SignIn
Kerala Kaumudi Online
Thursday, 25 April 2024 10.41 AM IST

വായനക്കാരന്റെ ഉള്ളുതൊട്ട് ...

s-v-venugopan-nair

''പുരാതനവും പരിപാവനവുമായ സെഷൻസ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പിറകിൽ അത്യുന്നതത്തിൽ തൂങ്ങുന്ന കൂറ്റൻ ക്ലോക്കിനെയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിർന്നിമേഷനായി നിന്നു.

അയാൾക്കുവേണ്ടി ഉടുപ്പിട്ട ധർമ്മവക്കീൽ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷൻ അറുവീറോടെ തോറ്റം പാടി. അതും കഴിഞ്ഞു. ഇനി…?

യൗവ്വനത്തിന്റെ അരുണിമ മങ്ങാത്ത ന്യായാധിപൻ തിളങ്ങുന്ന കണ്ണുകളുയർത്തി പ്രതിയെ ഒന്നുനോക്കി. അങ്ങിങ്ങ് പാണ്ട് കണക്ക് നരപടർന്ന കുറ്റിത്താടിയുള്ള പ്രാകൃതനായ പ്രതി ഭക്ത്യാദരപൂർവം എന്തോ പറയുവാൻ വെമ്പി. അതുകണ്ട് ന്യായാധിപൻ കനിഞ്ഞു.

'പ്രതിക്ക് വല്ലതും ബോധിപ്പിക്കാനുണ്ടോ?'

'ഉവ്വ.' വടിപോലെനിന്ന പ്രതിയുടെ സ്വരം ഏതോ അഗാധഗഹ്വരത്തിൽ നിന്നുയരും പോലെ മുഴങ്ങി.

'ബഹുമാനപ്പെട്ട അങ്ങ് തന്നെ എന്റെ വിധി പറയണമെന്ന് താത്പര്യപ്പെടുന്ന പക്ഷം കേസ് അവധിക്കു വയ്ക്കാതെ, ഇപ്പോൾത്തന്നെ വിധിപ്രസ്താവിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.'

സഹൃദയനായ ന്യായാധിപന് രസമുദിച്ചു. ആ രസം കോടതിയിലെങ്ങും പടർന്നു. വക്കീലന്മാരിൽ, ബെഞ്ച് ക്ലാർക്കിൽ, പൊലീസുകാരിൽ, ഗുമസ്തന്മാരിൽക്കൂടി ആ നർമ്മബോധം തുളുമ്പിത്തൂകി. എല്ലാ ദൃഷ്ടികളും ആ പ്രതിയിൽ ചാഞ്ഞു..

'കാരണം?' ശാന്തഗംഭീരമായിത്തന്നെ ബഹു:കോടതി ചോദിച്ചു.

പ്രതിയുടെ ശബ്ദം ഖിന്നമായി. 'അതു ബോധിപ്പിക്കാൻ സങ്കടമുണ്ട്. ബഹുമാനപ്പെട്ട അങ്ങേക്ക് ഇനി ഒരു മണിക്കൂറും മൂന്നു മിനിട്ടും കൂടി മാത്രമേ ജീവിതമുളളൂ.!'

'ഹോ!' ആരോ ഞെട്ടിയ ഒച്ച എങ്ങോ കേട്ടു...

1983 മാർച്ചിൽ പ്രസിദ്ധീകരിച്ച കോടതിവിധിക്കു മുമ്പ് എന്ന കഥ വായിക്കുമ്പോൾ മനസിൽ ഓടുന്നത് സിനിമയായിരിക്കും. അതാണ് എസ്.വി.വേണുഗോപൻ നായരുടെ മാന്ത്രിക വിവരണത്തിന്റെ സവിശേഷത. കോടതി വിധി ഉൾപ്പെടെ എസ്.വി.വേണുഗോപൻ നായരുടെ 12 കഥകൾ ദൂരദർശനിൽ പരമ്പരയായി. ആദം അയൂബായിരുന്നു സംവിധായകൻ.

'വീടിന്റെ നാനാർത്ഥം' എന്ന കഥ സിനിമയാക്കാനുള്ള ആലോചനകൾ നടന്നെങ്കിലും അത് സംഭവിച്ചില്ല.

സി.വി. രാമൻപിള്ളയ്ക്കു ശേഷം തെക്കൻഭാഷയിൽ കഥകളെഴുതിയ സാഹിത്യകാരൻ എന്ന് വിശേഷണം ചാർത്തികിട്ടിയിട്ടുണ്ടെങ്കിലും ഓരോ കഥയുടേയും സ്വഭാവത്തിനുസരിച്ചാണ് എസ്.വി. വേണുഗോപൻനായർ ഭാഷാപ്രയോഗങ്ങൾ നടത്തിയിട്ടുള്ളത്.

