കൊച്ചി: ചേരാനെല്ലൂർ കുന്നുംപുറത്തെ വിവിധ ഷോറൂമുകളുടെ യാർഡിലേക്ക് കാർ ഇറക്കുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യുവും എസ്.ഡി.പി.ഐയും തമ്മിൽ സംഘർഷം. രണ്ട് സി.ഐ.ടി.യു പ്രവർത്തകർക്കും ഒരു എസ്.ഡി.പി.ഐ പ്രവർത്തകനും പരിക്കേറ്റു. ആറ് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിലായി. ചേരാനെല്ലൂർ സ്വദേശികളായ സുനിൽ അബ്ദുള്ളക്കുട്ടി (39), ഫത്താഹുദ്ദീൻ അബ്ദുൾഖാദർ (42), റിഷാദ് അഷ്റഫ് (34), നസീർ അബ്ദുൾഖാദർ (42), ഷഗീർ മജീദ് (46), റിസ്വാൻ നസീർ (25) എന്നിവരാണ് അറസ്റ്റിലായത്.
ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ചിറ്റൂർ ചുമട് ബ്രാഞ്ച് സെക്രട്ടറി ചേരാനെല്ലൂർ കോളരിക്കൽ വീട്ടിൽ അലക്സ് (54), യൂണിയൻ അംഗവും ഡി.വൈ.എഫ്.ഐ ചേരാനെല്ലൂർ മേഖലാ സെക്രട്ടറിയുമായ ചേരാനെല്ലൂർ വാരിയത്ത്വീട്ടിൽ വി.എ. റോഷൻ (28), എസ്.ഡി.പി.ഐ പ്രവർത്തകനും ചേരാനെല്ലൂർ സ്വദേശിയുമായ മുഹമ്മദ് അസ്ലം എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഘർഷം.
ഒമ്പത് കാർ കമ്പനികളുടെ യാർഡുകളാണ് ചേരാനെല്ലൂർ ഗവ. എൽ.പി സ്കൂൾ റോഡിലുള്ളത്. ഇവിടെ ആറു വർഷമായി സി.ഐ.ടി.യു തൊഴിലാളികളാണ് കാറുകൾ ഇറക്കുന്നത്. തങ്ങളുടെ തൊഴിലാളി സംഘടനയായ എസ്.ഡി.ടി.യുവിനും പ്രവർത്തനാനുമതി നൽകണമെന്ന് എസ്.ഡി..പി.ഐ ആവശ്യപ്പെട്ടെങ്കിലും സി.ഐ.ടി.യു എതിർത്തു. തുടർന്ന് എസ്.ഡി.ടി.യു ലേബർ കമ്മിഷനെ സമീപിച്ചു. കമ്മിഷൻ വിളിച്ച യോഗം ധാരണയാകാതെ പിരിഞ്ഞു. ഇന്നലെ രാവിലെ എസ്.ഡി.പി.ഐ പ്രവർത്തകർ കാർ കയറ്റിറക്ക് തടസപ്പെടുത്തി. ഇത് ചോദ്യം ചെയ്ത സി.ഐ.ടി.യു പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു.