ലാഹോർ: ഏഷ്യാ കപ്പ് ട്വന്റി-20 ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പേ പാകിസ്ഥാന് തിരിച്ചടി. അവരുടെ ഒന്നാം നമ്പർ ബൗളറായ ഷഹീൻ അഫ്രീദിയ്ക്ക് പരിക്ക് ഭേദമാകാത്തതിനാൽ ഏഷ്യാകപ്പിൽ പങ്കെടുക്കാനാകില്ല. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെയാണ് ഷഹീന്റെ കാൽമുട്ടിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ ഡോക്ടർമാർ ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചതിനാലാണ് ഷഹീൻ ഏഷ്യാ കപ്പിൽ നിന്ന് പിന്മാറിയത്. അതേസമയം ഒക്ടോബറിൽ തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിന് മുമ്പ് താരത്തിന് പരിക്കിൽ നിന്ന് പൂർണമായി മോചിതനാകാമെന്നാണ് പ്രതീക്ഷയെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.