ്യേണ്ടത്

സ്‌കൂൾ, കോളജുകൾക്ക് പുറമേ മറ്റ് എൻ.ജി.ഒകൾ റോട്ടറി ക്ലബ്ബുകൾ, ലയൻസ് ക്ലബ്, റെസിഡന്റ്സ് അസോസിയേഷൻ മാദ്ധ്യമങ്ങൾ തുടങ്ങിയവർ ലഹരിവസ്തുക്കളുടെ ദുരുപയോഗം കുട്ടികളെ മനസിലാക്കുന്ന ബോധവത്‌കരണ പരിപാടികൾ നടത്തണം.

പൊലീസും എക്‌സൈസും സ്‌കൂൾ അധികൃതരും അദ്ധ്യാപകരും മാത്രം വിചാരിച്ചാൽ ലഹരിവസ്തുക്കളെ നിയന്ത്രിക്കാനാവില്ല. സമൂഹത്തിലുള്ള എല്ലാ ആളുകളും മുന്നോട്ടുവന്നാൽ മാത്രമേ ലഹരിക്കെതിരെയുള്ള യുദ്ധത്തിൽ നമുക്ക് വിജയിക്കാൻ സാധിക്കൂ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARCOTICS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.