കൊച്ചി: ലോകത്തെ പ്രശസ്ത അത്യാഡംബര യാത്രാ ഹെലികോപ്ടറായ എച്ച് 145 എയർബസ് ഹെലികോപ്ടർ സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി. അത്യാധുനിക സാങ്കേതിക മികവും സുരക്ഷാ സജ്ജീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ജർമനിയിലെ എയർബസ് കമ്പനിയിൽ നിന്നുള്ള ഹെലികോപ്ടർ കൊച്ചിയിലാണ് പറന്നിറങ്ങിയത്. ലോകത്ത് ഇത്തരം 1500 ഹെലികോപ്ടറുകൾ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്.
രണ്ട് ക്യാപ്ടൻമാർക്ക് പുറമെ ഏഴു യാത്രക്കാർക്ക് കയറാവുന്ന ഹെലികോപ്ടറിന് ഏകദേശം 246 കിലോമീറ്റർ വേഗത്തിൽ സമുദ്രനിരപ്പിൽ നിന്ന് 20000 അടി ഉയരത്തിൽ വരെ പറന്നുപൊങ്ങി സഞ്ചരിക്കാൻ കഴിയും. ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ചുമപ്പ് നിറത്തിൽ പച്ച കലർന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്.
2021 ഏപ്രിൽ 11 നായിരുന്നു ലേക്ക് ഷോർ ആശുപത്രി വഴി നാട്ടികയ്ക്ക് പോകുന്ന യാത്രാമദ്ധ്യേ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടർ കൊച്ചിയിൽ ചതുപ്പിൽ പതിച്ചത്. രണ്ട് പൈലറ്റുമാർക്ക് പുറമെ എം.എ.യൂസഫലിയും ഭാര്യയും അടക്കമുള്ളവർ അന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഇറ്റാലിയൻ നിർമ്മിത അഗസ്റ്റാ വെസ്റ്റ് ലാൻഡിന്റെ ഹെലികോപ്ടറായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |