SignIn
Kerala Kaumudi Online
Thursday, 25 April 2024 10.23 PM IST

യുവതയെ കീഴടക്കി ന്യൂജൻ ലഹരി

drug

വൻ നഗരങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളുടെ കൈവശവും നിശാക്ലബ്ബുകളിലും മാത്രം രഹസ്യമായി വിതരണം ചെയ്തിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ പോലുള്ള രാസലഹരി വസ്തുക്കൾ ജില്ലയിൽ വ്യാപകമാകുന്നതിന്റെ ഞെട്ടലിലാണ് എക്സൈസും പൊലീസും. ഇടുക്കി എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ എം.ജെ. ഷാനവാസും വിദ്യാർത്ഥികൾക്ക് എം.ഡി.എം.എ വിൽക്കുന്നതിനിടയിൽ തൊടുപുഴ സ്വദേശികളായ അക്ഷയ, യൂനുസ് എന്നിവരും പിടിയിലായതാണ് ഒടുവിലത്തെ സംഭവം.

നാട്ടിൻപുറങ്ങളിലെ കഞ്ചാവ്, ഹാഷിഷ് ഓയിൽ കടത്തുസംഘങ്ങളെ വരുതിയിലാക്കാനിറങ്ങിയ എക്‌സൈസ് സംഘങ്ങൾക്കും പൊലീസിന്റെ ലഹരിവിരുദ്ധ സേനാംഗങ്ങൾക്കും പൊലീസുകാർക്കിടയിൽ പോലും ലഹരിമരുന്ന് ഉപയോഗം നടക്കുന്നു എന്ന വിവരം തലവേദനയായി മാറിയിട്ടുണ്ട്. സംസ്ഥാനത്ത് പിടിയിലാകുന്ന കാരിയർമാരിൽ പലരും തൊടുപുഴക്കാരാണെന്നത് വളരെ ഗൗരവകരമായ കാര്യമാണ്. കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരിയിലും ആലുവയിലും തൊടുപുഴ സ്വദേശികൾ എം.ഡി.എം.എയുമായി അറസ്റ്റിലായിരുന്നു. വാഹകരെയും ചില്ലറ കച്ചവടക്കാരെയും പിടികൂടുന്നതല്ലാതെ ഉറവിടം കണ്ടെത്താൻ എക്‌സൈസിനോ പൊലീസിനോ കഴിയുന്നില്ല. ആദ്യ ഘട്ടം കഴിയുമ്പോൾ അന്വേഷണം നിലയ്ക്കുന്നത് പതിവ് സംഭവമാണ്. പിടിയിലായ വാഹകർ ജാമ്യത്തിലിറങ്ങി ഇതേ തൊഴിൽ തുടരുകയും ചെയ്യും.

കഞ്ചാവ് വ്യാപാരം നടത്തി ടൂറിസ്റ്റ് ബസ് വ്യൂഹം സ്വന്തമാക്കിയവർ പോലുമുണ്ട്. ഇവരൊക്കെ ചെറിയ അളവ് കഞ്ചാവുമായി പിടിയിലാകുമെങ്കിലും ചുരുങ്ങിയ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങും. മയക്കുമരുന്നിന്റെ കണ്ണികൾ നീളുന്നത് അദൃശ്യ ശക്തികളിലേക്കാണെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. ബൈപാസ് റോഡുകളും ആളൊഴിഞ്ഞ ഇടങ്ങളുമാണ് മയക്കുമരുന്നു മാഫിയയുടെ വിഹാര കേന്ദ്രങ്ങൾ. പൊലീസിന്റെ നിരീക്ഷണം കാര്യമായി എത്താത്ത മേഖലകളിലാണ് ഇവരുടെ ഇടപാടുകൾ ഏറെയും. വിദ്യാർത്ഥികൾക്ക് പുറമേ ഇതര സംസ്ഥാന തൊഴിലാളികളും വൻ തോതിൽ മയക്കുമരുന്നിന്റെ ഉപഭോക്താക്കളാണ്. ഒരു കിലോയിൽ താഴെ കഞ്ചാവ് കൈവശംവച്ചതിന് പിടിക്കപ്പെട്ടാൽ സ്റ്റേഷൻ ജാമ്യം ലഭിക്കും. ഇത് മുതലാക്കി ചെറിയ അളവുകളിലാകും വിൽപ്പനക്കാർ കഞ്ചാവ് കൈവശം വയ്ക്കുക. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കിലും ഭൂരിഭാഗം പ്രതികളും തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടുന്നതാണ് പതിവ്. കഞ്ചാവ് പോലുള്ള നാച്ചുറൽ ലഹരികളിൽ നിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗം കൂടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പും പോലുള്ളവയാണ് സിന്തറ്റിക് ലഹരികൾ. ഇവയ്ക്ക് വില കൂടുതലാണെങ്കിലും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണെന്നതും മണിക്കൂറുളോളം ലഹരി നിൽക്കുമെന്നതുമാണ് ലഹരി ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന ഘടകം. എം.ഡി.എം.എ കൈവശം വെച്ചതിന് തൊടുപുഴയിൽ പിടിയിലായ പൊലീസുകാരന്റെ ഇടപെടൽമൂലം കഞ്ചാവ് സംഘങ്ങളെ കുടുക്കാനുള്ള നീക്കം ഒരിക്കൽ പാളിയതായി പൊലീസിൽ സംസാരമുണ്ട്. ഡാൻസാഫ്‌ പോലെയുള്ള മയക്കുമരുന്ന് വിരുദ്ധ സേനകളിലെ പൊലീസുകാർക്ക് പലപ്പോഴും മയക്കുമരുന്ന് സംഘങ്ങളുടെ ഭീഷണിയും നേരിടേണ്ടിവരുന്നുണ്ട്.

