SignIn
Kerala Kaumudi Online
Friday, 29 March 2024 8.57 PM IST

വിമാനത്താവള വികസനത്തിന് അവസരമൊരുക്കണം

photo

രാജ്യത്തെ ആദ്യ വിമാനത്താവളങ്ങളിലൊന്നായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്ഥലപരിമിതിയിൽ വീർട്ടുമുട്ടുകയാണ്. വിമാനത്താവള നടത്തിപ്പ് ലേലനടപടിയിലൂടെ അദാനിയുടെ കമ്പനി ഏറ്റെടുക്കുന്നതിനെതിരെ വലിയ പ്രക്ഷോഭം നടന്നിരുന്നു. ധാരാളം വ്യവഹാരങ്ങളുമുണ്ടായി. അതൊക്കെ അതിജീവിച്ചാണ് നടത്തിപ്പ് അദാനിയുടെ കൈകളിലെത്തിയത്. കാര്യങ്ങൾ നന്നായി പോകുന്നുണ്ടെന്ന് എതിർത്തിരുന്നവരും രഹസ്യമായി സമ്മതിക്കുന്നു. സംസ്ഥാനത്തെ മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്‌താൽ വികസനത്തിൽ തിരുവനന്തപുരം ഏറെ പിന്നിലാണ്. പ്രധാനപ്രശ്നം വേണ്ടത്രഭൂമി കിട്ടുന്നില്ലെന്നതുതന്നെ. അദാനി ഏറ്റെടുക്കുന്നതിനു മുൻപ് റൺവേ വികസനത്തിനും രണ്ടാം ടെർമിനൽ വലുതാക്കുന്നതിനുമായി 18 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നടപടി ആരംഭിച്ചതാണ്. വിജ്ഞാപനമിറക്കുകയും ഭൂമിവില നിശ്ചയിക്കലുമൊക്കെ നടന്നു. അപ്പോഴാണ് നടത്തിപ്പ് ലേലംചെയ്തു കൊടുക്കാനുള്ള കേന്ദ്രതീരുമാനമുണ്ടായത്. ലേലത്തിൽ തിരുവനന്തപുരം ഉൾപ്പെടെ അരഡസൻ വിമാനത്താവളങ്ങളുടെ അധികാരം അടുത്ത അൻപതു വർഷത്തേക്ക് അദാനിയുടെ കമ്പനിക്കായി. അതോടെ ഭൂമിയേറ്റെടുക്കാനുള്ള സർക്കാർ തീരുമാനവും കീഴ്‌മേൽ മറിഞ്ഞു. അദാനി കമ്പനിക്ക് ഒരിഞ്ചുഭൂമി ഏറ്റെടുത്തു നൽകില്ലെന്നായി സർക്കാർ നിലപാട്. വികസനത്തിന്റെ ഗുണഭോക്താക്കൾ ഇവിടത്തെ വിമാനയാത്രക്കാരാണെന്ന യാഥാർത്ഥ്യം സർക്കാർ മറന്നു.

അദാനി ഏറ്റെടുത്തശേഷം തിരുവനന്തപുരത്തുനിന്ന് കൂടുതൽ വിമാനസർവീസുകൾ ആരംഭിച്ചെന്നാണ് അറിയുന്നത്. പുതിയ സർവീസുകൾക്കായി യാത്രക്കാർ കാത്തിരിക്കുകയുമാണ്. വിമാനത്താവള വികസനം ഭൂമിയുമായി ബന്ധപ്പെട്ടതായതിനാൽ സർക്കാരിന്റെ കടാക്ഷമുണ്ടെങ്കിലേ സാദ്ധ്യമാകൂ. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം റൺവേ നീട്ടാനും മറ്റു സൗകര്യങ്ങളൊരുക്കാനുമായി 35 ഏക്കർ ഭൂമി ഏറ്റെടുത്തു നൽകണമെന്ന അഭ്യർത്ഥന അദാനി കമ്പനി സർക്കാർ മുമ്പാകെ വച്ചിരിക്കുകയാണ്. സർവ ചെലവുകളും കമ്പനിതന്നെ ഏറ്റുകൊള്ളാമെന്നും പറയുന്നു. ഭൂമി ഏറ്റെടുത്തു നൽകിയാൽ മാത്രം മതി. സ്ഥലവിലയും നഷ്ടപരിഹാരവും പുനരധിവാസവുമെല്ലാം കമ്പനി വഹിക്കുമെങ്കിൽ തീർച്ചയായും പരിഗണിക്കപ്പെടേണ്ടതാണ്. വിമാനത്താവളനടത്തിപ്പു ലേലത്തിലെ പരാജയം മനസിൽ കൊണ്ടുനടക്കുന്നതിൽ അർത്ഥമില്ല. ഇതു വ്യക്തികൾ തമ്മിലുള്ള ഇടപാടല്ലല്ലോ.

സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമാണ് തിരുവനന്തപുരത്തേത്. അതിന്റെ വികസനം ഇനിയെങ്കിലും ഉറപ്പാക്കാനുള്ള ചുമതല സംസ്ഥാന സർക്കാരിനുണ്ട്. എല്ലാ ചെലവുകളും ഏറ്റുകൊള്ളാമെന്ന ഉറപ്പുമായി ഒരുകൂട്ടർ മുന്നോട്ടുവരുമ്പോൾ അവർക്കു വേണ്ട ഒത്താശകൾ ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ എല്ലാറ്റിനും കൂടി അഞ്ഞൂറുകോടി രൂപ മുടക്കാമെന്ന വാഗ്ദാനമാണ് അദാനിയുടേത്.

തിരുവനന്തപുരത്തുനിന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും നേരിട്ടുള്ള വിമാനസർവീസ് ഇപ്പോഴുമില്ലാത്തത് വ്യവസായികളും വാണിജ്യ പ്രമുഖരുമൊക്കെ നിരന്തരം ചൂണ്ടിക്കാണിക്കുന്ന പോരായ്മയാണ്. ഇതിന്റെപേരിൽ മാത്രം ഇങ്ങോട്ടുവരാൻ മടിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ ഐ.ടി പാർക്കായ ടെക്നോപാർക്കിൽ ഇപ്പോഴത്തെക്കാളധികം വിദേശ സ്ഥാപനങ്ങൾ വരേണ്ടതായിരുന്നു. അതുപോലെ പ്രമുഖ വാഹന നിർമ്മാതാക്കൾ ഉൾപ്പെടെ പലരും തിരുവനന്തപുരത്തു വരാൻ മടിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് വിമാനസർവീസുകളുടെ കുറവാണ്.

മെട്രോ നഗരങ്ങളിലേക്കു മാത്രം വിമാനം പറപ്പിച്ചതുകൊണ്ടായില്ല. വ്യവസായ - വാണിജ്യപ്രധാനമായ അനവധി രണ്ടാംനിര നഗരങ്ങൾ രാജ്യത്തുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അനേകം മലയാളി വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. വിമാനയാത്ര ആഡംബരമല്ലാത്തതായി മാറിയ ഇക്കാലത്ത് പ്രധാന നഗരങ്ങളിലേക്കെങ്കിലും നേരിട്ടുള്ള വിമാനസർവീസ് ആവശ്യമാണ്. സർവീസുകൾ കൂടണമെങ്കിൽ വിമാനത്താവളത്തിന്റെ വികസനവും അനിവാര്യമാണ്. എല്ലാം സർക്കാർ നേരിട്ടു നടത്തിയാലേ കാര്യങ്ങൾ നേരെയാവൂ എന്ന ധാരണ തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോകമൊട്ടാകെ ഗതാഗതമേഖല ഇന്ന് സ്വകാര്യരംഗത്തിന്റെ കൈകളിലാണ്. നന്നായി നടത്താനറിയാവുന്നവർ വളരും. അല്ലാത്തവർ പരാജയപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRIVANDRUM AIRPORT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.