ചാലക്കുടി: കണ്ണൻകുഴി, തുമ്പൂർമുഴി പ്രദേശത്ത് വീണ്ടും കാട്ടുപന്നികളുടെ മരണം. രണ്ടു ദിവസം മുൻപ് കണ്ണൻകുഴി ഭാഗത്താണ് പന്നിയുടെ ജഡം കണ്ടെത്തിയത്. തുമ്പൂർമുഴിയിലും വെറ്റിലപ്പാറയിലും മുൻപ് കാട്ടുമൃഗങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. മ്ലാവായിരുന്നു ഇതിലൊന്ന്. എന്നാൽ ഇവയുടെ മരണങ്ങളിൽ അസ്വാഭാവികത ഇല്ലെന്നാണ് വനപാലകരുടെ പക്ഷം. എങ്കിലും കർശന നിരീക്ഷണമാണ് ഇപ്പോഴും തുടരുന്നത്. പരിയാരം റേഞ്ചിന്റെ കീഴിൽ ചത്ത ഒരു പന്നിക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇപ്പോഴും കാട്ടിലെ ആരോഗ്യ പ്രോട്ടോക്കൾ തുടരുന്നത്. നേരത്തെ പന്നികളും മ്ലാവുകളുമായി പതിമൂന്നെണ്ണത്തിന്റെ മരണം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഒന്നിൽ മാത്രമായിരുന്നു ആന്ത്രാക്സ് കണ്ടെത്തിയത്.