SignIn
Kerala Kaumudi Online
Saturday, 20 April 2024 9.30 AM IST

ഗവർണറെ പൂട്ടാൻ...!

gov

സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണർക്കുള്ള പരമാധികാരം ഇല്ലാതാക്കി, നിയമനം സർക്കാരിന്റെ കൈപ്പിടിയിലാക്കാനുള്ള ബിൽ കൊണ്ടുവരുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമടക്കം വിവിധ ലക്ഷ്യങ്ങളുണ്ട്. വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ സർക്കാരിന്റെ മേൽക്കൈയുറപ്പാക്കുന്നതാണ് നിർദ്ദിഷ്ട ഭേദഗതി. സമിതി അംഗസംഖ്യ മൂന്നിൽ നിന്ന് അഞ്ചാക്കി സർക്കാർ പ്രതിനിധിയെയും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തും. വൈസ് ചെയർമാനാണ് കൺവീനർ. നിലവിൽ ചാൻസലറുടെയും യു.ജി.സിയുടെയും സർവകലാശാലയുടെയും പ്രതിനിധികളാണുള്ളത്. നിലവിൽ സെർച്ച് കമ്മിറ്റിക്ക് ഐകകണ്ഠ്യേനയോ അംഗങ്ങൾക്ക് പ്രത്യേകമായോ പാനൽ സമർപ്പിക്കാനും ഇതിൽ നിന്നൊരാളെ ഗവർണർക്ക് വി.സിയായി നിയമിക്കാനും കഴിയും. എന്നാൽ ഭേദഗതി പ്രകാരം സർവകലാശാലയുടെയും സർക്കാരിന്റെയും പ്രതിനിധികളും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും ചേർന്ന് നൽകുന്ന പാനലേ ഗവർണർക്ക് അംഗീകരിക്കാനാവൂ. യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധികൾക്ക് വി.സി നിയമനത്തിൽ പങ്കാളിത്തം നാമമാത്രമാകും.

വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരം കവരുന്ന ബിൽ നിയമമായാൽ ഒൻപത് സർവകലാശാലകളിൽ സർക്കാരിന്റെ ഇഷ്ടം പോലെ വി.സിമാരെ നിയമിക്കാനാവും. സർവകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം ഇനിയും കൂടാനാണ് സാദ്ധ്യത. ചാൻസലർ, യു.ജി.സി, സെനറ്റ് പ്രതിനിധികളടങ്ങിയ സെർച്ച് കമ്മിറ്റിക്ക് പകരം അഞ്ചംഗ സമിതിയും, ഈ സമിതിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ വി.സി നിയമനത്തിന് പാനൽ തീരുമാനിക്കുകയും ചെയ്യുമ്പോൾ സർക്കാരിന് താത്പര്യമുള്ളവരെ തഴഞ്ഞ് മറ്റൊരാളെ വി.സിയാക്കാൻ ഗവർണർക്ക് കഴിയില്ല. സർക്കാർ, സിൻഡിക്കേ​റ്റ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ എന്നിവയുടെ പ്രതിനിധികളുടെ ബലത്തിൽ സർക്കാരിന് സമിതിയിൽ മേൽക്കൈ ഉണ്ടാകും.

സെർച്ച്കമ്മിറ്റിയിലെ ആദ്യത്തെ രണ്ടു പേരുകാരെ ഒഴിവാക്കി, ആരോഗ്യ സർവകലാശാലാ വൈസ്ചാൻസലറായി ഡോ.മോഹൻ കുന്നുമ്മലിനെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയമിച്ച ദുരനുഭവം സർക്കാരിനുണ്ടായിട്ടുണ്ട്. ഡോ. പ്രവീൺലാൽ, മുൻമുഖ്യമന്ത്റി സി. അച്യുതമേനോന്റെ മകൻ ഡോ. വി.രാമൻകുട്ടി എന്നിവരെയാണ് ഗവർണർ ഒഴിവാക്കിയത്. അവസാന പേരുകാരനായിരുന്നു ഡോ.മോഹൻകുന്നുമ്മൽ. ഡോ.പ്രവീൺലാലിനെ വി.സിയായി നിയമിക്കുന്നതിനാണു താൽപര്യമെന്നു സർക്കാർ, രാജ്ഭവനെ അറിയിച്ചിരുന്നെങ്കിലും വകവച്ചില്ല. നിയമഭേദഗതിയിലൂടെ ഇത്തരം തിരിച്ചടികൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണുള്ളത്. അതേസമയം, താത്പര്യമുള്ളവരുടെ പേര് യു.ജി.സി, ചാൻസലർ പ്രതിനിധികളെക്കൊണ്ട് നിർദ്ദേശിപ്പിച്ച് നിയമനം നടത്താനുള്ള ഗവർണറുടെ നീക്കത്തിന് തടയിടാനാണ് നിയമഭേദഗതിയെന്നാണ് സർക്കാർ വാദം.

