SignIn
Kerala Kaumudi Online
Thursday, 18 April 2024 5.00 PM IST

സംരക്ഷകനെ തേടി തലശ്ശേരി കടൽപ്പാലം

kadal
നാശോന്മുഖമായി കിടക്കുന്ന തലശ്ശേരി കടൽപ്പാലം.

തലശ്ശേരി: കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിച്ച്, ചരിത്രത്തിന്റെ മൂകസാക്ഷിയായ കടൽപ്പാലം സംരക്ഷണമില്ലാതെ

അത്യന്തം അപകടാവസ്ഥയിൽ. അതിശക്തമായ തിരമാലകളിൽ ഉലയുന്ന, കടൽപ്പാലം കടലെടുത്താൽ തലമുറകളോട് സമാധാനം പറയേണ്ടി വരിക ഭരണകൂടമായിരിക്കും. പൈതൃകനഗരത്തിന് മാപ്പർഹിക്കാത്ത അപരാധമായും അതുമാറും.

അലിഞ്ഞലിഞ്ഞ് കേവലം കമ്പികളിൽ നിലനിൽക്കുന്ന പാലം പ്രക്ഷുബ്ധമായ കടലിൽ ഇത്രയും കാലം എങ്ങിനെ നിലനിന്നുവെന്നതു തന്നെ വിസ്മയമാണ്. തൊട്ടടുത്ത പഴയമീൻ മാർക്കറ്റും ജവഹർഘട്ടുമെല്ലാം ഇന്ന് കടലിന്നടിയിലായി.
കടൽപ്പാലത്തിന്റെ സംരക്ഷണത്തിനായുള്ള മുറവിളി കേൾക്കാൻ തുടങ്ങിയിട്ട് ദശകങ്ങളായി. അടുത്തകാലത്ത് പാലം അടച്ചിടും വരെ നൂറു കണക്കിനാളുകളാണ് സായന്തനങ്ങളിൽ അസ്തമയ സൂര്യന്റെ വർണ്ണ ഭംഗി ആസ്വദിക്കാനും കടൽക്കാഴ്ചകൾ കാണാനും ഇവിടെ എത്തിയിരുന്നത്. പ്രതാപകാലത്ത് ഉണ്ടായിരുന്ന കൂറ്റൻ ക്രെയിനുകളും, റെയിലും മറ്റും ഭാരം കുറക്കാൻ വേണ്ടിയും, സുരക്ഷയ്ക്ക് വേണ്ടിയും എടുത്ത് മാറ്റിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലും നിരനിരയായി പഴക്കമേറിയ പാണ്ടികശാലകളുടെ കൂറ്റൻ കെട്ടിടങ്ങൾ ഇന്നും തലയുയർത്തി നിൽപ്പുണ്ട്. ഇതിലൂടെ, തീരദേശ റോഡിലൂടെയുള്ള യാത്ര ഏതോ പുരാതന നഗരത്തിലെത്തിയ അനുഭൂതിയാണ് യാത്രികനിലുണ്ടാക്കുക. സമീപകാലത്ത് ഒട്ടേറെ സിനിമകൾ ഇവിടെ നിന്ന് ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ അപകടാവസ്ഥയിലായതോടെ ഇവിടെക്കുള്ള പ്രവേശനം അധികൃതർ തടഞ്ഞിട്ടുണ്ട്.

നിലവിൽ തൂണുകളും മറ്റും ദ്രവിച്ചു അപകടാവസ്ഥയിൽ നിൽക്കുന്ന പാലം, കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ഫൈബർ റിയിൻഫോഴ്സ്ഡ് പോളിമർ സാങ്കേതികവിദ്യ ഉപയോഗിച്ച് ബലപ്പെടുത്തി നവീകരിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടനടപടികൾ ഉണ്ടായെങ്കിലും തുടർ പ്രവർത്തനം നടന്നില്ല. പാലം കടലിലേക്ക് അമർന്നു പോയാൽ, പൈതൃകനഗരത്തിന് കൈമോശം വരുന്നത് അമൂല്യമായ ചരിത്ര ശേഷിപ്പായിരിക്കും.

നിർമ്മാണം 1910ൽ

1910 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വാണിജ്യാവശ്യങ്ങൾക്കായി സ്ഥാപിച്ചതാണ് കടൽപ്പാലം. തലശ്ശേരി പട്ടണത്തിൽ നിന്നും അറബിക്കടലിലേക്ക് നൂറ് മീറ്ററോളം നീണ്ടുകിടക്കുന്ന കടൽപ്പാലം വഴിയായിരുന്നു ഒരുകാലത്ത് കുരുമുളകും മത്സ്യവും കാപ്പിയും മരത്തടിയും മറ്റും കയറ്റുമതി ചെയ്തിരുന്നത്.

സാമൂഹ്യവിരുദ്ധ കേന്ദ്രം
ഇന്ദിരാഗാന്ധി പാർക്ക് മുതൽ ജവഹർഘട്ട് വരെയുള്ള കടലോരം അപഥ സഞ്ചാരികളുടെ സ്വൈര വിഹാരകേന്ദ്രങ്ങളാണിപ്പോൾ.
ഇവിടെ ലഹരിവിൽപ്പനയും ഉപയോഗവും വൻതോതിൽ നടക്കുന്നതായി കസ്റ്റംസും പൊലീസും പ്രദേശവാസികളും സമ്മതിക്കുന്നു. ഇത്തരക്കാരെ പൊലീസ് ഉദ്യോഗസ്ഥർ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. ചിലർ വലയിലുമായിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, SEA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.