--------------------------

വാടകവീടിന്റെ കോലായിലിരുന്ന് വിശുദ്ധസ്വപ്നത്തിന്റെ താളുകൾ മറിക്കുമ്പോൾ ധർമ്മപത്നി കുളുകുളെ ചിരിക്കുന്നു. പരിഹാസത്തിന്റെ വറമണം.

''നിന്റെ ചിരി ''! എന്നിൽ കോപം പൊട്ടുന്നു

''പണം! ഈ മാസത്തെ വാടക കൊടുത്തിട്ടില്ല.''

''പണമുണ്ട്. പൂത്തുലഞ്ഞ പണം''

''ങ്ഹാ! എവിടെ?​''

''ട്രഷറിയിൽ,​ ബാങ്കിൽ.''

''നന്നായി ബാഗുമായിട്ടങ്ങു ചെന്നാൽ മതി.''

''അതേടീ,​ അത് എനിക്കും നിനക്കും അവകാശപ്പെട്ടതാകുന്നു.''

അവൾ വീണ്ടും ചിറകടിച്ച് ചിരിക്കുന്നു. ചിരിച്ചോട്ടെ അത് പാവമൊരു ഭർത്താവിന്റെ ചെലവിങ്കൽ,​ ദോഷഹീനം. (വീടിന്റെ നാനാർത്ഥം)​

ചെറുസംഭവങ്ങളെ ജീവിതപ്പൊരുളുമായി ബന്ധിപ്പിച്ച് വായനക്കാരുടെ ഉള്ള് തൊടുമാറ് അവതരിപ്പിച്ച കഥകളിൽ വീടിന്റെ നനാർത്ഥം ഉദാഹരണങ്ങളിൽ ഒന്നുമാത്രം. നേർത്ത നർമ്മം മിക്കവാറും കഥകളിലുണ്ടാകും. ഈ നർമ്മത്തിലൂടെ കഥയെ അതിഭാവുകത്വത്തിലേക്ക് കൊണ്ടുപോകാതെ സൂക്ഷിക്കുകയും ചെയ്യും. വായനക്കാരെ ഒന്നുറക്കെ ചിരിക്കാൻ അദ്ദേഹം അനുവദിക്കില്ല. വായിച്ചുപോകെ ചിരി അതിന്റെ ഏറ്റക്കുറച്ചിലോടെ ചുണ്ടിലുണ്ടാകും.

എഴുതിയതിൽ 'ആദിശേഷനാ'യിരുന്നു മാസ്റ്റർപീസ്. നർമ്മം മാത്രമല്ല,​ ഉള്ളുകിടുങ്ങുന്ന വായന കഴിയുന്ന നിമിഷം മുതൽ അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ ഉയർന്നുതുടങ്ങും. വായനക്കാരൻ വേട്ടയാടപ്പെടുന്ന കഥകളും വേണുഗോപൻ എഴുതിയിട്ടുണ്ട്. അതിലൊന്നാണ് ജനനി. ഡോക്ടറായ സ്വന്തം സഹോദരൻ സതീശൻ നായരുടെ അനുഭവമാണ് കഥാതന്തു.

ഒരു നാടോടി സ്ത്രീയേയും അവളുടെ മരിച്ചുപോയ നവജാതശിശുവിനേയും കൊണ്ട് രാത്രിയിൽ പൊലീസ് ആശുപത്രിയിലെത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് കഥ.

പൊലീസ് ഡോക്ടറോടു പറയുന്നു '' ഈ നശിച്ച പെണ്ണ് പെറ്റ ചോരക്കുഞ്ഞിനെ വെള്ളത്തിലെറിഞ്ഞു കൊന്നു. കേസ് ചാർജ് ചെയ്തിരിക്കുകയാണ് '' ആ ഘാതകി പൊതിക്കെട്ട് നിലത്തുവച്ചിട്ട് നീണ്ടുനിവർന്നു നിന്നു. അവളുടെ കണ്ണിൽ പരിഭ്രമത്തിന്റെ ഒരു കരടുപോലുമില്ല.

അവൾ ഡോക്ടറോടു പറഞ്ഞു ''ഡോക്ടറേ ഞാൻ സത്യം പറയാം. ഇന്നലെ വൈകിട്ടു പെറ്റു. ഇതും ആങ്കൊച്ചു തന്നെ. ഇന്നു നേരംവെളുത്തു ഒരു പത്തുമണിയായപ്പോ അതിന്റെ കാറ്റുപോയി ഞാനെന്തു ചെയ്യും?​ ഈ ശവം ഒന്നു മാന്തിവയ്ക്കാൻ എന്റെ തന്ത സമ്പാദിച്ചുതന്ന മണ്ണില്ല...'' ബന്ധുജനങ്ങളെല്ലാം ഉദ്വേഗത്തോടെ ഒരു യുവതിയുടെ കന്നിപ്രസവത്തിനായി ആശുപത്രിയിൽ കാത്തിരിക്കുന്നതും ഇതിനൊപ്പം കഥാകാരൻ വിവരിക്കുന്നുണ്ട്.

നിയമത്തിനുമുന്നിൽ അവൾ പ്രതിയും കുഞ്ഞിന്റെ മൃതശരീരം തൊണ്ടിമുതലുമാണ്. കഥയുടെ ക്ലൈമാക്സ് ഇങ്ങനെ:

''തിരികെ ഡ്യൂട്ടിറൂമിൽ കയറും മുമ്പ് ഇന്നത്തെ അതിഥിയുടെ സ്ഥിതിയൊന്ന് നോക്കിയേക്കാമെന്ന് ഡോ.ബാലഗോപാലൻ വിചാരിച്ചു. അയാൾ ഗ്രില്ലിനടുത്തുചെന്നു. ഘാതകി നീണ്ടുനിവർന്നു കിടന്നുറങ്ങുകയാണ്. കൂർക്കംവലിയോടെ. അവളുടെ തല ഉയർന്നിരിക്കുന്നത് ബാലഗോപാലൻ ശ്രദ്ധിച്ചു. അവൾക്ക് തലയണ കൊടുത്തില്ലെന്ന കാര്യം പൊടുന്നനെ ഓർത്തു. അയാൾ വീണ്ടും നിരീക്ഷിച്ചു. ആ തൊണ്ടിസാധനം കാണാനില്ല. അയാളുടെ ഉള്ളൊന്നുപിടഞ്ഞു. തറയിൽ നിന്നും അരയിഞ്ചു പൊങ്ങി വീണ്ടും നോക്കി. ആ തൊണ്ടി മുതൽ തന്നെയാണ് അവൾ പൊതിഞ്ഞ് ഭദ്രമായി തലയ്ക്കുകീഴിൽ സസുഖം സൂക്ഷിച്ചിരിക്കുന്നതെന്ന് ബോദ്ധ്യമായ നിമിഷം ബാലഗോപാലൻ ആ ഇരുമ്പഴികളിൽ അള്ളിപ്പിടിച്ചു''.

....................................

തന്റേടിയായ എഴുത്തുകാരൻ

ചന്ദ്രമതി ടീച്ചറുടെ ഫേസ് ബുക്ക് കുറിപ്പ്

എസ്.വി വേണഗോപൻ സാറും യാത്രയായി. ഗ്രൂപ്പിലും ക്ലിക്കിലും ഒന്നും പെടാതെ ഒറ്റയ്ക്കുനിന്ന തന്റേടിയായ എഴുത്തുകാരൻ. സി.വി രാമൻ പിള്ളയ്ക്ക് ശേഷം തെക്കൻ കേരളത്തിന്റെ ശബ്ദം മലയാള സാഹിത്യത്തിൽ ശക്തമായി മുഴങ്ങിയത് അദ്ദേഹത്തിന്റെ കഥകളിലൂടെ ആയിരുന്നു. ആദിശേഷൻ എന്ന കഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ അയ്യപ്പപ്പണിക്കർ സാർ ആവശ്യപ്പെട്ടപ്പോൾ ആ തൂലികയുടെ വ്യത്യസ്തതയും കരുത്തും തിരിച്ചറിയാനുള്ള അവസരം ലഭിക്കുകയായിരുന്നു എനിക്ക്. അത് വേണുഗോപൻ സാറുമായുള്ള ഊഷ്മളമായ ഒരു സ്‌നേഹബന്ധത്തിന്റെ തുടക്കവും കൂടിയായിരുന്നു. ഒരുപാട് വാത്സല്യവും സ്‌നേഹവും അദ്ദേഹം എനിക്ക് തന്നു. പ്രതിസന്ധിഘട്ടങ്ങളിൽ കൂടെനിന്നു. സാഹിത്യലോകത്തെ സ്വജനപക്ഷപാതവും അനീതിയും അതിജീവിക്കാൻ ഉപദേശിച്ചുതന്നു. അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാതെ പോയ ആ കഥാജീവിതം അവസാനിക്കുകയായി. സർ, ഏറ്റവും ബഹുമാനത്തോടെ, ആദരവോടെ ഞാൻ നിത്യശാന്തി നേരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: S V VENUGOPAN NAIR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.