SignIn
Kerala Kaumudi Online
Sunday, 05 February 2023 2.46 AM IST

വിഴിഞ്ഞം തുറമുഖം ഇനിയും ചുരുട്ടിക്കെട്ടിക്കരുത്

strike

തിരുവനന്തപുരത്തിന്റെ വികസനസ്വപ്നമാണ് വിഴിഞ്ഞം ആഴക്കടൽ തുറമുഖം. ഇന്ത്യയിലില്ലാതിരുന്ന മദർപോർട്ട് യാഥാർത്ഥ്യമാകുന്നത് ഇങ്ങ് തെക്ക് തിരുവനന്തപുരത്താണ്. അതുകൊണ്ട് തന്നെ വാണിജ്യകൈമാറ്റങ്ങളുടെ പറുദീസയാണ് വിഴിഞ്ഞത്തിലൂടെ തുറക്കാൻ പോകുന്നത്. അതിന്റെ നേട്ടം തിരുവനന്തപുരം നഗരത്തിലും ജില്ലയിലെ ജനങ്ങൾക്കും കേരളസംസ്ഥാനത്തിനും കിട്ടുമെന്ന കാര്യത്തിൽ സംശയമില്ല. എന്നിട്ടും അതിനെതിരെ സമരങ്ങൾ അരങ്ങേറുമ്പോൾ ഇടപെടേണ്ടവർ കയ്യുംകെട്ടി കാഴ്ച കണ്ടിരിക്കുകയാണ്. ഇത്തരം നടപടികൾ തുടർന്നാൽ നഷ്ടപ്പെടുക സംസ്ഥാനത്തിന്റെ വികസന സാദ്ധ്യതകളാണ്.

സി.പി കണ്ട

വികസന സ്വപ്നം

ഒരു ജനാധിപത്യ സർക്കാരിനും കഴിഞ്ഞിട്ടില്ലാത്ത തരത്തിൽ തിരുവിതാംകൂറിൽ നിരവധി വികസനപദ്ധതികൾക്ക് തുടക്കംകുറിച്ച ദിവാൻ സർ.സി.പി.രാമസ്വാമി അയ്യരാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ ആദ്യമായി മനസിലാക്കിയതും യാഥാർത്ഥ്യമാക്കാൻ ഇറങ്ങിത്തിരിച്ചതും. പള്ളിവാസൽ, പീച്ചിപ്പാറ ഇലക്ട്രിക് പദ്ധതി, തിരുവിതാംകൂറിൽ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ, പെരിയാർ വന്യമൃഗസംരക്ഷണം, തിരുവനന്തപുരം - കന്യാകുമാരി റോഡ് ദേശവത്ക്കരണം, രാജ്യത്താദ്യമായി എൺപത്തിയെട്ടു മൈൽ ദൂരം തിരുവനന്തപുരം - കന്യാകുമാരി റോഡ് റബർ ടാറിംഗ്, പാവപ്പെട്ട കുട്ടികൾക്കായി സ്‌കൂളുകളിൽ ഉച്ചഭക്ഷണപദ്ധതി, പിന്നീട് സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ആയി മാറിയ ട്രാവൻകൂർ ബാങ്ക്, ആലുവാ അലൂമിനിയം ഫാക്ടറി, എഫ്.എ.സി.ടി, തിരുവിതാംകൂർ സിമെന്റ് ഫാക്ടറി, ടൈറ്റാനിയം, ട്രാവൻകൂർ റയോൺസ്, പിന്നീട് കേരള സർവകലാശാലയായ ട്രാവൻകൂർ സർവകലാശാല, ഇന്ത്യയിലാദ്യമായി സൗജന്യമായ നിർബന്ധിത വിദ്യാഭ്യാസപദ്ധതി തുടങ്ങി നിരവധി വികസനപദ്ധതികളുടെ ഉപജ്ഞാതാവായ മികച്ച ഭരണാധികാരിയാണ് സർ സി.പി. അദ്ദേഹം വിഴിഞ്ഞം തുറമുഖത്തിൽ കണ്ണുവച്ചെങ്കിൽ അത് സംസ്ഥാനത്തിന്റെ വികസനത്തിന് എത്രത്തോളം നിർണായകമാണെന്ന് ബോദ്ധ്യമായിട്ടാവണം. ആ ദീർഘദർശിത്വത്തെക്കുറിച്ച് ഇനിയെങ്കിലും നമുക്ക് ബോദ്ധ്യപ്പെടേണ്ടതാണ്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ കണ്ടുപിടിച്ചതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ. എന്നാൽ സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും അതിൽനിന്ന് ഒരുചുവടുപോലും മുന്നോട്ടുപോകാൻ സംസ്ഥാനത്തിനായില്ല. വിഴിഞ്ഞം യാഥാർത്ഥ്യമാകാതിരിക്കാൻ വർഷങ്ങളായി മറ്റ് അന്താരാഷ്ട്ര തുറമുഖ ഏജൻസികൾ നിരന്തരം ശ്രമിച്ചിരുന്നുവെന്നതും തിരിച്ചറിയണം.

വിഴിഞ്ഞം പദ്ധതിക്ക് 2012ൽ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെങ്കിലും ഏറെക്കാലം ഒന്നും നടന്നില്ല. പിന്നീട് മൂന്ന് വർഷങ്ങൾ കഴിഞ്ഞ് 2015ലാണ് ഏറെ വിവാദങ്ങൾക്കൊടുവിൽ അദാനിയുമായി സംസ്ഥാന സർക്കാർ തുറമുഖ നിർമ്മാണത്തിന് കരാർ ഒപ്പിടുന്നത്. ആയിരം ദിനങ്ങൾ കൊണ്ട് ഒന്നാം ഘട്ടം പൂർത്തിയാകുമെന്നായിരുന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. അതുപ്രകാരം 2019ൽ നിർമ്മാണം പൂർത്തിയാകേണ്ടതായിരുന്നു.പലകാരണങ്ങൾ കൊണ്ട് അത് നടന്നില്ല.

നിലയ്ക്കാത്ത സമരങ്ങൾ

വിഴിഞ്ഞം തുറമുഖപദ്ധതിക്ക് ആദ്യം എതിരുനിന്നത് ഇടതുപക്ഷസംഘടനകളാണ്. അതെല്ലാം പറഞ്ഞുതീർത്താണ് 2015ൽ നിർമ്മാണത്തിന് തുടക്കമിട്ടത്. പരിസ്ഥിതിപഠനങ്ങളും സാമൂഹ്യാഘാതപഠനങ്ങളും തുടങ്ങി എല്ലാ കടമ്പകളും മറികടന്നാണ് നിർമ്മാണം തുടങ്ങിയത്. എന്നാൽ ഇത്രയും വലിയ വികസനപദ്ധതി നടപ്പാക്കുമ്പോൾ അതിന് സർക്കാർതലത്തിൽ സഹായങ്ങൾ നൽകാൻ ഒരു നോഡൽ ഭരണസംവിധാനം ഒരുക്കേണ്ടതായിരുന്നു. എന്തുകൊണ്ടോ അതുണ്ടായില്ല. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് സമരങ്ങൾ നടന്നോട്ടെ എന്ന് ആഗ്രഹിക്കുന്നത് പോലെയാണ് സംസ്ഥാനത്തിന്റെ നിലപാടുകൾ. ആവശ്യത്തിന് കല്ലുകിട്ടാതെയും മതിയായ സർക്കാർ സഹായങ്ങൾ ലഭിക്കാതെയും വിഴിഞ്ഞം തുറമുഖ നിർമ്മാണം ഇഴഞ്ഞുനീങ്ങി. അതിനിടയിലാണ് ജനകീയ സമരങ്ങൾ. വിഴിഞ്ഞത്ത് തുറമുഖമുണ്ടാകുമ്പോൾ അവിടെ താമസിച്ചിരുന്ന നിരവധി പേരുടെ വീടും വസ്തുവകകളും നഷ്ടമായെന്നത് വസ്തുതയാണ്. അതിനെല്ലാം പരിഹാരം ഉറപ്പാക്കിയിട്ടാണ് നിർമ്മാണം തുടങ്ങിയതും. എന്നാൽ അത് പറഞ്ഞപോലെ കിട്ടാതെ വരുമ്പോഴാണ് അറ്റകൈ എന്ന നിലയിൽ ജനങ്ങൾ തെരുവിലിറങ്ങേണ്ടിവരുന്നത്. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്നത് വിലയിരുത്തപ്പെടേണ്ടതാണ്. വികസനകാര്യങ്ങളോട് സർക്കാരുകളുടെ താത്പര്യമില്ലായ്മയിലേക്കാണിത് വിരൽചൂണ്ടുന്നത്. സംഘടിതസമുദായമായത് കൊണ്ടാണ് ലത്തീൻ സഭ സമരത്തിനൊരുമ്പെട്ടത്. അത് വികസനവിരുദ്ധമാണെന്ന് പറയാനാവില്ല. അവരുടെ ആവശ്യങ്ങൾ സമരത്തിെനൊരുങ്ങുന്നതിന് മുമ്പുതന്നെ പരിഹരിക്കാൻ സംവിധാനം ഉണ്ടാകേണ്ടതായിരുന്നു. ലത്തീൻ സഭക്കാരുടെ മാത്രമല്ല നാടാർ,മറ്റ് ഹിന്ദുവിഭാഗങ്ങൾ എന്നിവരുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെടണം. ഇതിൽ രാഷ്ട്രീയമല്ല വികസനതാത്പര്യമാണ് മുന്നിൽ കാണേണ്ടത്.

എളുപ്പമല്ല കാര്യങ്ങൾ

യു.ഡി.എഫ് കാലത്ത് അദാനി വിഴിഞ്ഞം പോർട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പുവെച്ച 7525 കോടി രൂപയുടെ തുറമുഖ നിർമ്മാണ കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങുക ഒരു സർക്കാരിനും എളുപ്പമല്ല. നഷ്ടപരിഹാരവും കേസും താങ്ങാവുന്നതിലും അധികമാകും. അതുകൊണ്ട് തന്നെ കഴിയുന്നത്ര വേഗത്തിൽ പദ്ധതി പൂർത്തിയാക്കി അതിന്റെ നേട്ടം സംസ്ഥാനത്തിന് ലഭ്യമാക്കുകയാണ് പ്രായോഗിക വഴി. 1000 ദിവസത്തിനകം പൂർത്തീകരിക്കുമെന്നാണ് 2015 ആഗസ്റ്റിൽ കരാർ ഒപ്പിടുമ്പോൾ ഗൗതം.എസ്. അദാനി പ്രഖ്യാപിച്ചത്. ഇതുപ്രകാരം 2018 സെപ്തംബർ ഒന്നിന് പൂർത്തിയാകേണ്ടതായിരുന്നു. 2019 ഡിസംബർ മൂന്ന് എന്ന സമയപരിധി പാലിക്കാനും അദാനിക്കായില്ല. സമയപരിധി ലംഘിച്ചാൽ ദിവസം 12 ലക്ഷം രൂപവെച്ച് നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ അനുസരിച്ച് സംസ്ഥാനം നോട്ടീസ് നൽകി. പക്ഷേ, ഓഖി, പാറകൾ ലഭിക്കാത്തത് എന്നിവ ചൂണ്ടിക്കാട്ടിയ അദാനി ഗ്രൂപ്പ് ആർബിട്രേഷന് പോകുമെന്ന് വ്യക്തമാക്കിയതോടെ സർക്കാർ പിന്നാക്കം പോയി.നിലവിൽ ഇരുകൂട്ടരുടെയും വാദങ്ങൾ മൂന്നംഗസമിതി കേൾക്കുകയാണ്. ആഗസ്റ്റ് 16 മുതൽ പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം നിർമ്മാണ പ്രവൃത്തി നിറുത്തിവെച്ച കമ്പനി കവാടം ഉപരോധിച്ചുള്ള സമരമടക്കമുള്ള വിഷയങ്ങൾ ആർബിട്രേഷനിൽ ചൂണ്ടിക്കാട്ടുമെന്ന് സർക്കാരിന് ആശങ്കയുണ്ട്. വികസന നിക്ഷേപ സാദ്ധ്യതകൾക്കും ഇത് തിരിച്ചടിയാകും.

വിഴിഞ്ഞം കൊണ്ടുവരുന്ന വികസനം

അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പൽപാതയുടെ സാമീപ്യം, തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലംവരെ 24 മീറ്റർ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം നിർദ്ദിഷ്ട തുറമുഖത്തിന്റെ സവിശേഷതകളാണ്. നിർമ്മാണം പൂർത്തിയായി പൂർണസജ്ജമാകുന്നതോടെ കേരളത്തിന്റെ സാമ്പത്തികരംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാക്കാൻ സാദ്ധ്യതയുള്ള തുറമുഖമായി മാറും. വിഴിഞ്ഞത്തുനിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് അന്താരാഷ്ട്ര കപ്പൽചാലുള്ളത്. ഈ ദൂരം തന്നെയാണ് വിഴിഞ്ഞത്തിന്റെ പ്ലസ് പോയിന്റ്. കേരളത്തിലെ പ്രധാന തുറമുഖമായ കൊച്ചിക്ക് പോലും ഈയൊരു മുൻതൂക്കമില്ല.

രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലായ വിഴിഞ്ഞം പോർട്ട് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള ആദ്യത്തെ തുറമുഖ പദ്ധതിയാണിത്. 7700 കോടി രൂപ ചെലവിൽ ആദ്യഘട്ടം പൂർത്തിയാക്കുമ്പോൾ ഒരു ദശലക്ഷം ടി.ഇ.യു (20 അടി തുല്യമായ യൂണിറ്റുകൾ) കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് തുറമുഖത്തിനുണ്ടാവുക. നിലവിലുള്ള 800 മീറ്റർ ബെർത്ത് ഭാവിയിൽ 2000 മീറ്ററാക്കി വർദ്ധിപ്പിക്കും. ഇതോടെ മൂന്ന് ദശലക്ഷം ടി.ഇ.യു ആയി ശേഷി വർദ്ധിക്കും.

പദ്ധതി പൂർത്തിയാകുന്നതോടെ ഇതുവരെ കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്‌മെന്റ് കാർഗോ വിഴിഞ്ഞത്തെത്തും. ഇന്ത്യയിലെ കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും നേട്ടമുണ്ടാകും. ദുബായ്, കൊളംബോ, സലാല, സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങൾക്ക് പകരം വിഴിഞ്ഞം വഴി ട്രാൻസ്ഷിപ്‌മെന്റ് നടത്തുമ്പോൾ 1500 കോടിയോളം രൂപ വിദേശനാണ്യം ലഭിക്കും. മാത്രമല്ല തലസ്ഥാനനഗരത്തിൽ നിരവധി പേർക്ക് അനുബന്ധ തൊഴിലവസരങ്ങളും ഉണ്ടാകും.

ഷിപ്പിംഗ് ഏജന്റുമാർ, ലോജിസ്റ്റിക്സ്, ട്രാൻസ്‌പോർട്ടേഷൻ സർവീസുകൾ, ഗോഡൗണുകൾ, കപ്പൽ മെയിന്റനൻസ്, കുടിവെള്ള പദ്ധതികൾ, വൈദ്യുതി വിതരണം, ഗതാഗതം, താമസസൗകര്യം, ഹോട്ടൽ, ടൂറിസം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവയൊക്കെ ആവശ്യമായി വരും. ഇതിലൂടെ സർക്കാരിന് നികുതി വരുമാനവും നിരവധി പേർക്ക് തൊഴിലവസരവും ലഭിക്കും. തുറമുഖത്തിനാവശ്യമായ സേവനമേഖലയിലെ നിരവധി പ്രവൃത്തികൾ ആവശ്യമായി വരുന്നതിനാൽ തിരുവനന്തപുരത്തിന്റെ സമ്പദ്ഘടനയ്ക്ക് ഇത് ഗുണമാകും.

വേണ്ടത് പിന്തുണമാത്രം

ഏറെ കടമ്പകൾ കടന്നാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. പുലിമുട്ട് നിർമ്മാണം ആകെയുള്ള 3100 മീറ്ററിൽ 1350 മീറ്ററാണ് പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞത്.1800 മീറ്റർ പൂർത്തീകരിക്കാൻ 23 ലക്ഷം ടൺ കല്ലാണ് വേണ്ടത്. ഇതിൽ 13 ലക്ഷം അദാനി ഗ്രൂപ്പിന്റെ കൈവശമുണ്ട്. ഉപരോധം നീണ്ടാൽ പുലിമുട്ട് നിർമ്മാണവും നീളും.അധികൃതരും ജനങ്ങളും പിന്തുണച്ചാൽ പദ്ധതിയുടെ പൂർത്തീകരണം കയ്യെത്തും ദൂരത്താണ്. അതിനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VIZHINJAM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.