എം.ഡി.എം.എ എന്ന

കാളകൂട വിഷം

പാർട്ടി ഡ്രഗ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന മെത്തലിൻ ഡയോക്‌സി മെത് ആംഫ‌്‌റ്റമൈൻ എന്ന സിന്തറ്റിക് രാസവസ്തുവാണ് എം.ഡി.എം.എ. 'മോളി' എന്നൊരു വിളിപ്പേരുമുണ്ട്. കൃത്രിമമായി നിർമിച്ചെടുക്കുന്നു എന്ന പ്രത്യേകതയാണ് എം.ഡി.എം.എയ്ക്കുള്ളത്. എക്സ്റ്റസി എന്നാണ് പലപ്പോഴും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ ഇതിനെ വിശേഷിപ്പിക്കാറുള്ളത്. . വളരെ ചെറിയ അളവിൽ ഉപയോഗിച്ചാൽ തന്നെ കൂടുതൽ സമയം നീണ്ടു നിൽക്കുന്ന ലഹരി ലഭിക്കുമെന്നതിനാൽ നിശാപാർട്ടികളിലെ സജീവ സാന്നിദ്ധ്യമാണ്. മറ്റ് മയക്കുമരുന്നുകളിൽ നിന്ന് വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന ഉന്മാദാവസ്ഥയാണ് മയക്കുമരുന്നുകൾക്ക് അടിമപ്പെട്ടവരെ എം.ഡി.എം.എ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു തവണ ഉപയോഗിച്ചാൽ തന്നെ അടിമപ്പെടും. ഉപയോഗിക്കുന്ന വ്യക്തിയുടെ വിശപ്പ് കെട്ടുപോകും. ഹൃദയമിടിപ്പ് കൂടുകയും രക്തസമർദ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുകയും ചെയ്യും. ഉപയോഗം തുടങ്ങി കുറഞ്ഞ കാലയളവിൽ തന്നെ വ്യക്തിയുടെ ആരോഗ്യം ക്ഷയിക്കുകയോ മരണപ്പെടുകയോ ചെയ്യാം. ഒന്നോ രണ്ടോ തവണയിലെ ഉപയോഗം കൊണ്ടുതന്നെ മാരകമായ ആസക്തി ഉണ്ടാക്കുന്നതിനാൽ എം.ഡി.എം.എ ഉപയോഗിച്ചു തുടങ്ങുന്ന യുവാക്കൾ വളരെ എളുപ്പം അതിന് അടിമയാകുകയും പിന്നീട് സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന ഒരു മാനസികാവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യും. അര ഗ്രാം എം.ഡി.എം.എ 5,000 മുതൽ 6000 രൂപ നിരക്കിലാണ് ചില്ലറ വിൽപ്പന നടത്തുന്നത്. എം.ഡി.എം.എ വാങ്ങാൻ പണത്തിനായി ഇതിന് അടിമകളായവർ എന്തു മാർഗ്ഗവും സ്വീകരിക്കും. ഇത് യുവാക്കളെ ക്രിമിനൽ പ്രവണതകളിലേക്ക് നയിക്കും. പ്രത്യേകിച്ച് മണമോ മറ്റോ ഇല്ലാത്തതിനാൽ വീട്ടുകാർക്ക് അവരുടെ മക്കൾ ലഹരി ഉപയോഗിച്ചത് തിരിച്ചറിയാനും ആദ്യമൊന്നും കഴിയില്ല.

കോ‌ഡ് ഭാഷ

കോഡുഭാഷകൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് വിതരണക്കാർ ഇടപാടുകൾ നടത്തുന്നത്. വർഷങ്ങളായി അന്താരാഷ്ട്ര സംഘങ്ങൾ ഉപയോഗിച്ചിരുന്ന കോഡുഭാഷകൾ അന്വേഷണ ഏജൻസികൾക്ക് പരിചിതമായതോടെ പുതിയ കോഡ് ഭാഷകൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് സംഘങ്ങൾ ഇടപാടുകൾ നടത്തുന്നത്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങൾ കല്ല്, പവർ, എന്നീ കോഡുകൾ ഉപയോഗിച്ചാണ് എം.ഡി.എം.എ കൈമാറുന്നതെന്ന് പൊലീസ് പറയുന്നു. കഞ്ചാവിന് 'മരുന്ന് ' എന്ന വിളിപ്പേരും ഇടപാടുകാർ ഉപയോഗിച്ചിരുന്നു. വിദ്യാർത്ഥികളെയും ബംഗളൂരുവിൽ നിന്ന് ജോലി ചെയ്ത് മടങ്ങുന്നവരെയും മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കാറുണ്ട്. മയക്കുമരുന്ന് വിൽപ്പനയോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ സാധാരണയായി പൊലീസിനോ എക്‌സൈസിനോ വിവരങ്ങൾ നൽകാറില്ല. വിവരം നൽകിയവരെക്കുറിച്ച് സ്റ്റേഷനുകളിൽ നിന്ന് മയക്കുമരുന്ന് സംഘങ്ങൾ അറിഞ്ഞേക്കാം എന്ന ഭീതിയാണ് കാരണം. എന്നാൽ, എക്‌സൈസിന്റെ ഉന്നത ഉദ്യോഗസ്ഥർക്കും ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിരുദ്ധ സംഘത്തിനും ഡാൻസാഫിനും പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാം. വിവരങ്ങൾ കൈമാറുന്നവരുടെ വ്യക്തിഗതവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഡാൻസാഫ് അംഗങ്ങളും എക്‌സൈസും പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEW GENERATION DRUGS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.