ശ്യം പുഷ്കരൻ തിരക്കിലാണ്. കുമ്പളങ്ങിക്കുശേഷം, പുര നിറഞ്ഞു നിൽക്കുന്ന തന്റെ ടീമിലെ അസോസിയേറ്റ് ഡയറക്ടർമാർക്കു വേണ്ടിയാണ് അടുത്ത എഴുത്തും. എന്നും എപ്പോഴും ലളിതമായ കഥ പറച്ചിലാണ് ശ്യാമിന്റെ പ്രത്യേകത.
'സങ്കീർണമായ കാര്യത്തെ ലളിതമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ഇതാണ് എന്റെ തിയറി. മഹേഷിന്റെ പ്രതികാരവും മായാനദിയും കുമ്പളങ്ങി നൈറ്റ്സും ഈ തിയറി വിശ്വസിച്ച് എഴുതിയതാണ്. സങ്കീർണ ഘടനയുള്ള സിനിമയുടെ എഴുത്ത് എന്നെ സംബന്ധിച്ച് അത്ര എളുപ്പമല്ല. എനിക്ക് വഴങ്ങുന്ന ശൈലിയിലാണ് ഇപ്പോഴത്തെ എഴുത്ത്. സങ്കീർണ ഘടനയുള്ള സിനിമകളുടെ എഴുത്ത് അടുത്ത വർഷം പ്രതീക്ഷിക്കാം. ഞാൻ വലിയ എഴുത്തുകാരനല്ല. സഹസംവിധായകനായാണ് സിനിമയിൽ വന്നത്. ആവശ്യംമൂലം തിരക്കഥാകൃത്തായി. ഗൗരവമായി സിനിമയെ കാണാനും പഠിക്കാനും തുടങ്ങിയിട്ട് രണ്ടുമൂന്ന് വർഷമേയായുള്ളു. റാണി പദ്മിനി മുതലാണ് തിരക്കഥ എഴുത്തിലെ സമയം തിരിച്ചറിഞ്ഞ് എഴുതി തുടങ്ങിയത്. എന്റെ ആദ്യ സിനിമകളും ഇപ്പോഴത്തെ സിനിമയും പരിശോധിച്ചാൽ ഇതു തിരിച്ചറിയാൻ കഴിയും. മായാനദി മുതലാണ് എന്നെ അംഗീകരിക്കുന്നതും തിരിച്ചറിയുന്നതും."
മഹേഷും സജിയും സാധാരണക്കാരാണ്. എന്റെ ജീവിതം ലളിതമല്ല. കൊച്ചിയിൽ താമസിക്കുന്ന ആഡംബര കാറിൽ സഞ്ചരിക്കുന്ന, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്ന ആളാണ് ഞാൻ. എന്റെ പെരുമാറ്റത്തിൽ ലാളിത്യമുണ്ടാവും. വിനയത്തോടെ എല്ലാവരോടും പെരുമാറണമെന്ന് അച്ഛനും അമ്മയും ചെറുപ്പത്തിൽ പഠിപ്പിച്ചിരുന്നു. അതു പെരുമാറ്റത്തിൽ ഉണ്ടെന്ന് തോന്നുന്നു.
തുറന്നു പറച്ചിൽ നല്ലതാണ്
എന്റെ കാര്യത്തിൽ ഇതുവരെ നടത്തിയ എല്ലാ തുറന്നുപറച്ചിലുകളും നല്ലതായിരുന്നെന്ന് വിശ്വസിക്കുന്നു. ആദ്യത്തെ ഒന്നുരണ്ടു ദിവസം ബുദ്ധിമുട്ട് ഉണ്ടാവാം. പക്ഷേ ആ ചർച്ചകൾ മനോഹരമാണ്. ഞാനത് ശ്രദ്ധിക്കാറുണ്ട്. കുമ്പളങ്ങി നൈറ്റ്സിനുശേഷം നടത്തിയ തുറന്നു പറച്ചിലുകൾ ശ്രദ്ധിക്കപ്പെട്ടെന്ന് തോന്നുന്നു. ഒാടുന്ന സിനിമയുടെ ഭാഗമായി നിൽക്കുമ്പോൾ നമ്മൾ പറയുന്നത് ചർച്ച ചെയ്യുന്നത് സ്വാഭാവികം. ഞാൻ ഒരു സാധാരണക്കാരനാണ്. കൂട്ടുകാരോട് പറയുന്നതുപോലെ സംസാരിക്കുന്നു. അത് പൊതു സമൂഹത്തിൽ പറയുമ്പോൾ ചർച്ച ചെയ്യപ്പെടുന്നു. ഇത്തരം തുറന്നു പറച്ചിൽ ചിലപ്പോൾ സിനിമയ്ക്ക് കൂടുതൽ പ്രചാരണം നൽകിയേക്കാം. എന്നാൽ ഞാൻ പറയുന്നതിന് സമൂഹം വലിയ വില കല്പിക്കുന്നുണ്ടെന്ന് കരുതുന്നില്ല. എല്ലാം പോസിറ്റീവായി കാണാനാണ് ഇഷ്ടം.
റിയലിസ്റ്റിക്കെന്നും ന്യു ജനറേഷനെന്നും
ഒരു മൂവ് മെന്റ് വരുമ്പോൾ അതിനു ചില പേരുകളുണ്ടാവും. മൂവ് മെന്റിന് സാക്ഷ്യമാവാനാണ് പേര് നൽകുന്നത്.അതാണ് റിയലിസ്റ്റിക്,ന്യൂ ജനറേഷൻ വിശേഷണം. ഒരു എഴുത്തുകാരൻ എന്ന നിലയിൽ നല്ല സിനിമയുടെ ഭാഗമാവാനാണ് ആഗ്രഹിക്കുന്നത്. റിയലിസ്റ്റിക്കെന്ന് കരുതുന്നവർക്ക് അങ്ങനെ വിശ്വസിക്കാം. നേരേ മറിച്ചും. ഈ വിശേഷണമൊന്നും നല്ല സിനിമ ഒരുക്കുന്നതിനെ ബാധിക്കുന്നില്ല. ഗൗരവമായി ഇതു സംബന്ധിച്ച് വിശകലനം നടത്തേണ്ട ആവശ്യമില്ലെന്ന് വിശ്വസിക്കുന്നു.
സൗഹൃദം തന്നെയാണ് ഊർജ്ജം
സിനിമയിൽ എല്ലാവരുടെയും ഊർജ്ജം സൗഹൃദം തന്നെ. ലാലേട്ടൻ-പ്രിയദർശൻ, നിവിൻ പോളി - അൽഫോൻസ് പുത്രൻ. ഒരേ ഗ്രൂപ്പായി വന്നവർ. കെ.ജി. ജോർജ് സാറും ഭരതൻ സാറും കാണുമ്പോൾ സിനിമകളെപ്പറ്റി സംസാരിച്ചു. ജോൺപോൾ സാറും ഡെന്നീസ് ജോസഫും കഥകളെപ്പറ്റി പരസ്പരം ചർച്ച ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്തുവന്നു. ആ പിന്തുണയെയാണ് സൗഹൃദം എന്ന് വിളിക്കുന്നത്. ഒരു വെള്ളിയാഴ്ച ദിവസം ഭാഗ്യം മാറി മറിഞ്ഞേക്കാം. വീണുപോവാതിരിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുന്നു.
ജീവിതങ്ങൾ കണ്ടെടുക്കുന്നത്
മഹേഷിനെയും സജിയെയും എനിക്ക് അറിയാം. എന്നാൽ സോൾട്ട് ആൻഡ് പെപ്പർ എഴുതുമ്പോൾ ആർക്കിയോളജിസ്റ്റിനെ അറിയില്ല. 22 ഫീമെയിൽ കോട്ടയം എഴുതുമ്പോൾ നഴ്സുമാരുടെ ജീവിതം കൃത്യമായി അറിയില്ല. ഇടുക്കി ഗോൾഡ് എഴുതുമ്പോൾ ആ നാട് എനിക്ക് പരിചിതമല്ല. എന്റെ നാടിനോട് ഏറെ ചേർന്നാണ് കുമ്പളങ്ങി. എന്റെ നാട്ടിലെ ഭാഷ തന്നെയാണ് അവിടെ. പരിചിത മേഖലയിൽനിന്ന് കഥ പറയാൻ സാധിച്ചത് കുമ്പളങ്ങി നൈറ്റ്സിലൂടെയാണ്.
ആ വാക്കുകൾക്ക് വിലയുണ്ട്
നല്ല ചിന്തകൾ കൊണ്ടുവരണമെന്ന് നിർദ്ദേശിച്ചത് ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ഗോപൻ ചിദംബരവുമാണ്.നമ്മുടെ സിനിമയിൽ എന്തുണ്ടാവണമെന്ന് അവർ സ്നേഹത്തോടെ ഉപദേശിക്കുന്നു. പറയുന്ന വാക്കിന് വിലയുള്ള നല്ല സുഹൃത്തുക്കൾ.അവരുടെ വാക്കിന് ഞാൻ വില കല്പിക്കുന്നു. നമ്മുടെ പോരായ്മ സുഹൃത്തുക്കൾക്ക് തിരിച്ചറിയാൻ കഴിയുന്നു.അവരുടെ ഉപദേശം സ്വീകരിച്ചാണ് മുന്നോട്ടു പോവുന്നത്. എന്റെ ജീവിതാംശം പല കഥാപാത്രങ്ങളിലുമുണ്ട്.മഹേഷിൽ ഞാനുണ്ട്. സജിയിലും ഷമ്മിയിലും ഞാൻ കുറച്ചുണ്ട്.ഷമ്മിയെ പോലെ വീട്ടിൽ എനിക്കും സ്വന്തം പാത്രമുണ്ട്. മാത്തനിലും ഞാനുണ്ട്. മാത്തനെ പോലെ തളരാത്ത കാമുകനാവണമെന്ന് ആഗ്രഹിക്കാറുണ്ട്.