കൊട്ടിയൂർ: മൂല്യവർദ്ധിത ഉല്പന്നങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ചക്കയുടെ വിപണനമൂല്യം ഉയർത്തിയതോടെ പ്ളാവ് നട്ടുപിടിപ്പിക്കൽ സജീവമാക്കി മലയോര കർഷകർ. സൂക്ഷിച്ചുവയ്ക്കാൻ മാർഗമില്ലാത്തതിനാൽ പറമ്പുകളിൽ വീണടിഞ്ഞുപോകുന്ന അവസ്ഥ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വരവോടെ മാറി ചക്കയ്ക്ക് 'നല്ല കാലമാണ്.
ക്വിന്റൽ കണക്കിന് ചക്ക സംഭരിക്കാനും കയറ്റിയയ്ക്കാനും വ്യാപാരികൾ രംഗത്തെത്തിയതോടെ മലയോരത്ത് ചക്ക വിപണിയും ഉയർന്നു.
പറമ്പുകളിൽ ഒന്നോ രണ്ടോ പ്ലാവ് വെച്ചു പിടിപ്പിച്ചിരുന്ന മലയോരത്തെ കർഷകർ അവയിൽ നിന്നുമാറി പ്ലാവ് കൃഷിയിലേക്ക് തന്നെ തിരിഞ്ഞിരിക്കുകയാണ് വലിയൊരു വിഭാഗം. വേനൽക്കാലത്ത് ലഭിക്കുന്ന ചക്ക സംസ്കരിച്ച് സൂക്ഷിക്കുന്ന രീതിയാണ് നിലവിൽ മഴക്കാലത്തും ശൈത്യകാലത്തും ചക്ക ലഭിക്കാത്തത് മൂല്യവർദ്ധിത ഉത്പന്ന വിപണിയിലെ പ്രതിസന്ധിയായിരുന്നു.ഇതു കണക്കിലെടുത്ത് പുത്തൻ ഇനങ്ങൾ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് കാർഷിക ഗവേഷകർ.
വേരു പിടിച്ച് അതിശയജാക്ക്
ആവശ്യം വർദ്ധിച്ചതോടെ മഴക്കാലത്തും കായ്ക്കുന്ന ഇനം പ്ലാവ് വികസിപ്പിച്ചിരിക്കുകയാണ് കൊട്ടിയൂർ ചുങ്കക്കുന്നിലെ കാരക്കാട്ട് തങ്കച്ചൻ. 'അതിശയ ജാക്ക് ' എന്നാണ് ഇതിന് നൽകിയ പേര്.മൂന്നാം വർഷം കായ്ച്ചു തുടങ്ങുന്ന ഈ ഇനം, നാടൻ പ്ലാവ് പോലെ വളർച്ചയുള്ളതാണ്. ഉത്പാദനവും കൂടുതലുണ്ട്.ഒരു പ്ലാവിൽ 50 മുതൽ 70 വരെ ചക്കകൾ ഓരോ വർഷവും കായ്ക്കും. ജൂൺ മുതൽ ഒക്ടോബർ വരെയാണ് സീസൺ. പറിച്ചുകഴിഞ്ഞാൽ 10 ദിവസം വരെ കേടുകൂടാതെയിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
പുറംതൊലി കട്ടിയേറിയതായതിനാൽ മഴവെള്ളമിറങ്ങി നശിക്കുകയുമില്ല. കട്ടിയുള്ള ചുളയാണ്. നല്ല രുചിയുമുണ്ട്.
കൊട്ടിയൂർ നെല്ലിയോടിയിൽ നിന്നും കണ്ടെത്തിയ പ്ലാവിൽ നിന്നുമാണ് ഈയിനം വികസിപ്പിച്ചത്. നിലവിൽ അതിശയ ജാക്ക് തൈകൾ വ്യാവസായികമായി ഉത്പാദിപ്പിച്ച് വിപണനം നടത്തു കയാണ് .ചുങ്കക്കുന്നിലെ നഴ്സറി ഉടമയായ തങ്കച്ചൻ.
വിലത്തകർച്ചയെത്തുടർന്ന് റബ്ബറും മറ്റും മുറിച്ച് നീക്കിയ തോട്ടങ്ങളിൽ പ്ലാവിൻതൈകൾ നടാനായി അന്വേഷിച്ച് വരുന്നവർ നിരവധിയാണ്. അധികൃതരുടെ സഹായമുണ്ടെങ്കിൽ തൈകൾ കേരളത്തിലെവിടെയും ആവശ്യമുള്ള കർഷകർക്കെല്ലാം നൽകാൻ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ-കാരക്കാട്ട് തങ്കച്ചൻ