ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴയിൽ 31 മരണം. ഹിമാചലിൽ മാത്രം മഴയിലും മിന്നൽ പ്രളയത്തിലും 22 പേർ മരിക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തു. ഉത്തരാഖണ്ഡിൽ രണ്ടുപേരും ഒഡീഷയിൽ നാലുപേരും ജമ്മു-കാശ്മീരിൽ രണ്ട് കുട്ടികളും ജാർഖണ്ഡിൽ ഒരാളും മരിച്ചു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മേഘവിസ്ഫോടനമുണ്ടായി. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ റായ്‌പൂരിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഹിമാചലിലെ മണ്ഡിയിൽ മണ്ണിടിച്ചിലുണ്ടായി. ഇരു സംസ്ഥാനങ്ങളിലും നദികൾ കരകവിഞ്ഞൊഴുകുകയാണ്.
ഡെറാഡൂൺ, പൗരി ഗർവാൾ, തെഹ്‌രി ഗർവാൾ, ബാഗേശ്വർ ജില്ലകളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. ഇവിടെ ഇതുവരെ 10 പേരെ കാണാതായിട്ടുണ്ട്. തെഹ്‌രി ഗർവാൾ ധനൗൾട്ടി ബ്ലോക്കിലെ ഗ്വാർ ഗ്രാമത്തിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഏഴ് പേർ കുടുങ്ങിയതായി സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. ഡെറാഡൂണിലെ തപ്കേശ്വർ മഹാദേവ ക്ഷേത്രത്തിന് സമീപം തമസ നദിയിലുണ്ടായ വെളളപ്പൊക്കത്തെ തുടർന്ന് മാതാ വൈഷ്ണോ ദേവി ഗുഹാ യോഗ, തപ്കേശ്വർ മഹാദേവ ക്ഷേത്രങ്ങൾ ഒറ്റപ്പെട്ടു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
ജമ്മുവിൽ ഉരുൾപൊട്ടൽ 2 മരണം
ജമ്മു- കാശ്മീരിലെ ഉദ്ദംപൂർ ജില്ലയിലെ സമോൾ ഗ്രാമത്തിലുണ്ടായ ഉരുൾ പൊട്ടലിൽ വീട് തകർന്ന് മൂന്നും രണ്ടും വയസ്സുള്ള കുട്ടികൾ മരിച്ചു. കനത്തമഴയിൽ കാംഗ്ര ജില്ലയിൽ ചാക്കി റെയിൽവേ പാലത്തിന്റെ മൂന്നു തൂണുകൾ നദിയിലേക്ക് തകർന്നു വീണു. ചണ്ഡിഗഢ് - മണാലി ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
ചാമ്പയിൽ മിന്നൽ പ്രളയത്തിൽ 3 പേരെ കാണാതായി. സാർകേതിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു ഗ്രാമം തന്നെ ഒറ്റപ്പെട്ടു. ഇവിടെയുണ്ടായിരുന്നവരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാർപ്പിച്ചു. മണ്ഡി, കുളു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത മേഖലയിൽ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. അടുത്ത 24 മണിക്കൂർ കൂടി മണ്ഡിയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ്. സോംഗ് നദിയിലെ പാലം പ്രളയത്തിൽ ഒലിച്ച് പോയി. ഈ മാസം 25 വരെ സംസ്ഥാനത്ത് മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |