കോഴിക്കോട്: ആവിക്കൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മലിനജല പ്ലാന്റിനെതിരായ പോരാട്ടത്തിന് കരുത്തുപകാരാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെത്തി. ഇന്നലെ വൈകിട്ട് സമരപ്രദേശത്ത് യു.ഡി.എഫ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. അധികാരമുപയോഗിച്ച് മാലിന്യപ്ലാന്റ് പദ്ധതി ജനങ്ങളിലേക്ക് സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും ജനങ്ങളെ വെല്ലുവിളിച്ച് നടപ്പാക്കാൻ ശ്രമിച്ച കെ റെയിലിന്റെ കുറ്റികൾ ആകാശത്ത് പറന്നതു പോലെ ഈ പദ്ധതിയിൽ നിന്നും സർക്കാരിന് പിന്മാറേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
ജനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ സമരങ്ങൾ ആളിക്കത്തിയ ചരിത്രമാണുള്ളത്. ധിക്കാരം കാട്ടുന്നവർക്ക് കെറെയിൽ ഒരു പാഠമാണ്. ജനസാന്ദ്രതയുള്ള പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പാവപ്പെട്ട ജനതയെയാണ് സർക്കാർ വെല്ലുവിളിക്കുന്നത്. അത്തരം അധികാരഗർവ് വിലപ്പോവില്ല. സമരം ചെയ്യുന്നവരെ തീവ്രവാദികളെന്ന് ആക്ഷേപിക്കുകയാണ്. ഈ ജനതയുടെ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാൽ നേരിടാൻ യു.ഡി.എഫ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനവികാരത്തെ അടിച്ചമർത്തി അധികാരകേന്ദ്രങ്ങൾക്ക് അധികകാലം മുന്നോട്ട് പോകാനാവില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അദ്ധ്യക്ഷത വഹിച്ചു.എം.എൽ.എമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ,ഡി.സി.സി.പ്രസിഡന്റ് കെ.പ്രവീൺകുമാർ,കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, എം.എ.റസാഖ്, കെ.സി.അബു, പി.എം.നിയാസ്, ഉമ്മർ പാണ്ടികശാല, എം.സി.മായിൻഹാജി, ടി.പി.എം.ജിഷാൻ, നിജേഷ് അരവിന്ദ്, പി.എം.ജോർജ്, അഷ്റഫ് മണക്കടവ്, കൗൺസിലർമാരായ കെ.സി.ശോഭിത, സൗഫിയ അനീഷ്, കെ.മൊയ്തീൻകോയ, റംലത്ത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |