ഗുരുവായൂർ: ലോട്ടറി ടിക്കറ്റിന്റെ നമ്പർ തിരുത്തി സമ്മാനത്തുക തട്ടിയെടുക്കാൻ ശ്രമിച്ചയാളെ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പൂങ്കാവ്, മല്ലശ്ശേരി, വട്ടപ്പാറക്കുഴിയിൽ വീട്ടിൽ രാജു എന്ന മണിക്കുട്ടൻ (39) ആണ് അറസ്റ്റിലായത്. 12ന് നറുക്കെടുപ്പ് കഴിഞ്ഞ നിർമ്മൽ ലോട്ടറിയുടെ 592733 എന്ന നമ്പറിലുളള 12 ലോട്ടറി ടിക്കറ്റുകളിൽ 5ാമത്തെ അക്കം തിരുത്തി 3ന് പകരം 8 എന്നാക്കി സമ്മാനത്തുകയായ 500 രൂപ വീതം 6000 രൂപ കൈപ്പറ്റുന്നതിനായി നടത്തിയ ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. പടിഞ്ഞാറെ നടയിലുള്ള എൻ.എം.കെ സൂപ്പർ ഏജൻസീസ് എന്ന ലോട്ടറി കടയിലാണ് ടിക്കറ്റ് മാറ്റാനായി ഇയാൾ എത്തിയത്. സംശയം തോന്നി കടയിലെ ജീവനക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഐ.എസ് ബാലചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |