SignIn
Kerala Kaumudi Online
Saturday, 20 April 2024 4.50 AM IST

ചെറുതുരുത്തി കഫേ മക്കാനിയിൽ സൈനിക‌‌ർക്ക് എല്ലാം സൗജന്യം

makkani

തൃശൂർ: 'കഫേ മക്കാനി" യിലെത്തുന്ന സൈനികർക്കും ആരോഗ്യപ്രവർത്തകർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. പണം നൽകേണ്ട. പണം നൽകാനായി കൗണ്ടറിലെത്തിയാൽ ഉടമ അബ്ദുൾസലാം പറയും; 'ഇത് നിങ്ങളുടെ സേവനത്തിനുള്ള ആദരമാണ്". റെസ്‌റ്റോറന്റിലെ പ്രത്യേക മുറിയിൽ കൊണ്ടുപോയി പൊന്നാട അണിയിച്ച് ഉപഹാരവും നൽകിയാവും അവരെ യാത്രയാക്കുക. ചെറുതുരുത്തിക്കടുത്ത് വെട്ടിക്കാട്ടിരിയിലാണ് സ്ഥാപനം. ജവാന്മാർക്കായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചുള്ള ലഘുലേഖ കടയിലെത്തുന്നവർക്കെല്ലാം നൽകും. രാജ്യത്തോടും സൈനികരോടുമുള്ള സ്‌നേഹം വളർത്തുകയാണ് ലക്ഷ്യം.

ഫയർഫോഴ്‌സിനും പൊലീസിനുമുണ്ട് ഇതേ പരിഗണന. കാസർകോട് മുതൽ തിരുവനന്തപുരം വരെ വിമുക്തഭടന്മാർ നടത്തിയ അമർജവാൻ യാത്രയിലെ 200 അംഗങ്ങളെ സൽക്കരിക്കാനും കഫേ ഒരു ദിവസം മാറ്റിവച്ചു. സ്വാതന്ത്ര്യദിന പരിപാടി നടത്തി സൈനികരെ ആദരിക്കാറുമുണ്ട്. ഇതറിഞ്ഞെത്തുന്ന സൈനിക‌ർ ചിലപ്പോൾ തിരിച്ചും ഉപഹാരം നൽകും. അങ്ങനെയൊരു വിമുക്തഭടൻ നൽകിയ യൂണിഫോം കണ്ണാടിക്കൂട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഐ.ഡി കാർഡ് പ്രകാരമാണ് സൗജന്യം അനുവദിക്കുക.

വഴികാട്ടിയത് ലോക്ഡൗൺ

ലോക്ഡൗണിൽ ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ തുടങ്ങിയ ചായ, വെള്ളം വിതരണമാണ് ഇത്തരത്തിൽ മാറിയത്. ഇന്റീരിയർ ഡെക്കറേഷൻ ചെയ്തിരുന്ന അബ്ദുൾസലാം, സഹോദരൻ ഷാഹുൽഹമീദ് എന്നിവർക്ക് ലോക്ഡൗണിൽ ജോലിയില്ലാതായി. സുഹൃത്തായ റഫീക്കിനെക്കൂടി പാർട്ണർ ആക്കിയാണ് കട തുടങ്ങിയത്. ലോക്ഡൗൺ കഴിഞ്ഞപ്പോൾ പഴയ ജോലി തുടരാൻ തീരുമാനിച്ചെങ്കിലും പലരുടെയും നിർബന്ധത്തിന് വഴങ്ങി റെസ്‌റ്റോറന്റ് വിപുലപ്പെടുത്തുകയായിരുന്നു.

രാത്രി 10 വരെയാണ് തുടക്കത്തിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് രാപ്പകലാക്കി. ഇപ്പോൾ 14 പേർ ഷിഫ്റ്റിൽ ജോലിയെടുക്കുന്നു. മെഡിക്കൽ കോളേജ് റൂട്ട് ആയതിനാൽ ശരാശരി 30 ആംബുലൻസുകൾ ഇതുവഴി കടന്നുപോകും. ആയിരത്തോളം സൈനികർക്ക് ഇതുവരെയായി സേവനം നൽകിയിട്ടുണ്ടെന്ന് അബ്ദുൾ സലാം പറയുന്നു. ബിസിനസിലെ തുകയും ചിലരുടെ സംഭാവനകളുമാണ് ചെലവിനായി ഉപയോഗിക്കുന്നത്.

രാജ്യസ്‌നേഹത്തിന്റെ പശ്ചാത്തലം

പ്രാർത്ഥന കഴിഞ്ഞു മാത്രം അത്താഴം നൽകുന്ന കുടുംബത്തിലാണ് അബ്ദുൾസലാം വളർന്നത്. നേവിയിലുള്ള ജ്യേഷ്ഠൻ മുഹമ്മദലിയെപ്പോലെ എല്ലാ സൈനികർക്കായും പ്രാർത്ഥിക്കാൻ മുതിർന്നവർ നിഷ്‌കർഷിച്ചിരുന്നു.

നേവിയിലായിരുന്ന ജ്യേഷ്ഠൻ മുഹമ്മദലിയാണ് സൈനികരോടുള്ള ആരാധന വളർത്തിയത്. ദൈവത്തിന്റെ കൈയൊപ്പുള്ളവർക്കേ സൈനികരാകാൻ പറ്റൂ. രാജ്യരക്ഷകർക്കായി കഴിയുന്നതെല്ലാം ചെയ്യും.

-അബ്ദുൾ സലാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAFE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.