പ്രൊഫസറായി പത്തുവർഷം പരിചയമുള്ളവരെ വി.സിയാക്കാമെന്നാണ് യു.ജി.സി ചട്ടം. പ്രിൻസിപ്പൽ, പ്രൊഫസർ, ഐ.എസ്.ആർ.ഒ തുടങ്ങിയിടങ്ങളിലെ ശാസ്ത്രജ്ഞർ എന്നിവരെയെല്ലാം പ്രൊഫസറാക്കാം. എന്നാൽ സർക്കാരിന് താത്പര്യമുള്ളയാളെ വി.സിയാക്കിയാൽ രാഷ്ട്രീയ ഇടപെടൽ കൂടുമെന്നും സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാവുമെന്നും വിലയിരുത്തലുണ്ട്. ബോർഡ് ഒഫ് സ്റ്റഡീസിൽ മുതൽ ഇന്റർവ്യൂ മാർക്ക് പരിഗണിച്ചുള്ള അദ്ധ്യാപക നിയമനങ്ങളിൽ വരെ ഇതിന്റെ പ്രതിഫലനമുണ്ടാവും.

ഗവർണറെ പൂട്ടുന്നതിന് പിന്നിൽ രാഷ്ട്രീയത്തിനു പുറമേ മറ്റ് ലക്ഷ്യങ്ങളുമുണ്ടെന്ന് അക്കാഡമിക് രംഗത്തുള്ളവർ പറയുന്നു. സർവകലാശാലകളിലെ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും നിയമനങ്ങൾ കൈപ്പിടിയിലാക്കുകയാണ് അതിലൊന്ന്. തന്ത്രപ്രധാനമായ രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫിസർ, പ്ലാനിംഗ് ഡയറക്ടർ തസ്തികകളിലേക്കും അദ്ധ്യാപക തസ്തികകളിലേക്കും ഇഷ്ടം പോലെ നിയമനം നടത്താൻ സർക്കാരിന് താത്പര്യമുള്ളവർ വി.സിയായിരിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ നിയമനങ്ങളും നടത്തുന്നത് വിസിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ്. ഈ സമിതിയെ തീരുമാനിക്കുന്നതും വിസി തന്നെ. സർവകലാശാലാ ഭരണം പൂർണമായി സർക്കാരിന്റെ കൈപ്പിടിയിൽ ഒതുക്കണമെങ്കിലും വേണ്ടപ്പെട്ടയാൾ വിസി ആകണം.

യുജിസിയുടെ 2010ലെ ചട്ടങ്ങൾ അനുസരിച്ച് അധ്യാപക നിയമനത്തിനു വിദ്യാഭ്യാസ യോഗ്യത, അക്കാഡമിക് മികവ്, ഇന്റർവ്യൂവിലെ മാർക്ക് എന്നിവ പരിഗണിക്കണമായിരുന്നു. എന്നാൽ 2018 ൽ യുജിസി ഇതിൽ മാ​റ്റം വരുത്തി. അപേക്ഷകരിൽനിന്ന് അക്കാഡമിക് മികവ് പുലർത്തുന്നവരെ കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിനു വിളിക്കണം എന്നാണ് പുതിയ വ്യവസ്ഥ. ഈ കട്ട് ഓഫ് മാർക്ക് നിശ്ചയിക്കാനുള്ള അധികാരം ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു വിട്ടുകൊടുത്തിരിക്കുകയാണ്. സർവകലാശാലകൾക്ക് ഇഷ്ടമുള്ള കട്ട് ഓഫ് മാർക്ക് നിശ്ചയിക്കാം. യോഗ്യരെന്നു കണ്ടെത്തുന്നവരെ വിസി അധ്യക്ഷനായ സമിതി ഇന്റർവ്യൂ നടത്തി അതിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമിക്കും. സർവകലാശാലാ ഭരണവും നിയമനങ്ങളും കൈയിലൊതുക്കാനാണ് വേണ്ടപ്പെട്ടയാളെ വി.സിയാക്കാൻ നിയമഭേദഗതിയിലൂടെ സർക്കാർ ശ്രമിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.