വാഷിംഗ്ടൺ : പ്രകൃതിയൊരുക്കുന്ന അതിമനോഹരമായ അത്ഭുത പ്രതിഭാസമാണ് അറോറ ബോറിയാലിസ് അഥവാ ഉത്തരധ്രുവ ദീപ്തി. പച്ച, ചുവപ്പ് തുടങ്ങിയ നിറങ്ങളിൽ രാത്രിയിൽ ആകാശത്ത് നിറങ്ങളുടെ വർണ വിസ്മയം തീർക്കുന്ന ഈ പ്രതിഭാസം ജീവിതത്തിലൊരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കാം.
ഉത്തരധ്രുവ പ്രദേശങ്ങളിൽ ദൃശ്യമാകുന്ന അറോറ ബോറിയാലിസിന്റെ പല തരത്തിലുള്ള ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. ഭൂമിയിൽ നിന്ന് കാണുന്നത് പോലെയല്ല അറോറ ബോറിയാലിസിനെ ആകാശത്ത് നിന്ന് വീക്ഷിച്ചാലുള്ള കാഴ്ച. ഭൂമിയിൽ നിന്ന് 200 മൈൽ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളിലൊരാൾ പ്രകൃതിയൊരുക്കുന്ന ഈ മനോഹര ' ലൈറ്റ് ഷോ"യുടെ ചിത്രങ്ങൾ പങ്കുവച്ചത് വൈറലാവുകയാണ്.
സൂര്യനിൽ നിന്നുള്ള ഒരു ഭൗമകാന്തിക കൊടുങ്കാറ്റിനെ തുടർന്ന് അറോറ പ്രതിഭാസം ഉത്തര ധ്രുവത്തിൽ ഇപ്പോൾ വളരെയേറെ ദൃശ്യമാകുന്നുണ്ട്. വടക്കൻ യു.എസിലും അറോറയെ കാണാം. സൂര്യൻ നിന്ന് ഭൂമിയുടെ ദിശയിലേക്ക് വർഷിക്കപ്പെടുന്ന കാന്തിക കണങ്ങൾ ചിതറിത്തെറിക്കുന്നതാണ് അറോറ ബോറിയാലിസ്.
നാസയുടെ ബോബ് ഹിൻസാണ് ബഹിരാകാശത്ത് നിന്നുള്ള അറോറയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശനിലയം ഭൂമിയെ ഭ്രമണം ചെയ്ത് കൊണ്ടിരിക്കുന്നതിനാൽ അതിനുള്ളിലെ സഞ്ചാരികൾക്ക് ദിവസവും ഭൂമിയിലെ 16 സൂര്യാസ്തമയവും സൂര്യോധയവും കാണാം. അറോറയുടെയും വ്യത്യസ്തമായ കാഴ്ച ബഹിരാകാശ സഞ്ചാരികൾക്ക് ലഭിക്കുന്നു.
യു.എസിന്റെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ ഉപഗ്രഹമായ NOAA-20 ഉം ബഹിരാകാശത്ത് നിന്ന് അറോറയുടെ പുതിയ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്.